തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബി.ജെ.പി. മാത്രമായി മാറിക്കഴിഞ്ഞുവെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കുക എന്ന ജോലിയാണ് കേരള നിയമസഭയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ്. അവിടെ ബി.ജെ.പിയെ തോല്‍പ്പിച്ചത് ആരാണ് എന്നു ചര്‍ച്ച ചെയ്ത് സമയം കളയുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണ്,’ മുരളീധരന്‍ പറഞ്ഞു.
കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടുവന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസാക്കുന്നു,’ മുരളീധരന്‍ പറഞ്ഞു.