| Saturday, 28th January 2023, 8:35 pm

ഭാരതീയരെപ്പോലെ സഹിഷ്ണതയുള്ള മറ്റൊരു രാജ്യമുണ്ടോ? അതിന് കാരണം സനാതന ധര്‍മം: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തരപുരം: കേരളത്തിലെ എത്രയോ ക്രൈസ്തവ ദേവാലയങ്ങള്‍ സനാതന ധര്‍മികളായ രാജാക്കന്മാര്‍ പണിതതാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. സനാധനധര്‍മം പിറന്ന ഇന്ത്യാരാജ്യം മറ്റ് രാജ്യങ്ങളുടെ പരാമാധികാരത്തില്‍ കയറിച്ചെന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുജറാത്തിലെ ഹിന്ദു സമൂഹത്തെ അസഹിഷ്ണുക്കളാക്കാന്‍ ഒരു വിദേശ മാധ്യമം ശ്രമിക്കുന്നുണ്ട്. അത് ഇവിടെ ചിലര്‍ ഏറ്റുപിടിക്കുന്നു. കേരളത്തിലെ എത്രയോ ക്രൈസ്തവ ദേവാലയങ്ങള്‍ സനാധനധര്‍മികളായ രാജാക്കന്‍മാര്‍ പണിതതാണ്. സര്‍വധര്‍മ സമഭാവനയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. കാലാകാലങ്ങളില്‍ അഭയം തേടിവന്നവരെ ഭാരതം സ്വീകരിച്ചിട്ടുണ്ട്.

ഇന്നും പരിമിതികള്‍ക്കിടയിലും അയല്‍ രാജ്യങ്ങളിലെ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമടക്കമുള്ളവരെ ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാകുകയാണ്. അതാണ് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം,’ വി. മുരളീധരന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഹിന്ദു സമൂഹം അക്രമണങ്ങളില്‍ നിന്ന് രക്ഷവേണം എന്ന് ആവശ്യപ്പെടുമ്പോള്‍ അത് ആരും ഡോക്യുമെന്ററിയാക്കുന്നില്ലെന്നും ഭാരതീയരെ പോലെ സഹിഷ്ണയുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെയുണ്ടാകില്ലെന്നും മുരളീധന്‍ പറഞ്ഞു.

‘ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം ഞാന്‍ ഒരു വാര്‍ത്ത വായിച്ചു. അവിടുത്തെ 150 ഹിന്ദു സംഘടകള്‍ ഒപ്പിട്ട ഒരു കത്ത് കഴിഞ്ഞ ഒക്ടോബറില്‍ ബ്രട്ടീഷ് പ്രധാമന്ത്രിക്ക് നല്‍കിയിരുന്നു. ഭയം കൂടാതെ ബ്രിട്ടണില്‍ താമസിക്കാനുള്ള സാഹചര്യ സൃഷ്ടിക്കണം, വിദ്വേഷ അക്രമണങ്ങളില്‍ നിന്ന് രക്ഷവേണം എന്നൊക്കെയായിരുന്നു ആ കത്തില്‍ പറഞ്ഞിരുന്നത്. അതേക്കുറിച്ച് ആരും ഡോക്യുമെന്ററി എടുത്തിട്ടില്ല

ലോകമേ തറവാട് എന്നാണ് നമ്മള്‍ പറഞ്ഞിട്ടുള്ളത്. ഭാരതീയരെ പോലെ ഇത്രയും സഹിഷ്ണയുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെയുണ്ടാകില്ല. അതുകൊണ്ട് ഞാന്‍ അഭിമാനത്തോടെ പറയും. ഞാന്‍ ഒരു ഹിന്ദുവാണ്,’ മരളീധരന്‍ പറഞ്ഞു.

Content Highlight: V. Muralidharan asks is there any other country as tolerant as Indians

We use cookies to give you the best possible experience. Learn more