തിരുവനന്തരപുരം: കേരളത്തിലെ എത്രയോ ക്രൈസ്തവ ദേവാലയങ്ങള്‍ സനാതന ധര്‍മികളായ രാജാക്കന്മാര്‍ പണിതതാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. സനാധനധര്‍മം പിറന്ന ഇന്ത്യാരാജ്യം മറ്റ് രാജ്യങ്ങളുടെ പരാമാധികാരത്തില്‍ കയറിച്ചെന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുജറാത്തിലെ ഹിന്ദു സമൂഹത്തെ അസഹിഷ്ണുക്കളാക്കാന്‍ ഒരു വിദേശ മാധ്യമം ശ്രമിക്കുന്നുണ്ട്. അത് ഇവിടെ ചിലര്‍ ഏറ്റുപിടിക്കുന്നു. കേരളത്തിലെ എത്രയോ ക്രൈസ്തവ ദേവാലയങ്ങള്‍ സനാധനധര്‍മികളായ രാജാക്കന്‍മാര്‍ പണിതതാണ്. സര്‍വധര്‍മ സമഭാവനയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. കാലാകാലങ്ങളില്‍ അഭയം തേടിവന്നവരെ ഭാരതം സ്വീകരിച്ചിട്ടുണ്ട്.
ഇന്നും പരിമിതികള്‍ക്കിടയിലും അയല്‍ രാജ്യങ്ങളിലെ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമടക്കമുള്ളവരെ ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാകുകയാണ്. അതാണ് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം,’ വി. മുരളീധരന്‍ പറഞ്ഞു.