| Saturday, 15th February 2020, 9:55 am

ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രക്കെതിരെ വി.മുരളീധരന്‍; സി.എ.ജി റിപ്പോര്‍ട്ടില്‍ കേന്ദ്രം ഇടപെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. അദ്ദേഹത്തിന്റെ ലണ്ടന്‍ യാത്രക്ക് സ്വകാര്യകമ്പനിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സി.എ.ജി കണ്ടെത്തലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും ഉചിതമായ സമയത്ത് ഇടപെടലുകള്‍ ഉണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡി.ജി.പി ലണ്ടനിലേക്ക് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ബെഹ്‌റ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്നാഥ് ബെഹ്റ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം സി.എ.ജി റിപ്പോര്‍ട്ടില്‍ ഉണ്ട്. ആ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിദേശയാത്ര വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത്.

എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രകാരം ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല.

183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more