| Saturday, 11th September 2021, 2:14 pm

നാര്‍ക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്; കേരളത്തിലെ ഹിന്ദു സമൂഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ടെന്ന് വി.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല, കേരളത്തിലെ ഹിന്ദു സമൂഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ടെന്നും പറഞ്ഞു.

സ്വന്തം സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. അതൊരു വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണം.

പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്പോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ ആളുകളും ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്ന് തനിക്ക് അഭിപ്രായമില്ല. പക്ഷെ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്ന ചില ആളുകളുണ്ട് എന്നതും വസ്തുതയാണ്. ജിഹാദികള്‍ നടത്തുന്ന കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തോമസ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്നും ഇനി അത് നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ഐ.എസ് സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെക്കാള്‍ ആധികാരികമായി ആരാണ് കേരളത്തിലെ തീവ്രവാദത്തെക്കുറിച്ച് പറയേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു.

അമുസ്‌ലിങ്ങളെ മുഴുവന്‍ നശിപ്പിക്കണമെന്ന ആശയം ഐ.എസിന്റേതാണ്. ഐ.എസിന്റെ ആശയം പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ആളുകള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന മതപുരോഹിതനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകള്‍, അമുസ്‌ലിങ്ങളെ ഇല്ലാതാക്കണമെന്ന ഐ.എസിന്റെ ആശയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ എതിര്‍പ്പുയര്‍ത്തിയിട്ടുള്ള കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും നേതാക്കള്‍ ഐ.എസ് വക്താക്കളാണോ എന്ന് സ്വയം വ്യക്തമാക്കണം.

നാര്‍ക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. ഐ.എസ് അടക്കമുള്ള പല തീവ്രവാദ സംഘടകളുടെയും പ്രധാന വരുമാന മാര്‍ഗം ലഹരിക്കടത്താണെന്ന് ലോകത്തിലെ പല അന്വേഷണ ഏജന്‍സികളും പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലഹരിക്കടത്ത് വര്‍ധിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം പാര്‍ട്ടിയാണ് തങ്ങളെന്നാണല്ലോ കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ലവ് ജിഹാദ് വിഷയത്തില്‍ മുമ്പ് തുറന്നു പറഞ്ഞ ജോസ് കെ. മാണി, പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വിശദീകരണവുമായി പാലാ രൂപത രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ് നല്‍കിയതെന്നും ബിഷപ്പിന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നുമായിരുന്നു പാലാ രൂപത പറഞ്ഞത്.

ആരെയും വേദനിപ്പിക്കാന്‍ ബിഷപ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാലാ രൂപത ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V Muraleedharan Support Pala Bishop Natcotic Jihad Statement

We use cookies to give you the best possible experience. Learn more