ഭീകരവാദികളുടെ പക്ഷത്താണ് എന്ന് പറഞ്ഞാല്‍ പത്ത് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് കേരള സ്‌റ്റോറി വിവാദമാക്കുന്നത്: വി. മുരളീധരന്‍
Kerala
ഭീകരവാദികളുടെ പക്ഷത്താണ് എന്ന് പറഞ്ഞാല്‍ പത്ത് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് കേരള സ്‌റ്റോറി വിവാദമാക്കുന്നത്: വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 12:46 pm

തിരുവനന്തപുരം: കേരളത്തിനെതിരായ പ്രൊപ്പഗണ്ട ചിത്രമായ ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കേരള സ്‌റ്റോറിയുടെ സംപ്രേക്ഷണത്തെ പിന്തുണച്ചും ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചും രംഗത്തെത്തുകയാണ് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ഭീകരവാദികളുടെ പക്ഷത്താണെന്ന് പ്രഖ്യാപിച്ചാല്‍ പത്ത് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും കേരള സ്‌റ്റോറി വിവാദമാക്കുന്നതെന്നും ഭീകരവാദികളോടുള്ള മൃദുസമീപനം ഇവര്‍ നേരത്തേയും പ്രകടിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

കോടതിയും സെന്‍സര്‍ ബോര്‍ഡും തടയാത്തത് ഇത്തരത്തില്‍ ബഹളമുണ്ടാക്കി തടയാമെന്നാണോ ഇവര്‍ കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

‘ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, ആ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കണം എന്ന് പറയുന്ന ആളുകള്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. അവര്‍ ഇത്രയും കാലം പറഞ്ഞുനടന്നിരുന്ന ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളോട് വാസ്തവത്തില്‍ അവര്‍ക്ക് താത്പര്യവും വിശ്വാസവും ഇല്ല എന്നാണ് ഈ സംഭവത്തോടെ തെളിയുന്നത്.

അവര്‍ക്ക് രുചികരമായിട്ടുള്ളത് മാത്രം പ്രക്ഷേപണം ചെയ്താല്‍ മതിയെന്നുള്ളത് പഴയ കമ്യൂണിസ്റ്റ് ചൈനയിലേയും പഴയ കമ്യൂണിസ്റ്റ് റഷ്യയിലേയും സംവിധാനമാണ്. ആ സംവിധാനം കേരളത്തില്‍ നടപ്പിലാക്കണമെന്നാണ് അവര്‍ വിചാരിക്കുന്നത്. കമ്യൂണിസ്റ്റ് കേരളമല്ല ഇത്. ജനാധിപത്യ കേരളമാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച സ്ഥലമാണ് എന്നെങ്കിലും മനസിലാക്കണം.

കേരള സ്‌റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ കലാകാരന്റെ അഭിപ്രായത്തില്‍ പെടുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയമങ്ങള്‍ക്കെതിരാണെങ്കില്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡും കോടതിയുമുണ്ട്. അവര്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ അതിനെതിരെ തടസ്സമുന്നയിക്കുന്നത് എന്തിനാണ്. കോടതിയില്‍ തടയാന് കഴിയാത്തത് ബഹളമുണ്ടാക്കി തടയാന്‍ കഴിയുമോ?

ഭീകരവാദികളോടുള്ള ഇവരുടെ മൃദുസമീപനം ഇവര്‍ നേരത്തേ പ്രകടിപ്പിച്ചിട്ടുള്ളതാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും. ഭീകരവാദികളുടെ പക്ഷത്താണ് ഞങ്ങള്‍ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ പത്ത് വോട്ട് അധികം കിട്ടുമോ എന്നുള്ളതായിരിക്കും ഇതിന് പിന്നിലുള്ള കാരണം,’ മുരളീധരന്‍ പറഞ്ഞു.

കേരള സ്റ്റോറി സിനിമ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സിനിമ കേരളത്തെ അപഹസിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് കേരള സ്റ്റോറിയെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സിനിമ ഇന്ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാനിരിക്കെയാണ് പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത്.

Content Highlight: V Muraleedharan Support Kerala story streaming on doordarshan