| Friday, 17th June 2022, 12:32 pm

അഗ്നിപഥ് വിവാദം; പ്രതിഷേധിക്കുന്നത് യുവാക്കള്‍ക്കിടയില്‍ കടന്നുകൂടിയ സാമൂഹ്യ വിരുദ്ധര്‍: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍.

യുവാക്കള്‍ക്ക് ഇടയില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നു കൂടിയതിനാലാണ് അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

റിക്രൂട്ട്‌മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടക്കൂ എന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്നും അദ്ദേഹം പ്രതികരിച്ചു.

പുറത്തു വരുന്ന മൊഴികള്‍ പ്രകാരം ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയ സംഘമാണെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകള്‍ ഉണ്ടെന്നും അവിടെയൊന്നും മന്ത്രിമാര്‍ ഇങ്ങനെ ഇടപെടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘എന്തിനാണ് ഒരു ഭരണ തലവനും, മന്ത്രിമാരും ഈ തരത്തില്‍ ബന്ധം പുലര്‍ത്തിയത്? പുറത്തുവന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. സ്വപ്നയുടെ മൊഴികളില്‍ സംശയം ആണെങ്കില്‍ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.ഡി ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന ഒരു അന്വേഷണത്തില്‍ സംശയമില്ലെന്നും ലൈഫ് മിഷന്‍ സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും വി. മുരളീധരന്‍ ആരോപിച്ചു.

അതേസമയം അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്‌നിപഥ് പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

ബീഹാര്‍, യു.പി ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക. ബിഹാറില്‍ മാത്രം ഇന്നലെ 10 ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: V Muraleedharan saysThe allegations made by Swapna Suresh in the gold smuggling case are serious

We use cookies to give you the best possible experience. Learn more