കോഴിക്കോട്: രാജ്യത്ത് ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോഴിക്കോട് എന്‍.ഐ.ടിയും മഹാത്മാഗാന്ധി കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും തമ്മില്‍ നടത്തിയ ധാരണാ പത്ര കൈമാറ്റ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മാധ്യമപ്രവര്‍ത്തനം പി.ആര്‍ പ്രവര്‍ത്തനമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബി.ബി.സിയെ വിമര്‍ശിച്ച് വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ബി.ബി.സിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ചാനലിന്റെ ലക്ഷ്യം മറ്റൊന്നാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച, രാജ്യം മറക്കാന്‍ ശ്രമിക്കുന്ന കാര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതിലൂടെ ചെയ്തത്.
20 കൊല്ലമായിട്ടും ഗുജറാത്തില്‍ ഒരു കലാപവും നടന്നിട്ടില്ലെന്നും എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ ഇപ്പോഴും അത്തരം പരാമര്‍ശങ്ങള്‍ കൊണ്ടാണ് അടയാളപ്പെടുത്തുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടന്ന ചടങ്ങില്‍ സി.പി.ഐ.എമ്മിനേയും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കള്‍ക്ക് എതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളെ ചെറുക്കാനാണ് എം.പി ഗോവിന്ദന്‍ പ്രതിരോധ യാത്രയിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു മുരളീധരന്റെ ആരോപണം.
ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആറുമാസം കൂടുമ്പോള്‍ ഓഡിറ്റ് നടത്തണമെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
അപേക്ഷകളുടെ ആധികാരികത പരിശോധിക്കാന്‍ കലക്ടറേറ്റുകളില്‍ പ്രത്യേക സംഘം വേണമെന്നും ആവശ്യപ്പെടുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചിട്ടുണ്ട്.
Content Highlight: V muraleedharan says India must have responsible journalism