കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് സംസ്ഥാന സര്‍ക്കാരും പൊലീസും ഒത്താശ ചെയ്‌തെന്ന വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഹര്‍ത്താലിനെതിരെ പൊലീസ് ഒന്നും ചെയ്തില്ല. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. പൊലീസ് നോക്കുകുത്തിയായെന്നും വി. മുരളീധരന്‍ പറഞ്ഞു.
എന്‍.ഐ.എ റെയ്ഡില്‍ പ്രതിഷേധിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്.
‘ഇന്നലെ അക്രമം നടക്കുമ്പോള്‍ നീറോ ചക്രവര്‍ത്തിയെ പോലെയായിരുന്നു മുഖ്യമന്ത്രി പെരുമാറിയത്. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കൊച്ചിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു. അക്രമങ്ങള്‍ തടയാതെ പൊലീസ് മേധാവിയും കൊക്കൂണ്‍ സമ്മേളനം ആസ്വദിക്കുകയായിരുന്നു.
രാഹുല്‍ ചാലക്കുടിയില്‍ കണ്ടെയ്നറില്‍ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് പ്രതികരിച്ചില്ല? കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ശബ്ദിച്ചില്ല’, വി. മുരളീധരന്‍ പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. ഇസ്‌ലാമിക ഭീകരവാദം വളര്‍ത്തുന്നവരുടെ അക്രമം തടയാന്‍ പൊലീസ് ഒന്നും ചെയ്തില്ല. വിദ്വേഷ പ്രകടനം നടത്തിയവര്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം കൊടുത്തത് സര്‍ക്കാരാണ്. അക്രമത്തിനെതിരെ ബി.ജെ.പി രംഗത്തുവരുമെന്നും വി. മുരളീധരന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നടന്ന പി.എഫ്.ഐ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്നും, പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാപക ആക്രമണമാണ് കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നടന്നത്.
പലയിടത്തും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.
ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സി.പി.ഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്രോളിങ്ങിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.
സംസ്ഥാനത്ത് മൂന്നിടത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Content Highlight: V. Muraleedharan says congress and cpim together supports the growth of islamic terrorism in kerala