തിരുവനന്തപുരം: പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കെ റെയില്‍ പദ്ധതിയുടെ അപ്രായോഗികതയാണ് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.
നോട്ടീസ് കൊടുക്കാതെ കല്ലിടുന്നത് എന്തിനാണ്, ഇത് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പേടിയാണെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍വേ നിര്‍ത്തുന്നതില്‍ കാര്യമില്ല, സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദല്‍ഹി യാത്രകൊണ്ടോ മുഖ്യമന്ത്രിയെ കണ്ടതുകൊണ്ടോ പ്രത്യേകിച്ച് കേന്ദ്രത്തിന്റെ ഒരു ഉറപ്പ് ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ജനങ്ങള്‍ക്കെതിരായി സില്‍വര്‍ ലൈനിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തുടരാനും ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം തകര്‍ക്കാതിരിക്കാനും മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന മാത്രമാണിതെന്നും മുരളീധരന്‍ പറഞ്ഞു.
കെ റെയില്‍ ഉപേക്ഷിക്കാന്‍ ദുരഭിമാനം കളഞ്ഞ് മുഖ്യമന്ത്രി രംഗത്തുവരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. അടിയന്തരമായി കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടി നിര്‍ത്തിവെക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കെ റെയില്‍ ഉപേക്ഷിച്ച് റെയില്‍വേയെ കൂടുതല്‍ ശക്തിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിന്റെ ചിലവിനെ സംബന്ധിച്ച ധാരണകളും പ്രധാനപ്പെട്ടതാണെന്നാണ് റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്. അത് തന്നെയാണ് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഈ പോക്കുപോയാല്‍ ശ്രീലങ്കയുടെ അതേ ഗതി കേരളത്തിലുണ്ടാകും. ശ്രീലങ്ക ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ കേരളത്തിനുണ്ടാകാതിരിക്കാന്‍ വലിയ പണച്ചെലവുള്ള ഈ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ റെയില്‍ സംസ്ഥാനത്തെ തകര്‍ക്കുന്ന പദ്ധതിയാണ്. മുഖ്യമന്ത്രി ഏതോ പി.ആര്‍ ഏജന്‍സി പറയുന്ന പ്രചാരണം നടത്തിക്കൊണ്ടരിക്കുകയാണ്. വസ്തുതയുമായി ബന്ധപ്പെട്ട് അതിന് യാതൊരു പിന്‍ബലവുമില്ല. ഈ നിമിഷം വരെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കെ റെയിലിനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
CONTENT HIGHLIGHTS: V Muraleedharan Says After meeting the Prime Minister, Chief Minister Pinarayi Vijayan was misleading the people.