ഉക്രൈനിലെ യുദ്ധം മുന്‍കൂട്ടി മനസിലാക്കിയുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയില്ലേ? 'വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരെ വിശ്വസിച്ചു'; വി. മുരളീധരന്‍ പറയുന്നു
Kerala News
ഉക്രൈനിലെ യുദ്ധം മുന്‍കൂട്ടി മനസിലാക്കിയുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയില്ലേ? 'വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരെ വിശ്വസിച്ചു'; വി. മുരളീധരന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 4:33 pm

ന്യൂദല്‍ഹി: ഓപ്പറേഷന്‍ ഗംഗ ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സുമിയില്‍ ഇപ്പോള്‍ ആരുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് സുരക്ഷയ്ക്കാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ലവീവിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

യുദ്ധം നടക്കുന്നതിന് മുമ്പ് നിര്‍ദേശം നല്‍കിയില്ല എന്നത് തെറ്റാണെന്നും കൃത്യമായ ഇടവേളകളില്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

‘ഔപചാരികമായി ഫെബ്രുവരി 15, 20, 22 എന്നീ തീയതികളില്‍ അഡൈ്വസറി പുറപ്പെടുവിച്ചിരുന്നു. ജനുവരിയില്‍ അവിടുത്തെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു.

രണ്ട് കാരണങ്ങളാലാണ് വിദ്യാര്‍ത്ഥികള്‍ വരാതിരുന്നത്. ഒന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സര്‍വകലാശാലകള്‍ തയ്യാറാകാത്തതായിരുന്നു. മറ്റൊന്ന്, രണ്ട് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാര്‍ അവിടുത്തെ സാഹചര്യം വിലയിരുത്തി തിരിച്ചുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വരാത്തത് ഇന്ത്യന്‍ എംബസിയുടെ പോരായ്മയല്ല,’ മുരളീധരന്‍ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്തത്. അവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നാല് മന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയച്ചതെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാക്കാതെ ഇരുന്നാല്‍ പോരെയെന്നും മുരളീധരന്‍ പറഞ്ഞു.