| Sunday, 22nd January 2023, 6:35 pm

ബി.ബി.സി കോളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍; ഡോക്യമെന്ററി മതനിരപേക്ഷതയെ തകര്‍ക്കും: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.

സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതാണ് ബി.ബി.സി ഡോക്യൂമെന്ററി. 2002 മുതല്‍ ഉന്നയിക്കപ്പെടുന്ന പഴകിത്തേഞ്ഞ ആരോപണങ്ങള്‍ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്.

ആ ആരോപണങ്ങള്‍ പഴയ കൊളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍ വീണ്ടും കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സമാധാനമാണ്. അവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ്,’ വി. മുരളീധരന്‍ പറഞ്ഞു.

ബി.ബി.സി 2 ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയാണ് കേന്ദ്രം വിവാദമാക്കുന്നത്. ഡോക്യുമെന്ററിക്കെതിരെ വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകന്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡോക്യുമെന്ററി സീരീസ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഇതിനിടയില്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും അവയുടെ വെബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതുസംബന്ധിച്ച് ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്, 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐ.ബി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സീരീസിന്റെ അടുത്ത ഭാഗങ്ങള്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി.ബി.സി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. 24ാം തീയതി രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.

Content Highlight:V Muraleedharan Said BBC Documentary will break secularism

We use cookies to give you the best possible experience. Learn more