കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.
സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതാണ് ബി.ബി.സി ഡോക്യൂമെന്ററി. 2002 മുതല്‍ ഉന്നയിക്കപ്പെടുന്ന പഴകിത്തേഞ്ഞ ആരോപണങ്ങള്‍ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്.
ആ ആരോപണങ്ങള്‍ പഴയ കൊളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍ വീണ്ടും കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സമാധാനമാണ്. അവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ്,’ വി. മുരളീധരന്‍ പറഞ്ഞു.
ബി.ബി.സി 2 ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയാണ് കേന്ദ്രം വിവാദമാക്കുന്നത്. ഡോക്യുമെന്ററിക്കെതിരെ വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകന്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡോക്യുമെന്ററി സീരീസ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഇതിനിടയില്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും അവയുടെ വെബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.