|

'ഹജ്ജിന് പോകാമെങ്കില്‍ ശ്രീകൃഷ്ണന് മാല ചാര്‍ത്തിക്കൂടെ.., മേയര്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല': വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളിപ്പറഞ്ഞ സി.പി.ഐ.എം നടപടിക്കെതിരെ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന്‍.

ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടി, ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടി ഇല്ല. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ നടപടിയെന്നും മുരളീധരന്‍ ചോദിച്ചു.

മേയര്‍ നഗരത്തിലെ എല്ലാവരുടെയും മേയറാണ്. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും, എല്ലാത്തിനും വേലികെട്ടി ആളുകളെ വേര്‍തിരിക്കുന്ന സമീപനം സി.പി.ഐ.എം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍.എസ്.എസുമായി ബന്ധമുള്ള സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ സി.പി.ഐ.എം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു.

സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി തെറ്റാണെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും കടകവിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു.

അതിനിടെ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി ജില്ലാ ഘടകവും രംഗത്തെത്തിയിരുന്നു.

മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചതാണ് വിവാദമായത്.

കേരളത്തിലെ ശിശുപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി നോക്കുന്നതെന്നും മേയര്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ബാലഗോകുലം മാതൃസമ്മേളനം സംഘടിപ്പിക്കുന്നത്.

എന്നാല്‍ വിവാദത്തിന് മറുപടിയായി താന്‍ അമ്മമാരുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നും, ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നുമാണ് മേയര്‍ പ്രതികരിച്ചത്.

തന്റെ മനസില്‍ വര്‍ഗീയതയുടെ ഒരു കണികപോലും ഇല്ലെന്നും, പാര്‍ട്ടി പരിപാടിക്ക് പോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും മേയര്‍ പറഞ്ഞിരുന്നു.

Content Highlight: V Muraleedharan’s reaction on Kozhikode mayor Beena Philiph’s Controversy