| Saturday, 3rd April 2021, 12:51 pm

ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയില്‍, നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്ന് മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്നും മുരളീധരന്‍ ചോദിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പായപ്പോള്‍ മന്ത്രി കടകം മറിഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രിയും കഴക്കൂട്ടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിര്‍മ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്ത് കൊണ്ടാണെന്നായിരുന്നു കടകംപള്ളി ചോദിച്ചത്.

മോദി ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതില്‍ സന്തോഷം മാത്രമേയുളളൂവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും ശബരിമല ശാന്തമാണെന്നും 2019 എറ്റവും കൂടുതല്‍ നടവരുമാനമുണ്ടായ വര്‍ഷമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞിരുന്നു.

കൂടിയാലോചനകള്‍ക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഒരു വിശ്വാസിയെ പോലും പോലീസ് ഒന്നും ചെയ്തിട്ടില്ലെന്നും ആക്രമികള്‍ ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും. വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് എന്‍ഡിഎ റാലിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മോദി ക്ഷേത്രങ്ങളെ സഹായിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തികള്‍ വര്‍ഷിച്ചെന്ന് ആരോപിച്ചത്.

ഈ സാഹചര്യത്തിലായിരുന്നു പ്രതികരണവുമായി കടകംപള്ളി എത്തിയത്. ആരാധാനലയങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് പിണറായി സര്‍ക്കാരാണെന്നും കടകംപള്ളി പറഞ്ഞിരുന്നു. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muraleedharan reply to kadakampally surendran About sabarimala

We use cookies to give you the best possible experience. Learn more