| Wednesday, 21st November 2018, 11:52 am

'സുപ്രീം കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം'; വി. മുരളീധരനെ തിരിഞ്ഞുകൊത്തി പഴയ പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: “ഈ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലെങ്കില്‍ ഈ നാടിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നുമുള്ള ബി.ജെ.പി നേതാവ് വി മുരളീധരന്റെ പഴയ വാക്കുകള്‍ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.

ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ വി മുരളീധരന്‍ മുന്‍പ് പറഞ്ഞത്.


“ഇപ്പോള്‍ എനിക്ക് സമയമില്ല”; യുവതീ പ്രവേശന വിധിയില്‍ നിലപാടാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍


2015 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന. 2015 ല്‍ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ് ലീം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. മാത്രമല്ല ഒരു ദിവസം ഹിജാബ് ധരിച്ചില്ലെന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്ന് കൂടി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത കൂട്ടിച്ചേര്‍ത്തിരുന്നു.

സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ഭരണഘടന ഉറപ്പുനല്‍കുന്ന മത വിശ്വാസത്തിനെതിരാണെന്ന വിമര്‍ശനമാണ് മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.പി മുഹമ്മദ് ബഷീറും കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനും അന്ന് ഉയര്‍ത്തിയത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇ.ടിയേയും സുധീരനേയും വിമര്‍ശിച്ചുകൊണ്ട് വി. മുരളീധരന്‍ പ്രസ്താവന നടത്തിയത്.

“”ഇന്ത്യന്‍ ഭരണഘടനയേയും സുപ്രീം കോടതിയേയും മുസ്‌ലീം ലീഗ് വെല്ലുവിളിക്കുകയാണ്. നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കില്‍ ഈ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണം”- എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞാണ് ബി.ജെ.പിയും മുരളീധരനും ഇപ്പോള്‍ ശബരിമലയില്‍ സമരവുമായി രംഗത്തെത്തുന്നത്.

We use cookies to give you the best possible experience. Learn more