| Saturday, 18th December 2021, 5:17 pm

കെ റെയിലില്‍ പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂര്‍: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നു മുരളീധരന്‍ പറഞ്ഞു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

തരൂരിനെ നേരിട്ട് കണ്ട് വിശദീകരണം തേടാനാണ് കെ.സി.പി.സിയുടെ നീക്കം. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമാവില്ല.

എന്നാലും ഓരോ പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം വിമനത്താവള വിഷയത്തിലെ തരൂരിന്റെ നിലപാട് വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: V. Muraleedharan mocks for supporting K Rail project Shashi Tharoor MP

We use cookies to give you the best possible experience. Learn more