| Saturday, 6th March 2021, 10:12 am

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിക്കില്ല, മുരളീധരന് കഴക്കൂട്ടത്ത് സീറ്റില്ല; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അമിത് ഷാ കേരളത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു.

കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്.

അതേസമയം മുരളീധരന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നുളള ഒരു രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ടന്നാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്നത്.

ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാണ് സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.

ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

ഇ. ശ്രീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് സാധ്യത. ഇവിടെ മുതിര്‍ന്ന സംസ്ഥാന നേതാവിന് സംഘടനാച്ചുമതല നല്‍കും. വെള്ളിയാഴ്ച കെ. സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കൊല്ലം കല്ലുവാതുക്കലില്‍ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് ചര്‍ച്ചനടത്തിയിരുന്നു.

വിജയയാത്രയുടെ സ്വീകരണസമ്മേളനങ്ങള്‍ നിര്‍ത്തിവെച്ച് നടത്തിയ കോര്‍ കമ്മിറ്റി, സമയക്കുറവുമൂലം ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് പിരിഞ്ഞത്. ശനിയാഴ്ച വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muraleedharan K Surendran BJP Candidate Kerala Eection 2021

We use cookies to give you the best possible experience. Learn more