| Wednesday, 20th November 2019, 7:29 pm

വിദേശയാത്രയില്‍ മോദിയ്ക്ക് പുതിയ എതിരാളി; വി. മുരളീധരന്‍ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള കണക്കുകളിലാണ് മോദിയെ മുരളീധരന്‍ മറികടന്നത്.

പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരന്‍ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകളിലായി ഒമ്പത് വിദേശ രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി. മുരളീധരന്‍ തന്നെയാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

ഭൂട്ടാന്‍, ഫ്രാന്‍സ്, യു.എ.ഇ, ബഹ്‌റിന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. മുരളീധരനെ പോലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവില്‍ സന്ദര്‍ശിച്ചത്.

We use cookies to give you the best possible experience. Learn more