ന്യൂദല്‍ഹി: പ്രോട്ടോക്കോള്‍ ലംഘനാരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പരാതി കേന്ദ്രവിദേശകാര്യമന്ത്രാലയം തള്ളി. മുരളിധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തില്‍ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ പ്രസിഡന്റ് സലീം മടവൂരായിരുന്നു പരാതി നല്‍കിയത്.
വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടായിരുന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചായിരുന്നു വിശദീകരണം തേടിയത്.
നേരത്തെ സ്മിതാ മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു. പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നായിരുന്നു പരിശോധിച്ചത്. ഇക്കാര്യത്തില്‍ മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്ന കാര്യത്തിലായിരുന്നു എംബസിയോട് വിശദീകരണം തേടിയത്.
വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മേനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: V Muraleedharan get Clean chitt