തിരുവനന്തപുരം: ലോ അക്കാദമിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബി.ജെ.പി നേതാവ് വി. മുരളീധരന്‍ സമരപ്പന്തല്‍ വിട്ട് കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
രാത്രിയായപ്പോള്‍ വേദിയില്‍ നിന്നും ഇറങ്ങി കയ്യില്‍ ഒരു ഫയലും പിടിച്ച് കാറിനടുത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന് ശേഷം സമരപ്പന്തലില്‍ കാലിയായ കട്ടിലും കാണാം.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി. മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചത്.
നിരാഹാരത്തിനിടെ ആരോഗ്യസ്ഥിതി വഷളായി എന്ന് കാണിക്കുംവിധിം ഇ.സി.ജി കേബിളുകള്‍ ശരീരത്തില്‍ ഘട്ടിപ്പിച്ച് പരിശോധിക്കുന്നത് മുരളീധരന്‍ തന്നെ ലൈവായി തന്റെ ഔദ്യോഗിക പേജിലൂടെ പ്രചരിപ്പിച്ചിരുന്നു. പല ചാനലുകളും ഈ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.
ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം കിടക്കുന്ന മുരളീധരനോ ബി.ജെ.പിയോ ഇതുവരെ മാനേജുമെന്റുമായി ഒരു ദിവസം പോലും ചര്‍ച്ച നടത്തിയിട്ടുമില്ല.
പ്രിന്‍സിപ്പലിന്റെ ചുമതല വൈസ് പ്രിന്‍സിപ്പലിന് നല്‍കുകയും ലക്ഷ്മി നായര്‍ ഫാക്കല്‍റ്റിയായിപ്പോലും അഞ്ച് വര്‍ഷത്തേക്ക് കാമ്പസില്‍ പ്രവേശിക്കുകയില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചപ്പോള്‍ നിരാഹാരം അവസാനിപ്പിക്കാന്‍ മുരളീധരന്‍ തയ്യാറായിരുന്നുമില്ല.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വി.മുരളീധരനെ ഇന്നലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
തുടര്‍ന്ന് വി.രാജേഷാണ് പകരം നിരാഹാരം തുടര്‍ന്നത്. എന്നാല്‍ മുരളീധരന്‍ നിരാഹാരം അവസാനിപ്പിക്കുന്നതിന് മുന്‍പുളള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.