|

കുമ്മനം ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കും; പ്രതികരണവുമായി വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പി നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍.

കുമ്മനത്തിന്റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകും. ബി.ജെ.പിക്ക് ലഭിക്കാവുന്ന നല്ല സ്ഥാനാര്‍ത്ഥിയാണ് കുമ്മനം. കോണ്‍ഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.


മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു; രാജി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്നും കുമ്മനം


കുമ്മനത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു. കുമ്മനം മത്സരിക്കണമെന്ന നിര്‍ദേശത്തെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരത്തെത്തി അദ്ദേഹം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബി.ജെപിയും ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെയാണ് രാജി തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു.

എന്റെ സാനിധ്യം കേരളത്തില്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയും അത് ആഗ്രഹിച്ചു. ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണം. രാജി കാര്യം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോകുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞിരുന്നു.