അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് തല മണ്ണില്‍ പൂഴ്ത്തുന്ന ഒട്ടകപക്ഷിയുടെ നടപടിക്ക് സമം; ബി.ജെ.പിയോട് യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാമെന്നും വി. മുരളീധരന്‍
Kerala News
അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് തല മണ്ണില്‍ പൂഴ്ത്തുന്ന ഒട്ടകപക്ഷിയുടെ നടപടിക്ക് സമം; ബി.ജെ.പിയോട് യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാമെന്നും വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 5:13 pm

ന്യൂദല്‍ഹി:എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ നടപടി തല മണ്ണില്‍ പൂഴ്ത്തുന്ന ഒട്ടകപ്പക്ഷിക്ക് സമമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പണ്ട് ഗുജറാത്ത് മോഡല്‍ പറഞ്ഞതിന് സി.പി.ഐ.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ലായിരുന്നെന്നും കോണ്‍ഗ്രസിന്റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയില്‍ ഒരുപാടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ലെന്നും ബി.ജെ.പിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാമെന്നും വരാന്‍ താല്പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.
DoolNews Video