| Wednesday, 17th March 2021, 1:16 pm

എന്റെ പോക്കറ്റില്‍ നിന്ന് എടുത്തുകൊടുക്കുന്നതല്ല സീറ്റ്, ബാലശങ്കര്‍ പറയുന്നതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ലെന്ന് മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ബി.ജെ.പി- സി.പി.ഐ.എം ഒത്തുകളിയെന്ന ആര്‍.എസ്.എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ പ്രസ്താവനയില്‍ വെട്ടിലായി ബി.ജെ.പി നേതൃത്വം. ബാലശങ്കറിന്റേത് വൈകാരിക പ്രകടനം മാത്രമാണെന്നായിരുന്നു കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്.

സീറ്റ് കയ്യില്‍ നിന്ന് എടുത്ത് കൊടുക്കുന്നതല്ല. സീറ്റ് കിട്ടാതായപ്പോഴുള്ള പ്രതികരണം മാത്രമാണ് ബാലശങ്കറിന്റേതെന്നും അതിനപ്പുറം പ്രാധാന്യം ആരോപണത്തിന് നല്‍കേണ്ടതില്ലെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

‘ബാലശങ്കറിന്റേത് സീറ്റ് ലഭിക്കാത്തതിലെ വികാര പ്രകടനമാണ്, സീറ്റ് മുരളീധരന്‍ പോക്കറ്റില്‍ നിന്ന് നല്‍കുന്നതല്ല, അത് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നതാണ്. ബി.ജെ.പി മറ്റ് കക്ഷികളുമായി കൂട്ടുകൂടുന്നുവെന്നത് തെറ്റായ പ്രചരണമാണ്’ മുരളീധരന്‍ പ്രതികരിച്ചു.

കഴക്കൂട്ടത്ത് ശോഭ യോജിച്ച സ്ഥാനാര്‍ത്ഥിയാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അവരെ തെരഞ്ഞെടുത്തത്. ശോഭയുമായി സംസാരിച്ചിരുന്നതായും പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.

ചെങ്ങന്നരിലും ആറന്മുളയും ബി.ജെ.പി തോറ്റുകൊടുത്താല്‍ കോന്നിയില്‍ കെ. സുരേന്ദ്രനെ വിജയിപ്പിക്കാമെന്നാണ് സി.പി.ഐ.എമ്മുമായുള്ള ഫോര്‍മുല എന്നായിരുന്നു ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍.

ചെങ്ങന്നൂരില്‍ പ്രചാരണം തുടങ്ങിയ തന്നെ വെട്ടിയത് ആ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണെന്നും ബാലശങ്കര്‍ ആരോപിച്ചിരുന്നു. തന്റെ പ്രസ്താവനകളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും വസ്തുതയില്ലാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും ബാലശങ്കര്‍ ഇന്നും ആരോപിച്ചിരുന്നു.

സീറ്റ് കിട്ടാത്തതിന്റെ അതൃപ്തിയാണ് തന്റെ വെളിപ്പെടുത്തലിന് പിന്നിലെന്ന ആക്ഷേപവും അദ്ദേഹം പൂര്‍ണ്ണമായും തള്ളി. സ്ഥാനമാനങ്ങള്‍ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് ബാലശങ്കര്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനത്തിന്റെ പിന്തുണയുണ്ട്. കേന്ദ്രത്തില്‍ വലിയ പദവികള്‍ വേണമെങ്കില്‍ കിട്ടുമായിരുന്നു. വേണമെങ്കില്‍ കേന്ദ്രമന്ത്രിയും ആകാമായിരുന്നു. അതൊക്കെ വേണ്ടെന്ന് വച്ചത് സ്ഥാനമോഹം ഇല്ലാത്തത് കൊണ്ടാണ്.

കേരളത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. അതാണ് ഞാന്‍ ചോദ്യം ചെയ്തത്.

ആരോപണം ഉന്നയിച്ച ശേഷം ഫോണ്‍ നിലത്ത് വെക്കാന്‍ കഴിയാത്ത വിധം പലഭാഗത്ത് നിന്നും വിളി എത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പ്രതിഫലിപ്പിച്ചത് എന്നാണ് എല്ലാവരും പറയുന്നതെന്നും ആര്‍. ബാലശങ്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V. Muraleedharan Aganist R Balashankar

We use cookies to give you the best possible experience. Learn more