| Friday, 15th May 2020, 10:47 am

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ല കേന്ദ്രത്തില്‍; മുഖ്യമന്ത്രി മലര്‍കിടന്ന് തുപ്പരുത്;പിണറായി വിജയനെ കടന്നാക്രമിച്ച് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പിണറായി വിജയനെന്നും വി. മുരളീധരന്‍ പറഞ്ഞു.

1,35000 മുറി തയ്യാറാക്കിയെന്നും കൂടുതല്‍ മുറികള്‍ വേണമെങ്കില്‍ തയ്യാറാക്കുമെന്നും സംസ്ഥാനം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ ഏഴ് ദിവസമായി സംസ്ഥാനം വെട്ടിക്കുറച്ചു. കേരളത്തിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കാന്‍ കേന്ദ്രം തയ്യാറാണ്. പക്ഷേ വരുന്നവര്‍ പെരുവഴിയില്‍ നില്‍ക്കാനുള്ള അവസ്ഥ വരരുത്. സംസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്നത്ര വിമാനങ്ങളേ കൊണ്ടുവരു.

കേരളത്തിലെ ക്വാറന്റൈന്‍ സംവിധാനത്തിന്റെ അപര്യാപ്തത വ്യക്തമാണ്. സര്‍ക്കാര്‍ കേന്ദ്രമാനദണ്ഡം പാലിച്ച് ക്വാറന്റൈന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മാത്രം കത്തെഴുതുന്ന ആളാണ്. ഉദ്യോഗസ്ഥ ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. എന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ അറിയില്ലെന്ന് അദ്ദേഹം കരുതുന്നതിന് പകരം അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രവുമായി കൈമാറുന്നത് എന്ന് അന്വേഷിച്ച് അറിയുകയാണ്.

പ്രവാസികളോട് കുറച്ചുകൂടി ഉത്തരവാദിത്തം കേരളം കാണിക്കണം. കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോര. കൂടുതല്‍ പേരെ കൊണ്ടുവന്നാല്‍ അവര്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വരും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈനില്‍ 14 ദിവസം പാര്‍പ്പിക്കാന്‍ കേരളം തയ്യാറാകണം.

ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രി മലര്‍ന്നുകിടന്നു തുപ്പരുത്. കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളുടെ കാര്യത്തിലാണ് പോരായ്മ ഉള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വാളയാറില്‍ തടഞ്ഞത് സൗകര്യം ഇല്ലാഞ്ഞിട്ടാണ്. തയ്യാറാണെന്ന് പറഞ്ഞ ശേഷം വാളയാറില്‍ ആളുകളെ തടഞ്ഞ പോലെ എയര്‍പോര്‍ട്ടില്‍ തടയരുത്’, വി. മുരളീധരന്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്ര ആളുകള്‍ വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്ന് കേരളം പറഞ്ഞാല്‍ റെയില്‍വേയുമായി സംസാരിക്കാനും ട്രെയിന്‍ ഏര്‍പ്പെടുത്താനും തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് അയക്കാമെന്ന് അടുത്തിടെ വി. മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും വി.മുരളീധരന്‍ അറിയുന്നില്ലേയെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more