| Saturday, 24th April 2021, 4:33 pm

വാക്‌സിന്‍ മാനദണ്ഡങ്ങള്‍ ബോധ്യപ്പെടാത്തവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കാം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ ഇനിയും ബോധ്യപ്പെടാത്തവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എന്നിട്ടും ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മല്‍സരത്തെക്കുറിച്ച് പാടി നടക്കാമെന്നും മുരളീധരന്‍ പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കായിരുന്നു മുരളീധരന്റെ മറുപടി.

‘മെയ് ഒന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സൗജന്യ വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിലെ കാര്യക്ഷമത തന്നെയാണ് അടിസ്ഥാന മാനദണ്ഡം. ഭരണതലത്തിലെ വേഗവും ശരാശരി ഉപയോഗവും വിലയിരുത്തപ്പെടും.

കൊവിഡ് വ്യാപനത്തോതാണ് മറ്റൊരു മാനദണ്ഡം. വാക്‌സിന്‍ പാഴാക്കുന്നത് പ്രതികൂലഘടകമാവും. ഇവയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിത്തന്നെ ഓരോ സംസ്ഥാനങ്ങളെയും അവര്‍ക്ക് എത്ര ഡോസ് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് പറഞ്ഞതാണ്.

അനാരോഗ്യകരമായ മത്സരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മത്സരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുക. മാനദണ്ഡങ്ങള്‍ ഇനിയും ബോധ്യപ്പെടാത്തവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക. എന്നിട്ടും ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മത്സരത്തെക്കുറിച്ച് പാടി നടക്കാം’, എന്നാണ് വി. മുരളീധരന്‍ പറഞ്ഞത്.

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച കേരള സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി മുരളീധരന്‍ എത്തിയിരുന്നു. മുരളീധരന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വാക്സിന്‍ നല്‍കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കേന്ദ്രത്തിന്റെ അപ്പസ്തോലന്മാരായി വന്ന് ഇവിടുത്തെ അന്തരീക്ഷം മോശമാക്കാതെ ഉത്തരവാദിത്തത്തോടെ പെരുമാറാനാണ് വി. മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അവര്‍ എന്താണ് പറയുന്നതെന്ന് ഒരു പിടിയുമില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക എന്നുള്ളത് ഒഴിച്ചുകൂടാനാകാത്തതാണ്. ഇത്തരം സമയങ്ങളില്‍ വാക്സിന്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനുള്ളതാണ്. അതാണ് കേന്ദ്രത്തെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ പ്രയോഗിക വിഷമങ്ങള്‍, അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ഇത്രയും നീണ്ട കാലം കൊവിഡ് പ്രതിരോധത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകളും അതുണ്ടാക്കിയ പ്രതിസന്ധികളും തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. അതിന്റെ മേലെ കൂടുതല്‍ ഭാരം സംസ്ഥാനങ്ങളുടെ പെടലിയ്ക്ക് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്നത് കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഒരു രാഷ്ട്രീയവുമില്ല.

സാധാരണഗതിയില്‍ സംസ്ഥാനം ചെയ്യേണ്ട കാര്യമാണിത്. അതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഫലപ്രദമായി ചെയ്തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇപ്പോള്‍ വലിയ തോതിലുള്ള രോഗവ്യാപനം നേരിടുകയാണെന്നും അത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്ന അന്തരീക്ഷമാണ് ഇപ്പോള്‍ ഉണ്ടാകേണ്ടതെന്നും വി. മുരളധീരന് മറുപടി പറഞ്ഞാല്‍ പൊതുവിലുണ്ടാകേണ്ട അന്തരീക്ഷമല്ല ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇക്കൂട്ടത്തില്‍ കേന്ദ്രത്തിന്റെ അപ്പസ്തോലന്മാരാണെന്ന് പറഞ്ഞ് ഇവിടെ വന്ന് ഇത്തരം വാദങ്ങള്‍ അവതരിപ്പിക്കുന്നത് ഇപ്പോള്‍ നമുക്കാവശ്യമായ യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുകയാണ് ചെയ്യുക. അല്‍പം ഉത്തരവാദിത്തതോടെ പെരുമാറുകയാണെങ്കില്‍ നല്ലതെന്ന് മാത്രമേ ഇപ്പോള്‍ മുരളീധരനോട് പറയാനുള്ളുവെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കൊവിഡ് വാക്‌സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു. വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തുകയാണെന്നുമായിരുന്നു മുരളീധരന്റെ വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muraleedharan Against Pinarayi Vijayan

We use cookies to give you the best possible experience. Learn more