| Tuesday, 27th April 2021, 1:32 pm

കൊവിന്‍ ആപ്പില്‍ അട്ടിമറി നടന്നു; സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തന രഹിതമാക്കിവെച്ചിരിക്കുകയാണോയെന്ന് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതിന് കാരണം കൊവിന്‍ ആപ്പില്‍ അട്ടിമറി നടന്നതുകൊണ്ടാണെന്നുമാണ് മുരളീധരന്റ ആരോപണം.

സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കൊവിന്‍ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തനരഹിതമാക്കി വെച്ചിരിക്കുകയാണോ എന്ന് മുരളീധരന്‍ ചോദിച്ചു. രാജ്യത്ത് ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് ഏറ്റവുമധികം നിരക്ക് ചുമത്തുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലയിടത്തു നിന്നും വാക്‌സിന്‍ ലഭ്യമല്ലെന്ന പരാതി ഉയര്‍ന്നു വരുന്നു. ചിട്ടയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് എന്നിങ്ങനെയുള്ള ആരോഗ്യസംവിധാനം കേരളത്തില്‍ നിലവിലുണ്ട്. 28ാംതിയതി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് കൊവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തത്. അത് ആരെങ്കിലും ആസൂത്രിതമായി പ്രവര്‍ത്തനരഹിതമാക്കി വെച്ചിരിക്കുകയാണോ?

കേരളത്തില്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപ കൊടുത്ത് വാക്‌സിനേഷന്‍ നടത്താനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വശത്ത് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി വേണം എന്ന് സര്‍ക്കാര്‍ പറയുന്നു. കേന്ദ്രം എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നടത്താന്‍ വേണ്ടി 70 ലക്ഷം വാക്‌സിന്‍ കൊടുക്കുന്നു. പക്ഷേ ആ വാക്‌സിന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും സര്‍ക്കാര്‍ ആശുപത്രി വഴിയും പാവങ്ങള്‍ക്ക് എത്തിക്കുന്നതിന് പകരം 250 രൂപ കൊടുത്താല്‍ മാത്രമേ വാക്‌സിന്‍ ലഭ്യമാകുള്ളൂ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണ്?

അതല്ലേ ഈ കൊവിന്‍ ആപ്പ് തകരാര്‍ ആക്കി വെക്കുന്നതിന് പിന്നില്‍. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് ആളുകള്‍ പറയുന്നു. മുഖ്യമന്ത്രി പറയുന്നത് അത് ശരിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. എത്രകാലമെടുക്കും ഈ ശരിയാക്കല്‍.

പൊതുജനാരോഗ്യമേഖലയെ അവഗണിച്ച് സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. ഈ കൊവിന്‍ പോര്‍ട്ടലില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളുകള്‍ സ്വകാര്യ മേഖലയുടെ ഏജന്റുമാരാണോ? അങ്ങനെയാണെങ്കില്‍ അവരെ കണ്ടെത്തി നടപടിയെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ തരുന്നില്ലെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. നിങ്ങള്‍ ഇത്രയും നല്ല ആരോഗ്യസംവിധാനം ഉള്ള സംസ്ഥാനമായിട്ട് ആര്‍.ടി.പി.സി.ആറിന് സ്വകാര്യ ആശുപത്രിയില്‍ ഇത്രയും നിരക്ക് ഈടാക്കുന്നത് എന്തുകൊണ്ടാണെന്ന് മറ്റു സംസ്ഥാനക്കാര്‍ ചോദിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന മെഗാ വാക്സിന്‍ ദൗത്യങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. പലയിടത്തും നിന്നും വാക്സിന്‍ ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. പലയിടത്തും ജനം വാക്സിന് വേണ്ടി തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Content Highlight: V Muraleedharan Against Kerala Government on Covid

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more