| Thursday, 14th January 2021, 4:43 pm

'ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിനുകളുടെ കവര്‍ ആകാന്‍'; കേരളത്തില്‍ കൊവിഡ് പ്രതിരോധം പരാജയമെന്ന് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്ത് എല്ലായിടത്തും കൊവിഡ് നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ മാത്രം വൈറസ് വ്യാപിക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കൊവിഡിനെ ഇല്ലാതാക്കിയെന്നത് പി.ആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യമന്ത്രി കെ. കെ ശൈലജയെ വിമര്‍ശിച്ചും മുരളീധരന്‍ രംഗത്തെത്തി. ആരോഗ്യമന്ത്രിക്ക് കൊവിഡ് പ്രതിരോധത്തെക്കാള്‍ മാഗസിനുകളുടെ കവര്‍ ആകാനാണ് താത്പര്യമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

കേരളത്തില്‍ അസാധാരണ സാഹചര്യമില്ലെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. കേരളത്തില്‍ തിയേറ്ററുകളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കുന്നു. ഇത് അപകടകരമാണ്.

സര്‍ക്കാര്‍ കൊവിഡ് വ്യാപനം മറച്ചുവെക്കുകയാണ്. കൊവിഡ് മരണ നിരക്കും കുറച്ച് കാണിക്കുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. സര്‍ക്കാരിന്റെ വീഴ്ച പ്രതിപക്ഷം പോലും തിരിച്ചറിഞ്ഞില്ല.

രാജ്യത്തെ കൊവിഡ് രോഗികളില്‍ നാല്‍പ്പത് ശതമാനംപേരും കേരളത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച കേന്ദ്ര സംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരട്ടെ. അപ്പോള്‍ സത്യമെന്താണെന്നറിയാം.

എറണാകുളം ജില്ലയിലുള്‍പ്പെടെ എല്ലായിടത്തും ശരാശരി 800 ലധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധത്തില്‍ ഒന്നാമതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിലാണ് ഒന്നാമതെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഐ.സി.എം.ആറിന്റെ മാനദണ്ഡങ്ങള്‍ മുഖ്യമന്ത്രി പാലിക്കുന്നില്ലെന്നും പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവര്‍ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി എടുക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muraleedharan against Health minister K K Shailaja and says covid spreads in kerala

Latest Stories

We use cookies to give you the best possible experience. Learn more