പത്തനംതിട്ട: ശബരിമല സമരത്തില്‍ നിന്നും പിന്മാറാനുള്ള പാര്‍ട്ടി തീരുമാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. സമരകേന്ദ്രം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയ ബി.ജെ.പി തീരുമാനം ആത്മാഭിമാനമുള്ള ഒരു ബി.ജെ.പിക്കാരനും അംഗീകരിക്കാന്‍ കഴിയില്ലയെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്‍ പറഞ്ഞു.
“ഒത്തുതീര്‍പ്പ് എന്തായാലും നടക്കില്ലല്ലോ. ഒത്തുതീര്‍പ്പിന് ഒരു സംസ്ഥാന പ്രസിഡന്റും തയ്യാറാവുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം സി.പി.ഐ.എമ്മുമായിട്ട് ബി.ജെ.പിക്ക് ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഒരു പ്രവര്‍ത്തകനും അനുവദിക്കില്ല. അതുകൊണ്ട് ഒരു സംസ്ഥാന പ്രസിഡന്റും അങ്ങനെയൊരു ശ്രമം നടത്തുമെന്ന് എനിക്കു തോന്നുന്നില്ല.
ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നത് വിശ്വാസികളാണ്. അത് എത്ര തീവ്രമായി ആഗ്രഹിക്കുന്നുവോ തുടര്‍ന്നും അത് ആഗ്രഹിക്കും.”വി. മുരളീധരന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മുരളീധരന്‍ ആരോപിച്ചു.
കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയോട് പാര്‍ട്ടി പൊതുവില്‍ സ്വീകരിച്ച സമീപനം ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. ശബരിമല സമരത്തില്‍ നിന്നും പിന്നോട്ടുപോകാനുള്ള തീരുമാനത്തോടെ ഈ ഭിന്നത മറനീക്കി വന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരമാണ് സമരത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ ഇടങ്ങളില്‍ രാഷ്ട്രീയ സമരമെന്ന നിലയില്‍ മുന്നോട്ടുപോകേണ്ട, അവിടെ ശബരിമല കര്‍മ്മ സമിതി തന്നെ സമരം തുടരും. അവിടെ അതിനെ പിന്തുണയ്ക്കുന്ന സമീപനം മാത്രം സ്വീകരിച്ചാല്‍ മതി. മറ്റു രാഷ്ട്രീയ സമരങ്ങള്‍ ബി.ജെ.പി ഏറ്റെടുത്തുകൊണ്ട് തിരുവനന്തപുരത്ത് നടത്തണം എന്നൊരു അഭിപ്രായമാണ് കഴിഞ്ഞദിവസത്തെ യോഗത്തില്‍ ഉയര്‍ന്നത്. അതിന്റെ ഭാഗമായാണ് സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്.
Also Read:പിറവം വിഷയത്തില്‍ വിമര്‍ശനം നടത്തിയത് സുപ്രീംകോടതി നിര്‍ദ്ദേശം അറിയാതെയെന്ന് ഹൈക്കോടതി
ഇതിനു പിന്നാലെ സംഘടന സെക്രട്ടറി വിളിച്ച ഭാരവാഹികളുടെ യോഗത്തില്‍ നിന്നും വി. മുരളീധര വിഭാഗം വിട്ടുനിന്നിരിക്കുകയാണ്.