| Saturday, 17th August 2019, 12:47 pm

കൂടുതല്‍ കേന്ദ്രസേന വേണോ എന്ന ചോദ്യത്തിന് 'ദിസ് ഈസ് ഇനഫ് 'എന്ന് മുഖ്യമന്ത്രി പറഞ്ഞു; പ്രളയസഹായത്തെ കുറിച്ച് ഞാന്‍ മിണ്ടിയിട്ടില്ല; പിണറായിക്കെതിരെ വീണ്ടും മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് താന്‍ പറഞ്ഞതായുള്ള വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

സഹായ വാഗ്ദാനം താന്‍ നിഷേധിച്ചെന്ന വി. മുരളീധരന്റെ പ്രസ്താവന തെറ്റാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചെന്നത് ശരിയാണെന്നും പക്ഷേ അദ്ദേഹം പറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ലെന്നും ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചത് എന്നുമായിരുന്നു പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്.

താന്‍ പറയാത്ത കാര്യങ്ങള്‍ ഊഹിച്ചുപറയാനുള്ള കഴിവ് മുരളീധരന് ഉണ്ടാവാമെന്നും പിണറായി മറുപടി നല്‍കിയിരുന്നു. ഇതില്‍ പിണറായിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വി. മുരളീധരന്‍.

താന്‍ പറയാത്ത കാര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രളയസഹായത്തെകുറിച്ച് ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേന വേണോ എന്ന് ചോദിച്ചപ്പോള്‍ നിലവിലുള്ളത് മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അക്കാര്യത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു മുരളീധരന്റെ പുതിയ വിശദീകരണം.

” എന്തുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറയാത്ത കാര്യങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ ആലോചിച്ചത് എന്നാണ് എനിക്ക് മനസിലാകാത്തത്. ഞാന്‍ പ്രളയ സഹായത്തെ കുറിച്ചേ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് 13 എന്‍.ഡി.ആര്‍.എഫ് ടീമുകളെ അയച്ചതിനെ കുറിച്ചും അതുപോലെ സേനാവിഭാഗങ്ങളെ അയച്ചതിനെ കുറിച്ചുമാണ്. അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ഇതുമതി ‘ദിസ് ഈസ് ഇനഫ് എന്നുപറഞ്ഞുവെന്നാണ്. പ്രളയ സഹായത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചിട്ടേയില്ല. അതിനെ കുറിച്ച് അദ്ദേഹം എന്തുകൊണ്ട് പ്രതികരിച്ചുവെന്നാണ് എനിക്ക് മനസിലാവാത്തത്. ”- എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

കേരളം സാമ്പത്തിക സഹായം ആവശ്യപ്പെട്ടില്ലെന്നും കഴിഞ്ഞതവണ പ്രളയകാലത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതില്‍ 1400 കോടിയോളം രൂപ കൈയ്യിലുണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ല, കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്‌നം കേരളത്തിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയായിരുന്നു മുരളീധരനെതിരെ പിണറായി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള സംസാരം ഹിന്ദിയിലായിരുന്നെന്നും ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചതെന്നും അതിന് ശേഷം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്കു കൈമാറുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്. ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ല. കേന്ദ്രസഹായം താന്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല”- എന്നായിരുന്നു പിണറായി വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more