ഏഷ്യാനെറ്റിന്റെ വിലക്ക് മാറ്റിയത് മാപ്പ് പറഞ്ഞതുകൊണ്ട്; രണ്ട് നീതി അല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് മാറ്റിയതെന്നും മുരളീധരന്‍
India
ഏഷ്യാനെറ്റിന്റെ വിലക്ക് മാറ്റിയത് മാപ്പ് പറഞ്ഞതുകൊണ്ട്; രണ്ട് നീതി അല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് മാറ്റിയതെന്നും മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 2:37 pm

 

ന്യൂദല്‍ഹി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍.

വിഷയത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്നും ക്ഷമ ചോദിച്ചതിനാല്‍ സംപ്രേക്ഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ട് മാധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി് ഉത്തരം താങ്ങുന്നതുപോലെയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാദ്ധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നുമായിരുന്നു കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

പത്രസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍ച്ച് ആറാം തിയതിയാണ് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്. എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് 7ാം തിയതി രാവിലെയോടെ പിന്‍വലിച്ചു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

കേബില്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്ണിന്റെ ദല്‍ഹി കറസ്പോണ്‍ണ്ടന്റ് ആയ ഹസ്നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ പറയുന്നത്. ഇരു ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗും നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ വിലക്കിനെതിരെ വലിയ പ്രതിഷേധം വന്നതിന് പിന്നാലെ മാര്‍ച്ച് എട്ടാം തിയതി പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റി. അപ്പോഴും മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നു. രാവിലെ 9.30 ഓടെ മാത്രമാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ