| Saturday, 13th May 2023, 12:09 pm

നിലവില്‍ ആര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല; ആദ്യം മുന്നില്‍ നില്‍ക്കുന്നവര്‍ പിന്നിലാകാറുണ്ടല്ലോ: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പല തെരഞ്ഞെടുപ്പ് വോട്ടെണ്ണലുകളിലും ആദ്യം മുന്നില്‍ നില്‍ക്കുന്നവര്‍ പിന്നിലായിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് കഴിഞ്ഞാല്‍ കര്‍ണാടകയിലെ ബി.ജെ.പി ഫലത്തെ കുറിച്ചുള്ള അഭിപ്രായം പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ആര്‍ക്കും സീറ്റ് കിട്ടിയിട്ടില്ലെന്നും കണക്കുകള്‍ പുറത്ത് വരുന്നതേയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പിന്റെ ഒരു ഫലവും ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല തെരഞ്ഞെടുപ്പുകളിലും ആദ്യം മുന്നില്‍ നിന്ന ആളുകള്‍ പിന്നീട് പിന്നിലാകുന്നത് കഴിഞ്ഞ കാലങ്ങളില്‍ കണ്ടിട്ടുണ്ട്.

അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിന്റെ ഫലം വരട്ടേ. കര്‍ണാടകയിലെ ഫലം വന്നതിന് ശേഷം ഫലത്തെ കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ പറയണം എന്നുള്ളത് അവിടെ ഭാരതീയ ജനതാ പാര്‍ട്ടി പറയും,’ അദ്ദേഹം പറഞ്ഞു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പറത്തുവരുമ്പോള്‍ കേവല ഭൂരിപക്ഷം നിലനിര്‍ത്തി കോണ്‍ഗ്രസ് മുന്നേറുകയാണ്. പ്രധാനപ്പെട്ട മേഖലയിലെല്ലാം നേട്ടമുണ്ടാക്കിയാണ് കോണ്‍ഗ്രസ് പടയോട്ടം.

രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറായി തുടരുമ്പോള്‍ കോണ്‍ഗ്രസ് 122, ബി.ജെ.പി-72, ജെ.ഡി.എസ്- 24, മറ്റുള്ളവര്‍- ആറ് എന്ന നിലയിലാണ്.

ആദ്യ സൂചനകള്‍ ബി.ജെ.പി ക്യാമ്പുകളില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. കര്‍ണാടകയിലെ സംസ്ഥാന ബി.ജെ.പി ഓഫീസ് ആളൊഴിഞ്ഞ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

content highlight: v.muraleedharan about karnataka election

We use cookies to give you the best possible experience. Learn more