തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇത്തരമൊരു സംഭവം ഉണ്ടായത് കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടാണെന്നാണ് വി. മുരളീധരന്‍ പറഞ്ഞത്.
സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ താനല്ല കേരളം ഭരിക്കുന്നതെന്നും താനാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്‍ പറയേണ്ടത് അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താന്‍ കഴിവില്ലെന്നാണ്. അതുപറയാന്‍ ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കില്‍ അത് പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാള്‍ രാത്രി 11.30-ന് വരുന്നു. തിരുവനന്തപുരത്തെ പൊലീസ് നിരീക്ഷണം ഇത്ര ദുര്‍ബലമാണോ? ഇന്റലിജന്‍സ് വിഭാഗം ഇത്ര ദുര്‍ബലമാണോ?
ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. ഭരണം എന്നാല്‍, പ്രസ്താവനയിറക്കലും ബോര്‍ഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തലാണ്. അതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത, പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത, പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.ഐ.എം പ്രവര്‍ത്തകരും വിലയിരുത്തണമെന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണത്തിനും ഷാഫി പറമ്പില്‍ മറുപടി നല്‍കി. ”ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ജയരാജന്റെ ‘പൊട്ടബുദ്ധി’ എന്തായാലും കേരളം ചവറ്റുകൊട്ടയിലെറിയും,” എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
അതേസമയം എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും കുറ്റം ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രകോപനങ്ങള്‍ക്ക് അടിപ്പെടാതെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി 11:30ഓടെയായിരുന്നു എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് നടക്കുന്ന ബോധപൂര്‍വ്വമായ പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് എ.കെ.ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്നുമാണ് കോടിയേരി പറഞ്ഞത്.
പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.