കൊച്ചി: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍.
എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള നേതാക്കളോട് താല്‍പ്പര്യം തോന്നിയിട്ടില്ല. എന്നാല്‍ വി.എസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് വി.എസ് കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് സി.പി.ഐ.എമ്മിനകത്തുള്ള ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
സെക്രട്ടറിയായിരുന്ന വി.എസും ഇപ്പോഴത്തെ വി.എസും രണ്ടാണ്. ഏതാണ് യഥാര്‍ത്ഥ വി.എസ് എന്ന് സംശയമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ആര്‍.എസ്.എസിനു വേണ്ടി പ്രവര്‍ത്തിച്ചതാണെന്ന് മുരളീധരന്‍ പറഞ്ഞു.
തലശ്ശേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതക ശ്രമം ചുമത്തി തന്നെ അറസ്റ്റു ചെയ്തത് ഇതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.