വനിതാ കമ്മീഷന്‍ പിരിച്ചു വിടണം: വി മുരളീധരന്‍
Kerala News
വനിതാ കമ്മീഷന്‍ പിരിച്ചു വിടണം: വി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 6:35 pm

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മീഷനെ പിരിച്ചു വിടണമെന്ന് വി മുരളീധരന്‍ എം.പി. പുതിയ വനിതാ കമ്മീഷനെ നിയമിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

എം.എല്‍.എ പി ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസേടുക്കെണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് കേസ് ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.


“ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയിലും എന്തെങ്കിലും നടപടി കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള സംവിധാനമായി വനിതാ കമ്മീഷന്‍ മാറിയിരിക്കുന്നു.

രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് വനിതാ കമ്മീഷനില്‍ നിയമിക്കപ്പെടാറുള്ളതെങ്കിലും ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് കീഴ്‌വഴക്കം.


എന്നാല്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായിരിക്കുന്നതിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. കേരളത്തിലെ വനിതകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുന്ന കമ്മീഷന്‍ ചില പ്രത്യേക വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഇടപെടുകയാണെന്നും” മുരളീധരന്‍ ആരോപിച്ചു.