| Thursday, 6th April 2023, 3:47 pm

ക്രൈസ്തവ മതവിശ്വാസിയായ അനില്‍ ആന്റണിയുടെ കടന്നുവരവ് ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടി: വി.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ സ്ഥാപനദിവസം തന്നെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തലവനായിരുന്ന അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന്‍. അനില്‍ ആന്റണി വിവിധ വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ളയാളാണെന്നും അദ്ദേഹം ദല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഇന്ന് വളരെ സന്തോഷകരമായ ദിവസം കൂടിയാണ്. ബി.ജെ.പിയുടെ സ്ഥാപന ദിവസമാണ് ഏപ്രില്‍ ആറ്. 43 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സുദിനത്തില്‍ അനില്‍ ആന്റണിയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്.

അനില്‍ ആന്റണി ഏതാനും കാലം വരെ വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍, ആ നിലപാടുകളിലൂടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആളാണ്.

കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം എടുത്ത നിലപാടുകള്‍ പ്രത്യേകിച്ച് ബി.ബി.സിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ആന്റണി ക്രൈസ്തവ വിശ്വാസിയാണന്നും അദ്ദേഹത്തിന്റെ കടന്ന് വരവിലൂടെ ബി.ജെ.പിക്കെതിരായുള്ള പ്രചരണങ്ങള്‍ ഇല്ലാതാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘സാധാരണ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായിട്ട് ഉയര്‍ത്തുന്ന പ്രചരണം ഹൈന്ദവ മതത്തില്‍പ്പെടുന്നവരെ സ്വാഗതം ചെയ്യില്ലെന്നാണ്, ബി.ജെ.പിക്ക് താല്‍പര്യമില്ലെന്നാണ്.

എന്നാല്‍ ക്രൈസ്തവ മതവിശ്വാസിയായ അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള കടന്നുവരവ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. തീര്‍ച്ചയായും ഈ അവസരത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല, അനില്‍ ആന്റണിയെ ബി.ജെ.പിയിലേക്ക് ഹൃയംഗവമായി സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിന്റെ കയ്യില്‍ നിന്നാണ് അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ കൂടെയാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlight: v.muraledharan about anil antony

We use cookies to give you the best possible experience. Learn more