|

കേരളത്തിലെ സി.പി.എമ്മിന് ബംഗാളിലെ ഗതിയുണ്ടാകും : വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

v-m-sudheeran-01

തിരുവനന്തപുരം: പശ്ചിമബംഗാളിലെ ഗതി തന്നെയാണ് സി.പി.എമ്മിന് കേരളത്തിലും ഉണ്ടാകാന്‍ പോകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചുവെന്നാണ് ബംഗാളിലെ നേതാക്കള്‍ പോലും പറയുന്നത്. ഇത് കേരളത്തിലെ സി.പി.എം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ അവരുടെ വിനാശകാലമാണ് വരാനിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

അരുവിക്കരയില്‍ കെ.എസ് ശബരീനാഥന്റെ വിജയം ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പിന്തുണയും യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും ജി. കാര്‍ത്തികേയനോടുള്ള ഹൃദയവികാരത്തിന്റെ പ്രതിഫലനവുമാണ്.

ഈ വിജയം യു.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കരുത്തുപകരുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിനെതിരെയുള്ള തെറ്റായ എല്ലാ പ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതിന് തെളിവാണ് ഈ വിജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും സുധീരന്‍ പറഞ്ഞു.

അരുവിക്കരയില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഭിന്നിപ്പിന്റെ സ്വരമില്ലാതെ അടുക്കും ചിട്ടയുമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതാണ് വമ്പിച്ച ഭൂരിപക്ഷത്തിനുള്ള കാരണമായത്. യു.ഡി.എഫിനെതിരെ ഉയര്‍ന്ന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നേടിയ ഈ വിജയം അരുവിക്കര മണ്ഡലത്തിലെ വിജയം മാത്രമല്ല. തുടര്‍ന്ന് വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലസൂചനയാണ്.

ജി. കാര്‍ത്തികേയന്റെ ദീപ്ത സ്മരണകളോടുള്ള ജനങ്ങളുടെ ഹൃദയവികാരം പ്രതിഫലിക്കുന്ന വിധിയാണിത്. ശബരീനാഥന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാവിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് യുവാക്കളുടെ അതിരറ്റ പിന്തുണ നേടാനായി. സ്ഥാനാര്‍ത്ഥിയായി ശബരീനാഥനെ നിശ്ചയിച്ച തീരുമാനം ശരിവെയ്ക്കുന്നത് കൂടിയാണ് ഈ വിജയം സുധീരന്‍ പറഞ്ഞു.

എ.കെ ആന്റണിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ  തരംതാണ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ വെറുത്തുവെന്നതിന്റെ തെളിവ് കൂടിയാണിത്. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. ജനസമ്പര്‍ക്ക പരിപാടി പോലെയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഈ വിജയം കരുത്തുപകരും.

മദ്യലോബിയുടെ ശക്തമായ എതിര്‍പ്പിനെ അഭിമുഖീകരിച്ച് കേരള സമൂഹത്തില്‍ സമാധാനം കൈവരുത്താനും തലമുറകളെ രക്ഷിക്കാനും  വേണ്ടി നടപ്പാക്കിയ മദ്യനയത്തിന് സാര്‍വത്രികമായ പിന്തുണയാണ് ജനവിധിയിലൂടെ ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിലെ സ്ത്രീസമൂഹം മദ്യനയത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള താക്കീത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. സി.പി.എമ്മിന്റെ ജനകീയാടിത്തറ തകരുന്ന കാഴ്ചയാണിവിടെ. താല്‍ക്കാലിക നേട്ടത്തിന് വേണ്ടി ഇടതുപക്ഷം സ്വീകരിക്കുന്ന വര്‍ഗീയ പ്രീണനനയങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നതും അരുവിക്കരയില്‍ കണ്ടു. സി.പി.എമ്മിന്റെ അണികളും അവരുടെ വോട്ടുകളും വ്യാപകമായി ബി.ജെ.പിയിലേക്ക് പോയത് ഇതിനുള്ള തെളിവാണ്.

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എമ്മിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയാണിത്. സി.പി.എം ഇനിയെങ്കിലും അവരുടെ നയങ്ങളും നിലപാടുകളും തിരുത്തിയേ മതിയാകൂവെന്ന ശക്തമായ സന്ദേശമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് സുധീരന്‍ ഓര്‍മ്മിപ്പിച്ചു.

വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടി കൂടിയാണ് അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം. വി.എസിന്റെ വിലകുറഞ്ഞ വ്യക്തിവിരോധവും സ്ഥാനത്തിന് നിരക്കാത്ത പദപ്രയോഗങ്ങളും കേള്‍ക്കാന്‍ ആളുകൂടിയെങ്കിലും അത് കേട്ടവരെല്ലാം സി.പി.എമ്മിനെതിരെ പ്രതികരിക്കുകയായിരുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള ആദ്യസൂചനയാണ് അരുവിക്കരയിലേത്. രാജ്യനന്മയ്ക്കും മതേതരത്വ സംരക്ഷണത്തിനും കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ ചിന്തിക്കുന്നു. ആ വികാരം രാജ്യത്തൊട്ടാകെ സാര്‍വത്രികമായി ഉയര്‍ന്നിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ്ജനദ്രോഹ ഭരണത്തിനെതിരെ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നയിക്കുമ്പോള്‍ അരുവിക്കരയിലെ ജനവിധി അതിന് ശക്തിപകരുമെന്നും സുധീരന്‍ പറഞ്ഞു.

ഒ. രാജഗോപാലിനെ പോലൊരു സ്ഥാനാര്‍ത്ഥി വന്നതിനാലാണ് ബി.ജെ.പിക്ക് ഇത്രയധികം വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞത്. അതൊരു പൊതുട്രെന്റായി വിലയിരുത്താനാവില്ല. ബി.ജെ.പിക്ക് വോട്ട് വര്‍ധിച്ചതിനെക്കുറിച്ച് സി.പി.എം ഗൗരവമായി ആലോചിക്കണം. ബി.ജെ.പിക്ക് വളരാനുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ പാടില്ല.

കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ച് അരുവിക്കരയില്‍ പ്രചരണം നടത്താന്‍ എല്ലാവരും ഒന്നിക്കുന്ന കാഴ്ചയായിരുന്നു. രാഷ്ട്രീയമായി പലതട്ടില്‍ നില്‍ക്കുന്നവര്‍ പോലും ഇവിടെ  കോണ്‍ഗ്രസിനെതിരെ ഒന്നിച്ചു.  അരുവിക്കരയില്‍ അനുകൂലമായും പ്രതികൂലമായും പ്രചരണരംഗത്ത് ഉണ്ടായ എല്ലാവിഷയങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് വിലയിരുത്തുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.