'ചാഞ്ചാട്ട രാഷ്ട്രീയമാണ് മാണിയുടേത്; ഭാവിയില്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്?': വിമര്‍ശനവുമായി സുധീരന്‍
Kerala News
'ചാഞ്ചാട്ട രാഷ്ട്രീയമാണ് മാണിയുടേത്; ഭാവിയില്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്?': വിമര്‍ശനവുമായി സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th June 2018, 12:46 pm

കാസര്‍കോട്: രാജ്യസഭാ സീറ്റ് വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. സീറ്റ് വിവാദത്തില്‍ മാണിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ ബി.ജെ.പിയുമായി കൂട്ട് കൂടില്ലെന്ന ഉറപ്പ് യു.ഡി.എഫിനും ജനങ്ങള്‍ക്കും നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി തയ്യാറാണോയെന്ന് സുധീരന്‍ ചോദിച്ചു. മാണിയുടെ അസ്ഥിരമായ രാഷ്ട്രീയം ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമൂഹത്തില്‍ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. മാണിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്.


ALSO READ; സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗുണ്ടാ നേതാവ്


യു.ഡി.എഫിന് മാണി പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മകന്‍ ജോസ് കെ.മാണി കോട്ടയം ലോക്സഭാ സീറ്റില്‍ വീണ്ടും മത്സരിച്ചാല്‍ ജയിക്കില്ലെന്ന ഉറപ്പ് മാണിക്കുണ്ട്. അതിനാലാണ് അദ്ദേഹം രാജ്യസഭാ സീറ്റിന് വേണ്ടി മുന്നിട്ടിറങ്ങിയതെന്നും സുധീരന്‍ വ്യക്തമാക്കി.

ബി.ജെ.പി അടക്കം മൂന്ന് പാര്‍ട്ടികളുമായി മാണി സീറ്റിനായി വിലപേശി. അങ്ങനെയുള്ള മാണി ഭാവിയില്‍ ബി.ജെ.പിയുടെ മുന്നണിയിലേക്ക് പോകില്ലെന്ന് എങ്ങനെ ഉറപ്പിക്കും.

യു.ഡി.എഫ് വിട്ടുപോയപ്പോള്‍ മാണി ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇപ്പോള്‍ യു.ഡി.എഫിലുള്ള മാണി, ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഖേദം പ്രകടിക്കപ്പണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.