| Wednesday, 27th January 2021, 8:46 pm

അമിത് ഷായുടെ നിര്‍ദ്ദേശം സ്വീകരിച്ച സംഘടന; കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങിയ സംഘടന ഏത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടനയും അതിന്റെ നേതാവായ വി.എം. സിംഗ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറിയെന്ന് അവകാശപ്പെടുന്ന ഈ സംഘടനയേയും നേതാവായ വി.എം സിംഗിനെപ്പറ്റിയും ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. വി.എം സിംഗിന്റെ പിന്‍മാറ്റം പ്രക്ഷോഭത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടനയും അതിന്റെ നേതാവായ വി.എം. സിംഗും നേരത്തെ തന്നെ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് അകന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

വി.എം സിംഗ് തന്നെ നേതൃത്വം നല്‍കുന്ന അഖിലേന്ത്യ സംഘര്‍ഷ് കമ്മിറ്റി (AIKSC) യും ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (AIKSSCC)യും രണ്ടാണെന്നതാണ് റിപ്പോര്‍ട്ട്.

ദല്‍ഹി ചലോ പ്രക്ഷോഭ സമയത്ത് തന്നെ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായ സംഘടന നേതാവാണ് വി.എം സിംഗ്. ദില്ലി ചലോ യാത്രയുമായി കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലെത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ദല്‍ഹി സര്‍ക്കാര്‍ അനുവദിച്ച ഗ്രൗണ്ടിലേക്ക് പ്രക്ഷോഭം മാറ്റണമെന്നായിരുന്നു ഷായുടെ നിര്‍ദ്ദേശം. ഇത് പ്രക്ഷോഭകര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് കൂടിയാണ് വി.എം സിംഗ്.

കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് വി.എം സിംഗ് കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറിയത്.

വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നുവെന്നാണ് വി.എം സിംഗ് പറഞ്ഞത്.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അടക്കം നിരവധി നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.

തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 22 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം.

കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ദല്‍ഹി പൊലീസ് അവകാശപ്പെടുന്നുണ്ട്. 153 പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് വാദം.

കര്‍ഷകരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നും രാജ്യതലസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയത്. കര്‍ഷകര്‍ക്ക് റാലി നടത്താന്‍ പൊലീസ് അനുവദിച്ച പാത തെറ്റിച്ച് ഒരു വിഭാഗം കര്‍ഷകര്‍ പോയെന്നും അതുകൊണ്ടാണ് എഫ്.ഐ.ആര്‍ ചുമത്തിയതെന്നും ദല്‍ഹി പൊലീസ് പറയുന്നു.

പ്രതിഷേധക്കാരെ കണ്ടെത്തുന്നതിനായി പൊലീസ് എല്ലാ സി.സി.ടി.വി, മൊബൈല്‍ ഫൂട്ടേജുകളും പരിശോധിച്ചിരുന്നു. ഫൂട്ടേജുകളുടെ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും പൊലീസിനെ സഹായിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: V M Singh’s Withdrawal From Farmers Protest Won’t Affect The Whole Protest

We use cookies to give you the best possible experience. Learn more