തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സില്‍ തന്നെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ വി.എം രാധാകൃഷ്ണന്‍ ചരടു വലിച്ചതായി എം.സുന്ദരമൂര്‍ത്തിയുടെ മൊഴി. തമിഴ്‌നാട്ടിലെ പുളിയൂരിലുള്ള സിമന്റ് കമ്പനിയില്‍ സീനിയര്‍ ജനറല്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്ന തന്നെ മലബാര്‍ സിമന്റ്‌സില്‍ എം.ഡിയായി നിയമിച്ചതിന് പിന്നിലുള്ള സംഭവങ്ങളാണ് സുന്ദരമൂര്‍ത്തി മൊഴി നല്‍കിയിരിക്കുന്നത്.
എം.ഡി യായി നിയമിക്കുന്നതിന് മുമ്പ് വി.എം രാധാകൃഷ്ണന്‍ തന്നെ കോയമ്പത്തൂരിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ രാധാകൃഷ്ണനും എന്‍.ആര്‍ സുബ്രഹമണ്യവും ചേര്‍ന്ന് തനിക്ക് എം.ഡി പദവി വാഗ്ദാനം ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ പ്രവര്‍ത്തി പരിചയമില്ലെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ തങ്ങള്‍ നോക്കി കൊള്ളാമെന്ന് പറഞ്ഞതായും മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് കെ. പത്മകുമാര്‍ തന്നെ വിളിച്ചു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ തന്റെ താമസും യാത്രയും ഒരുക്കിയത് രാധാകൃഷ്ണനാണെന്നും സുന്ദരമൂര്‍ത്തി വ്യക്തമാക്കുന്നു.
ഇന്റര്‍വ്യൂവിന്റെ ദിവസം മന്ത്രി എളമരം കരീമിനെ കാണാന്‍ രാധാകൃഷ്ണന്‍ അവസരം ഒരുക്കിയെന്നും തന്റെ ശമ്പളക്കാര്യം മന്ത്രി പറഞ്ഞുവെന്നും സുന്ദരമൂര്‍ത്തിയുടെ മൊഴിയില്‍ പറയുന്നു. പിന്നീട് തന്നെ എം.ഡിയായി നിയമിച്ച കാര്യം വിളിച്ചറിയിച്ചതും രാധാകൃഷ്ണനാണെന്ന് അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു.