| Sunday, 17th December 2023, 6:51 pm

ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ബ്രോഷറിൽ പേരും ഫോട്ടോയും; അതിഥി അറിഞ്ഞില്ല, കരുതിക്കൂട്ടി അപമാനിക്കാനെന്ന് വി.കെ. സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യാതൊരു വിധ അറിയിപ്പോ തന്റെ അനുവാദമോ ഇല്ലാതെ ബ്രോഷറിൽ പേര് വെച്ചതിന് കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകർക്കെതിരെ എഴുത്തുകാരൻ വി.കെ. സുരേഷ്.

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 17ന് വടകര ടൗൺഹാളിൽ നടന്ന കടലും സാഹിത്യവും എന്ന വിഷയത്തിലെ ചർച്ചയിൽ വി.കെ. സുരേഷ് പങ്കെടുക്കുമെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച് സംഘാടകർ ബ്രോഷർ പുറത്തുവിട്ടിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വി.കെ. സുരേഷ് സംഘടകർക്കെതിരെ രംഗത്ത് വന്നത്.

സംഘാടകരാരും തന്നെ സമീപിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പേര് വെച്ച് മുങ്ങി എന്ന അപവാദത്തിൽ പെടുത്താനാണോ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമാണോ ബ്രോഷറിന് പിന്നിലെന്ന് വി.കെ. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

‘കുറച്ച് ദിവസം മുമ്പാണ് എന്റെ ഫോട്ടോ ഉപയോഗിച്ച ഫെസ്റ്റിന്റെ ബ്രോഷർ ഒരു വിദ്യാർത്ഥി അയച്ചു തന്നത്. ഞാൻ അത്ഭുതപ്പെട്ടു! എന്നോട് ചോദിക്കാതെയും അറിയിക്കാതെയും എന്റെ ഫോട്ടോ ഉപയോഗിച്ച് എന്തിനാണ് സംഘാടകർ ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നത്?

ഒരു പരിപാടിയിൽ പേര് വെച്ച് “മുങ്ങി ” എന്ന അപവാദത്തിൽപ്പെടുത്താനോ? അതോ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമോ?

ക്ഷണിക്കാത്ത പരിപാടിയിൽ പോയി നോവൽ സാഹിത്യത്തെക്കുറിച്ച് പ്രഭാഷണം ചെയ്യുന്ന പരിപാടിയോ ചർച്ച നടത്തുന്ന ശീലമോ എനിക്കില്ല. അങ്ങനെ മൈക്കിന് വേണ്ടി ഓട്ടപ്രദക്ഷിണം വെയ്ക്കുന്ന ആളുമല്ല,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കരുതിക്കൂട്ടി അപമാനിക്കുന്ന ഇത്തരം ഏർപ്പാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പോലെ സദുദ്ദേശ്യ കാര്യത്തിന് ഭൂഷണമല്ലെന്ന് സംഘടകർ മനസ്സിലാക്കണമെന്നും വി.കെ. സുരേഷ് പറഞ്ഞു.

CONTENT HIGHLIGHT: V.K. Suresh not approached by organizers; But photo in brochure of Kadathanad literature festival

We use cookies to give you the best possible experience. Learn more