national news
'കള്ളം പറയുന്നത് ശീലമാണ്': 6 സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയുണ്ടെന്ന കോൺഗ്രസ് വാദത്തിനെതിരെ കേന്ദ്രമന്ത്രി വി.കെ.സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 04, 01:04 pm
Saturday, 4th May 2019, 6:34 pm

ന്യൂദൽഹി: കോൺഗ്രസിന് കള്ളം പറയുന്നത് ഒരു ശീലമാണെന്നും കോൺഗ്രസ് ഭരണകാലത്ത് സർജിക്കൽ സ്ട്രൈക്കുകൾ നടന്നില്ലെന്നും കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ വി.കെ.സിംഗ്. യു.പി.എ. ഭരണകാലത്ത് 6 സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്ന കോൺഗ്രസിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു വി.കെ.സിംഗ്.

ഈ വാദം തെളിയിക്കാൻ സിംഗ് കോൺഗ്രസിനെ വെല്ലുവിളിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തു. 2008 മുതൽ 2014 യു.പി.എ. സർക്കാർ 6 സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നു എന്നാണ് കോൺഗ്രസ് ഇന്നലെ പറഞ്ഞിരുന്നത്.

‘കോൺഗ്രസിനെപ്പോഴും കള്ളം പറയുന്ന ശീലമുണ്ട്. ഞാൻ കരസേനാ മേധാവി ആയിരുന്നപ്പോൾ നടന്നുവെന്ന് നിങ്ങൾ പറയുന്ന സർജിക്കൽ സ്ട്രൈക്കുകൾ എപ്പോഴാണ് സംഭവിച്ചതെന്നു പറയാമോ?’ സിംഗ് പരിഹാസരൂപേണ കോൺഗ്രസിനോട് ചോദിച്ചു. ട്വിറ്റർ വഴിയാണ് വി.കെ. സിംഗ് ഇങ്ങനെ പ്രതികരിച്ചത്. ബി.ജെ.പിയുടെ ഗാസിയബാദിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയാണ് സിംഗ്.

മുൻ യു.പി.എ. സർക്കാർ 6 സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നു എന്ന് പറഞ്ഞുകൊണ്ട് ആദ്യം രംഗത്ത് വന്നത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗാണ്. കോൺഗ്രസിന് സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ആണെന്നും ഇന്ത്യയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് അവരർഹിക്കുന്ന മറുപടി നൽകുന്നതിന് വേണ്ടിയാണെന്നും സൈന്യത്തെ വോട്ടുകൾ നേടുന്നതിനായി ഉപയോഗിക്കുകയില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞിരുന്നു.

മൻമോഹൻ സിംഗിന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന്, യു.പി.എ കാലത്ത് രാജ്യത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണഅ കോണ്‍ഗ്രസ് ഈ വാദവുമായി രംഗത്തെത്തിയത്.

അധികാരത്തിലിരിക്കുന്ന സമയത്ത് നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ചിത്രവും പാര്‍ട്ടി പുറത്തു വിട്ടിരുന്നു. ‘2008 നും 2014 നും ഇടയില്‍ സൈന്യം ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ അതൊന്നും പ്രചാരണം നടത്താറില്ല.’ രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.