ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്ന 400 താല്‍ക്കാലിക ജീവനക്കാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന പിരിച്ചുവിട്ടതിന് പിന്നാലെ വിമര്‍ശനവുമായി ദല്‍ഹി സര്‍ക്കാര്‍. ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് പ്രസ്താവനയിലൂടെ സര്‍ക്കാര്‍ അറിയിച്ചു.
ഇന്നലെയായിരുന്നു വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന 400 ജീവനക്കാരെ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതിയില്ലാതെയാണ് ജോലി ചെയ്തിരുന്നതെന്നും തസ്തികയില്‍ പറഞ്ഞിരുന്ന വിദ്യാഭ്യാസ യോഗ്യത ഇവരില്‍ പലര്‍ക്കും ഇല്ലെന്നും കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി.
ഗവര്‍ണര്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമില്ലെന്നും ദല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.
‘ലെഫ്റ്റനെന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ദല്‍ഹി സര്‍ക്കാരിനൊപ്പം ജോലി ചെയ്യുന്നുവെന്നതിനാല്‍ 400 ജീവനക്കാരെ അദ്ദേഹം ശിക്ഷിക്കുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു.
പിരിച്ചുവിടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും ഗവര്‍ണര്‍ പാലിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ അവരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ കോടതിയില്‍ നേരിടും,’ സര്‍ക്കാര്‍ അറിയിച്ചു.
നിയമവിരുദ്ധമായി ജനാധിപത്യത്തിന് എതിരായാണ് എല്‍.ജി പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.
‘ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇതിനുള്ള അധികാരമില്ല. നിയമവിരുദ്ധമായി ജനാധിപത്യത്തിന് എതിരായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ദല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി ഓരോ ദിവസവും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം,’ പ്രസ്താവനയില്‍ പറയുന്നു.
എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് ഇവരെ നിയമിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
‘എല്‍.ജി പിരിച്ചുവിട്ട ജീവനക്കാര്‍ ഐ.ഐ.എം അഹമ്മദാബാദ്, ദല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ജെ.എന്‍.യു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് കാംബ്രിഡ്ജ് തുടങ്ങിയ കോളേജുകള്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും പംനം പൂര്‍ത്തിയാക്കിയവരാണ്. ഇവരെല്ലാം ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ച ശേഷമാണ് ഇവരെ നിയമിച്ചത്,’ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് നിര്‍ദേശിക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ പോളിസി പാലിക്കാതെയാണ് നിയമനമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ജീവനക്കാര്‍ സമര്‍പ്പിച്ച പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളൊന്നും അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചിട്ടില്ലെന്നും എല്‍.ജി പറയുന്നു.
Content Highlight: V K Saxena terminated 400 private persons employed by delhi government