'കെ.പി. ശശികല, കെ.സുരേന്ദ്രന്‍, പി.സി. ജോര്‍ജ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍'; രാഹുലിനെതിരെയുള്ള കേസ് വര്‍ഗീയ വാദികളായ കോണ്‍ഗ്രസുകാര്‍ക്കുള്ള താക്കീത്: വി.കെ. സനോജ്
Kerala News
'കെ.പി. ശശികല, കെ.സുരേന്ദ്രന്‍, പി.സി. ജോര്‍ജ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍'; രാഹുലിനെതിരെയുള്ള കേസ് വര്‍ഗീയ വാദികളായ കോണ്‍ഗ്രസുകാര്‍ക്കുള്ള താക്കീത്: വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 2:33 pm

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിതിരെയുള്ള കേസ് വര്‍ഗീയ വാദികളായ കോണ്‍ഗ്രസുകാര്‍ക്കുള്ള താക്കീതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കെ.പി ശശികലയും കെ. സുരേന്ദ്രനും ഒടുവില്‍ പി.സി. ജോര്‍ജുമൊക്കെ ഇതേ തരത്തില്‍ വര്‍ഗീയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകള്‍ നടത്തിയതിനാണ് മുന്നേ പൊലീസ് കേസെടുത്തതെന്നും വി.കെ. സനോജ് പറഞ്ഞു.

‘പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍.എസ്.എസിനെ രക്ഷിച്ചെടുക്കാനായി സി.പി.ഐ.എം മുസ്‌ലിം നാമധാരികളെ മനപൂര്‍വം കൊലയ്ക്ക് കൊടുക്കുന്നു എന്ന തരത്തില്‍ പച്ചക്കള്ളം സോഷ്യല്‍ മീഡിയ വഴി അടിച്ചിറക്കിയത്.

തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് അടക്കം കൊന്നുതള്ളിയ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇത്രയും നീചമായ ഒരു ഉളുപ്പിലായ്മ കോണ്‍ഗ്രസ് നേതാവ് നടത്തിയത്. സി.പി.ഐ.എം നേതാവ് ആര്‍.എസ്.എസുകാരുടെ കത്തി മുനയില്‍ കൊല്ലപ്പെട്ടു കിടക്കുമ്പോഴും അതിനെ സമൂഹത്തിന്റെ മതമൈത്രി തകര്‍ത്ത് ആര്‍.എസ്.എസിനൊപ്പം നേട്ടം കൊയ്യാനുള്ള വര്‍ഗീയ സാഹചര്യമായി കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഈ പ്രചാരണം അഴിച്ചുവിട്ടത്.

കെ.പി. ശശികലയും, കെ.സുരേന്ദ്രനും, ഒടുവില്‍ പി.സി. ജോര്‍ജുമൊക്കെ ഇതേ തരത്തില്‍ വര്‍ഗീയയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകള്‍ നടത്തിയതിനാണ് മുമ്പേ പൊലീസ് കേസെടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ പറഞ്ഞ അഭിപ്രായത്തോട് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ സമൂഹത്തിന് താല്‍പര്യമുണ്ട്,’ വി.കെ. സനോജ് പറഞ്ഞു.

വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും അതിനുള്ള കേസുകളും ഈ കാലത്തിനിടെ കേരളം സംഘപരിവാറുകാരില്‍ നിന്നും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളില്‍ നിന്നും മാത്രമാണ് കേട്ട് ശീലിച്ചത്. ഖദറുടുത്ത സംഘപരിവാറും കേരളത്തെ കലാപ ഭൂമിയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹത്തില്‍ പടര്‍ത്താന്‍ ശ്രമിച്ച വിഷം കേരളത്തെ പോലെ ഇടത് – മതേതര മൂല്യങ്ങള്‍ പേറുന്ന സാമൂഹിക ചുറ്റുപാടായത് കൊണ്ട് മാത്രം വളര്‍ന്നുപന്തലിക്കാഞ്ഞതാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പോലുള്ള ഇടങ്ങളില്‍ ഇത്തരം കള്ളങ്ങള്‍ തന്നെ വലിയ കലാപങ്ങള്‍ക്ക് ധാരാളമാണെന്നു സമീപ കാല അനുഭവങ്ങളില്‍ നിന്ന് തന്നെ നമുക്ക് മനസിലായതാണ്.

അത്തരം വിഷലിപ്തമായ ശ്രമങ്ങള്‍ക്ക് കേരളത്തിന്റെ സാമൂഹിക മൈത്രിയെ ഉപയോഗപ്പെടുത്താന്‍ നിന്ന കോണ്‍ഗ്രസിനകത്തെ ഈ യുവ പി.സി. ജോര്‍ജിനെതിരെ വന്ന കേസ് വര്‍ഗീയ കോമരങ്ങളായ കോണ്‍ഗ്രസുകാര്‍ക്കുള്ള താക്കീത് കൂടിയാണെന്നും വി.കെ. സനോജ് പറഞ്ഞു.