കൂടംകുളം: കോടതി വിധി ഒരു ജനതയുടെ മേല്‍ വര്‍ഷിച്ച ബോംബ്
Daily News
കൂടംകുളം: കോടതി വിധി ഒരു ജനതയുടെ മേല്‍ വര്‍ഷിച്ച ബോംബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2013, 2:59 pm

line

നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് നിസ്വരായ ജനത അവസാനത്തെ അഭയകേന്ദ്രമായി കണക്കാക്കപ്പെടുന്നത് നീതിപീഠങ്ങളെയാണ്. ഇവിടെ ഉന്നത നീതിപീഠം തന്നെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെതിരെയാണ് ആണവ യജമാനന്മാരെ പിന്തുണക്കുന്നുവെന്ന് തോന്നത്തക്കവിധമുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

line


എസ്സേയ്‌സ്/ വി.കെ. രവീന്ദ്രന്‍


രണ്ട് വ്യാഴവട്ടം മുമ്പ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂനിയന്‍ പ്രസിഡണ്ട് ഗോര്‍ബച്ചേവും സംയുക്തധാരണയിലെത്തിയ കൂടംകുളം ആണവ പദ്ധതിക്കെതിരെ  അന്നുമുതല്‍ ആരംഭിച്ച സമരം ഇന്നും തീഷ്ണമായി തുടര്‍ന്നുകൊണ്ടിരിക്കെ ഇന്ന്  സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ഒരു ജനതയുടെ അതിജീവന ശ്രമങ്ങള്‍ക്കെതിരെ വര്‍ഷിച്ച തീബോംബായി മാറുകയാണ്. []

നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് നിസ്വരായ ജനത അവസാനത്തെ അഭയകേന്ദ്രമായി കണക്കാക്കപ്പെടുന്നത് നീതിപീഠങ്ങളെയാണ്. ഇവിടെ ഉന്നത നീതിപീഠം തന്നെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെതിരെയാണ് ആണവ യജമാനന്മാരെ പിന്തുണക്കുന്നുവെന്ന് തോന്നത്തക്കവിധമുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

വിദഗ്ധരെല്ലാം ഏറെ ആശങ്കവച്ചുപുലര്‍ത്തുന്ന-വളരെയേറെ അപകടസാധ്യത ഉണ്ടെന്ന് കരുതുന്ന കൂടംകുളം ആണവനിലയത്തിന് ഒരു പ്രദേശത്തെ ജനതയുടെ താല്‍പര്യത്തേക്കാള്‍ വലുത് രാജ്യതാല്‍പര്യമാണ് എന്ന ന്യായം പറഞ്ഞുകൊണ്ട് ഏതുസാഹചര്യത്തിലും അപകടമുണ്ടാകാവുന്ന ഒരു അണുനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത് തികച്ചും നീതിനിഷേധമാണെ  ന്നും പറയാതെ നിര്‍വ്വാഹമില്ല.

ന്യായാസനത്തില്‍ ഇരിക്കുന്നവര്‍  ലോകത്ത് നടന്നതും നടക്കുന്നതുമായ വസ്തുതകള്‍ അറിയാത്ത ബധിര കര്‍ണ്ണരാണെന്ന് സാമാന്യേന കരുതാന്‍   നമുക്കാവില്ല.

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന ഉപാധികളിലൊന്നായി ആണവോര്‍ജ്ജത്തെ കാണാനും അതിന് ,ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മറികടന്നും പ്രവര്‍ ത്തനാനുമതി നല്‍കാനും സുപ്രീംകോടതി തന്നെ മുന്നോട്ടുവന്ന സ്ഥിതിക്ക് ജനങ്ങളുടെ അഭയകേന്ദ്രം എവിടെഎന്നചോദ്യം പ്രസക്തമാവുകയാണ്

 

ഫുക്കുഷിമയില്‍ ഈ അടുത്തകാലത്തുണ്ടായ ഭീകരമായ ആണവാപകടവും അതിന് മുമ്പ് ചെര്‍ണ്ണോബിലുണ്ടായ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സമാനതകളില്ലാത്ത ആണവാപകടവും അറിയാവുന്നവര്‍ കൂടംകുളം അണുനിലയം സുരക്ഷിതമാണെന്നും അപകടസാധ്യത ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്  വിശ്വസിച്ചാല്‍ അതിനെ തികഞ്ഞ അന്ധവിശ്വാസം എന്നുമാത്രം പറഞ്ഞാല്‍ പോര, ആണവലോബിയുടെ താല്‍പര്യങ്ങളോടുചേര്‍ന്നുപോകു ന്ന ഒരു നിലപാടാണ് എന്നുകൂടി പറയേണ്ടിവരും.

റഷ്യയില്‍നിന്ന് കൂടംകുളം നിലയത്തിനായി ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികള്‍ കുറ്റമറ്റതല്ലെന്നും ഇതു നല്‍കിയ കമ്പനിക്കെതിരെ റഷ്യയില്‍ തന്നെ നിരവധി കേസുകള്‍ നിലവിലുണ്ടെ ന്നും ഇതിനകം നാം മനസ്സിലാക്കിയതാണ്. കൂടംകുളത്തെ ആണവനിലയം തന്നെ പണിതുകൊണ്ടിരിക്കുന്നതിനിടയില്‍ ചില നിര്‍മ്മാണത്തകരാറുകള്‍ വെളിപ്പെട്ടതുമാണ്.

ഇതെല്ലാം അതിജീവനത്തിനായി സമരം ചെയ്യുന്ന കൂടംകുളത്തെ ജനതയും അവരോടൊപ്പം നില്‍ക്കുന്ന ആണവനിലയ വിരുദ്ധ ജനപക്ഷ ശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടിയതുമാണ്. എന്നിട്ടും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന ഉപാധികളിലൊന്നായി ആണവോര്‍ജ്ജത്തെ കാണാനും അതിന് ,ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മറികടന്നും പ്രവര്‍ ത്തനാനുമതി നല്‍കാനും സുപ്രീംകോടതി തന്നെ മുന്നോട്ടുവന്ന സ്ഥിതിക്ക് ജനങ്ങളുടെ അഭയകേന്ദ്രം എവിടെഎന്നചോദ്യം പ്രസക്തമാവുകയാണ്.

കോടതിവിധികളില്‍ വിധികര്‍ത്താക്കളുടെ മനോഭാവം സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന സംശയം ഈ അടുത്തകാലത്തായി ആശങ്കയുളവാക്കിയിട്ടുണ്ട്. വധശിക്ഷ കാത്ത് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞവര്‍ക്ക് ആ കാരണം കൊണ്ട് ഇളവനുവദിക്കാനാവില്ലെന്ന് ഒരുവിധിയുണ്ടായി ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും മറ്റൊരു വിധിയില്‍ ഇങ്ങനെ തടവുശിക്ഷ അനുഭവിച്ചയാളുടെ വധശിക്ഷ ഇളവുചെയ്യുകയും അത് ജീവപര്യന്തമായി കുറക്കുകയും ചെയ്തഅനുഭവവും നമ്മുടെ മുന്നിലുണ്ട്.

അതുകൊണ്ടുതന്നെ തികച്ചും തെളിവുകളുടെയും നിയമപരമായ പിന്‍ബലത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് വിധിന്യായങ്ങള്‍ ഉണ്ടാകുന്നത് എന്നു വിശ്വസിക്കുക പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. കൂടംകുളത്തിന്റെ കാര്യത്തില്‍ തന്നെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ നിലയം പ്രവര്‍ത്തിപ്പിക്കരുതെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനുള്ളില്‍ സുരക്ഷ ഉറപ്പാക്കിയെന്ന് സര്‍ക്കാര്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കുമ്പോള്‍ അതിലും സംശയം ജനിക്കുകയാണ്.