ബയോഡൈവേഴ്‌സിറ്റിയുടേയും ബയോഫീലിയയുടേയും ഉടല്‍ രൂപകങ്ങള്‍
Opinion
ബയോഡൈവേഴ്‌സിറ്റിയുടേയും ബയോഫീലിയയുടേയും ഉടല്‍ രൂപകങ്ങള്‍
വി.കെ അനില്‍കുമാര്‍
Monday, 25th March 2019, 11:40 pm

 

ഉത്തരമലബാറിലെ തെയ്യക്കാവുകള്‍ കേവലം മതാധിഷ്ഠിതമായ ആരാധന കേന്ദ്രങ്ങളല്ല. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ലിംഗാതീതമായി മനുഷ്യര്‍ ഒത്തുകൂടുന്ന, പ്രകൃതി ഒരുക്കിയ തുറസ്സായിരുന്നു തെയ്യക്കാവുകള്‍. മനുഷ്യര്‍ മാത്രമല്ല സൂക്ഷ്മ സ്ഥൂലങ്ങളായ നിരവധി ജന്തു സസ്യ ജാലങ്ങള്‍ തെയ്യമെന്ന അന്തമില്ലാത്ത കാരുണ്യത്തണലില്‍ അനുഷ്ഠാനത്തിന്റെ ഭാഗമാകുന്നു. കാവില്‍ ഭൗതികമായ ഒരു ദൈവാനുഭവവുമില്ല. മനുഷ്യനേക്കാള്‍ വിശുദ്ധാരണ്യകങ്ങള്‍ പരിഗണിക്കുന്നത് ഇതര ജീവല്‍സമൂഹങ്ങളെയാണ്. പാതിവഴിയില്‍ കടപുഴകി വീണവര്‍ വീണ്ടും ജീവിതത്തിലേക്ക് പച്ചിലക്കയ്യുകള്‍ വീശിയുയിര്‍ക്കുന്ന തെയ്യത്തേയും നാഗങ്ങളേയുമാണ് കാവില്‍ ആരാധിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ ഒരുപാട് വര്‍ഷങ്ങള്‍ കൂടുമ്പോഴോ മാത്രമാണ് കാവുകളില്‍ തെയ്യം കെട്ട് നടക്കുന്നത്. കാവില്‍ മറ്റ് ആരാധനയോ പൂജയോ വഴിപോടുകളോ നിലനില്‍ക്കുന്നില്ല. അന്തിത്തിരിയന്‍ തെളിയിക്കുന്ന അന്തിത്തിരി മാത്രമാണ് കാവിന്റെ ഏക ദൈവസാക്ഷ്യം.

മൂലധനതാല്‍പര്യം മുന്‍നിര്‍ത്തി മതം കോണ്‍ക്രീറ്റ് സൗധങ്ങളായി കാവുകള്‍ക്ക് മുകളില്‍ അത്യുഷ്ണം പെയ്ത് പടര്‍ന്ന് പന്തലിക്കുന്നത് ചാതുര്‍വര്‍ണ്ണ്യാനന്തരം പൗരോഹിത്യാധിപത്യത്തോടെയാണ്. കടല്‍ കടന്നുവന്ന ബ്രാഹ്മണ്യത്തിന് തെയ്യത്തെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്താനായിട്ടില്ല. ഒരു ദേശത്തിലെ കാവില്‍ നിന്നും മറ്റൊരു ദേശത്തിലെ കാവിലേക്ക് സഞ്ചരിച്ച് തെയ്യങ്ങളാല്‍ പരാഗണം ചെയ്യപ്പെട്ടുകൊണ്ടാണ് കാവുകളുടെ തുടര്‍ച്ചകള്‍ സംഭവിക്കുന്നത്.

നെയ്തല്‍ മുതല്‍ കുറുഞ്ചിവരെ ഐന്തിണകളുടെ ഭൂമിശരീരങ്ങളില്‍ കൊടുങ്കാടിനെ പകര്‍ത്തുന്ന സമാനതകളില്ലാത്ത അനുഷ്ഠാനമാണ് തെയ്യം. മതത്തെ കേന്ദ്രീകരിച്ചു കൊണ്ട് ദൈവത്തെയല്ല മനുഷ്യനുള്‍പ്പെടുന്ന മുഴുവന്‍ ജീവജാലങ്ങളെയുമാണ് വന്‍മരങ്ങളിലിരിക്കുന്ന തെയ്യം അഭി സംബോധന ചെയ്യുന്നത്. കമ്മാടം കാവ്, തെയ്യോട്ട് കാവ്, തവിടിശ്ശേരിക്കാവ്, നീലിയാര്‍കോട്ടം, ഇടയിലെക്കാട്ട് കാവ്, മാപ്പിട്ടച്ചേരിക്കാവ്, ശൂലാപ്പുകാവ്, പലിയേരിക്കാവ്, മന്നന്‍പുറത്തുകാവ് അങ്ങിനെയങ്ങിനെ പച്ചയിറ്റുന്ന എത്രയെത്ര ദേവമുദ്രകള്‍. എല്ലാ അധിനിവേശങ്ങള്‍ക്കൊടുവിലും ബാക്കിയായ ഇത്തിരിക്കുളിര്‍പ്പടര്‍പ്പുകള്‍. പ്രകൃതിയുടെ ലിഖിതങ്ങള്‍ മനുഷ്യന് വായിച്ചെടുക്കുവാന്‍ സ്വയമൊരു പാഠപുസ്തകമായി തെയ്യമൊരുക്കിയ പാഠശാലകള്‍. കാര്‍ബോണിഫോറസ് കാലത്തെ ചരിത്രം രേഖപ്പെടുത്തുന്ന സയാത്തിയമെന്ന അത്യപൂര്‍വ്വ സസ്യമുള്ള ഒരേയൊരു തെയ്യക്കാവാണ് കാസര്‍കോട് ജില്ലയിലെ കമ്മാടം കാവ്. 95 ഏക്കറാണ് കാവിന്റെ വിസ്തൃതി. കുടക് മലനിരകള്‍ അതിരിടുന്ന ഈ നിത്യഹരിത ഛായയാണ് കേരളത്തിലെ ഏറ്റവും വലിയ കാവ്. പക്ഷേ പാഠപുസ്തകങ്ങളില്‍ 20 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള എറണാകുളം ജില്ലയിലെ ഇരിങ്ങോള്‍ കാവാണ് വലുപ്പത്തിന്റെ പട്ടം ചൂടി ഒന്നാമതെത്തിയിരിക്കുന്നത്.

ക്ഷേത്രങ്ങളുടെയും സംസ്‌ക്കാരങ്ങളുടേയും നഗരിയായ തൃശ്ശൂരില്‍ ഒരേക്കറില്‍ കൂടുതലുള്ള രണ്ടേ രണ്ട് കാവ് ( പാമ്പുമ്മേക്കാട്ട് കാവ് ശങ്കുകുളങ്ങരക്കാവ്) മാത്രം ശേഷിക്കുമ്പോള്‍ ഉത്തര കേരളത്തില്‍ ഒരേക്കറില്‍ കൂടുതലുള്ള 250 ല്‍ അധികം കാവുകളുണ്ട്. കാവില്‍ ഇരുമ്പ് കൊണ്ടുപോകരുത്, കാവ് തീണ്ടിയാല്‍ കുളം വറ്റും കുലം മുടിയും, കാവിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടരുത്, ഒറ്റമരം കാവല്ല. അരുതുകളുടെ ജൈവവേലികള്‍ കാവില്‍ ആരും വളച്ചു കെട്ടിയതല്ല. നീലിയാര്‍കോട്ടം തെയ്യോട്ട് കാവ് തവിടിശ്ശേരി കാവ് പോലുള്ള ഇരുമ്പ് തീണ്ടാത്ത കന്യാവനങ്ങളിലാണ് മനുഷ്യന്‍ അവന്റെ സ്വത്വം പേറുന്ന, അവന്‍ തന്നെ ദൈവത്തിന്റെ ഭാഷാന്തരീകരണമാകുന്ന തെയ്യത്തെ കൂടിക്കാണുന്നത്. ബ്രാഹ്മണേതരമായ സംസ്‌ക്കാരം രൂപപ്പെടുത്തുന്നതില്‍ ഇങ്ങനെയും ചില വഴികള്‍ തെയ്യം വെട്ടിത്തെളിച്ചിട്ടുണ്ട്.

പശുവും പുലിയും സൗഖ്യത്തോടെ വാഴുന്ന ഭൂമി

ഓരോ കാടകവും ദേവസങ്കേതങ്ങളാകുന്നത് വ്യത്യസ്തങ്ങളായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. ബ്രാഹ്മണ്യത്തിന് പൂര്‍ണ്ണമായും വഴങ്ങാത്ത നാട്ട് ദേവതമാരുടെ ചോര ചാറിച്ചുകന്ന കാട്ടിലെ പൂമരങ്ങള്‍, കീഴടങ്ങാത്ത പെണ്‍വീറിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. കമ്മാടം കാവും തവിടിശ്ശേരിക്കാവും മൃതസഞ്ജീവനികള്‍ തഴച്ച അതിജീവനങ്ങളാണ്. കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഭൂമി സൗന്ദര്യമാണ് നീലിയാര്‍ കോട്ടത്തിന്റേത്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ സ്ഥിചെയ്യുന്ന 20 ഏക്കര്‍ വിസ്തൃതിയിലുള്ള വിപിനകാന്തിയാണ് നീലിയര്‍കോട്ടം. ഉത്തര കേരളത്തിലെവിടെയുമില്ലാത്ത തെയ്യാരാധനയാണിവിടെ.

പത്താമുദയത്തിലെ തുലാവിഷുവില്‍ തുടങ്ങി മേടവിഷുവിലൊടുങ്ങുന്ന തെയ്യത്തിന്റെ ഋതുഭേദങ്ങള്‍ക്ക് പുറത്താണ് പച്ചക്കാട്ടിലച്ചിയായ നീലിയാര്‍ ഭഗവതിയുടെ സൈ്വര്യ സഞ്ചാരം. തെയ്യത്തിലെ എല്ലാ നിയമവ്യവസ്ഥയ്ക്കും മുകളിലാണ് നീലിയെന്ന പുലയിപ്പെണ്ണിന്റെ ജീവിതം കാട് കയറി വളര്‍ന്നത്. അടിച്ച കാറ്റും ചോര്‍ന്ന വെയിലും തോര്‍ന്ന മഞ്ഞും കൊണ്ട് നീലിയെന്ന മരതക മാണിക്യം മാങ്ങാട് ദേശത്തിനെ ഹരിത ദീപ്തമാക്കി. മാസ സംക്രമമല്ലാത്ത ചൊവ്വ, ഞായര്‍ ദിവസങ്ങളിലും കര്‍ക്കിടക സംക്രമത്തിന് ശേഷമുള്ള 16 ദിവസങ്ങളിലും കാണാക്കാട്ടിലേക്ക് തെയ്യം മറഞ്ഞു പോകും. ഈ വിശേഷ ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മാങ്ങാടന്‍ ദാസന്‍ പെരുവണ്ണാന്‍ നീലിയാര്‍ ഭഗവതി തെയ്യമായി കൂട്ടായ്മയുടെ സങ്കടക്കൂറുകള്‍ക്ക് കാതോര്‍ക്കും.

എല്ലാ ദിവസവും അന്തിവാനവും ദാസന്‍ മാങ്ങാടനും ഒരുമിച്ച് മുഖത്ത് ചായില്ല്യച്ചോപ്പ് തേക്കും. തനിക്ക് ചുറ്റു കൈകൂപ്പി നില്‍ക്കുന്ന മനുഷ്യരുടേയും പക്ഷി മൃഗ സസ്യങ്ങളായ പൈതങ്ങളുടേയും മനസ്സുകളുടെ ഉണങ്ങാത്ത മുറിവുകളില്‍ തെയ്യം മഞ്ഞള്‍ക്കുറി തൊടുവിച്ച് കുളിര്‍മ്മ പകരും. നേരമിരുട്ടുമ്പോള്‍ മുഖത്തെഴുത്ത് മായ്ച്ച് ദൈവത്തിന്റെ ഭാരമഴിച്ച് വെച്ച് പെരുവണ്ണാനും മൂവന്തിയും ഒരുപോലെ ഇരുളിലേക്ക് നടന്നു മറയും. നീലിയാര്‍കോട്ടത്തെ തെയ്യത്തെ ഒരു തവണയെങ്കിലും കണ്ടാല്‍ ദൈവത്തെക്കുറിച്ച് നിങ്ങള്‍ ഇന്നോളം വെച്ചുപുലര്‍ത്തിയ എല്ലാ സങ്കല്‍പങ്ങളും വിശ്വാസങ്ങളും ആവിയായിപ്പോകും.

പശവും പുലിയും സൗഖ്യത്തോടെ കഴിയുന്ന വൈരം മറന്ന മണ്ണാണ് അമ്മ ആരൂഢമായി സ്വീകരിച്ചത്. ഇരയും ഇരപിടിയനും തമ്മിലുള്ള ഹിംസയുടെ പകയെരിയുന്ന ദ്വന്ദം ഇവിടെയില്ലാതാകുന്നു. തെയ്യാരാധനയുടെ ഏറ്റവും വ്യത്യസ്തമായ സമ്പ്രദായമാണവിടെ അനുവര്‍ത്തിക്കുന്നത്. ആന്തൂര്‍ നായന്മാരെന്ന കുലാലന്മാരാണ് നീലിയാര്‍ കോട്ടത്തിന്റെ അവകാശികള്‍.

ഉത്തര മലബാറിലെ കാവുകളില്‍ കുലാലന്മാര്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. കാട്ടില്‍ മരങ്ങള്‍ കടപുഴകുകയോ നശിച്ചുപോവുകയോ ചെയ്താല്‍ മറ്റാരും അത് തൊടാന്‍ പാടില്ല. മണ്‍പാത്രങ്ങളുണ്ടാക്കുന്ന കുശവന്മാരാണ് അതിന്റെ അധികാരികള്‍. മറ്റ് തെയ്യാരാധനയില്‍ നിന്നും നീലിയാര്‍ കോട്ടം വ്യത്യസ്തമാകാന്‍ പല കാരണങ്ങളുണ്ട്. പശുവും പുലിയും ഒന്നാകുന്നിടത്ത് വൈരവും ഹിംസയും ഇല്ലാതാകുന്നു, അതിരറ്റ കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും കുളിര്‍മ്മയെയാണ് തെയ്യം ആരൂഢമായി സ്വീകരിച്ചിട്ടുള്ളത്. മനുഷ്യനെക്കാള്‍ കോട്ടത്തമ്മ ഇതര ജീവജീലങ്ങളേയും കാത്ത് പരിപാലിച്ചു. ഒരിക്കലും ചേരാത്ത പശുവും പുലിയുമിരിക്കുന്നേടത്തു തന്നെയാണ് ഒരിക്കലും ചേരാത്ത ബ്രാഹ്മണ്യവും തെയ്യവും ഒരുമിച്ചിരിക്കുന്നത്. കാവില്‍ അല്‍പം മാറി താഴെ ഇപ്പോഴും ബ്രാഹ്മണ പൂജ നടക്കുന്നുണ്ട്.

ബ്രാഹ്മാണാധിപത്യത്തെ തെയ്യം അനായാസം പ്രതിരോധിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ബ്രാഹ്മണ മന്ത്രങ്ങളെ ചവുട്ടിയരച്ചു കൊണ്ട് പെരുവണ്ണാന്‍ നീലിപ്പുലയിയായി ഉറഞ്ഞാടുന്നത്.

നീലി സങ്കല്‍പം കേരളത്തിലുടനീളം നിലനില്‍ക്കുന്നതാണ്. നീലിമലയും നീലിക്കാടും നീലിയെന്ന യക്ഷിയും പലപല ദേശങ്ങളുടെ പുരാവൃത്തപ്പകര്‍ച്ചകളായി നിലനില്‍ക്കുന്നു. പക്ഷേ നീലി തെയ്യമാകുമ്പോള്‍ സഹനവും അതിജീവനവും രക്തസാക്ഷ്യവും ഇതിവൃത്തമായി ദുരന്തങ്ങളിലകപ്പെട്ട് പോകുന്ന മനുഷ്യന്റെ സമാനതകളില്ലാത്ത ജീവിതത്തെ കാലാതിവര്‍ത്തിയായി മണ്ണിലാവിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നത്. നീലിയാര്‍കോട്ടത്തമ്മയെന്ന പച്ചക്കാട്ടിലച്ചിക്ക് പറയാനുള്ളതും മറ്റൊരു കഥയല്ല. കൊട്ടിയൂരിന്റെ താഴ്‌വരതടങ്ങളിലെ മണത്തണയാണ് ദേശം. കുഞ്ഞിക്കാളിയുടേയും ചാത്തന്‍ പുലയന്റേയും പൊന്മകള്‍. പുലച്ചിപ്പെണ്ണിന്റെ താരുണ്യ കാന്തി. അവളോട് മോഹം പെരുത്ത തമ്പുരാന്റെ ഇച്ഛയ്ക്ക് വഴങ്ങിയില്ല. നാല് തറക്കലെ തമ്പ്രാമ്മാര് കുഞ്ഞി നീലിക്ക് വ്യഭിചാരക്കുറ്റമാരോപിച്ചു. കടിഞ്ഞീലും കടശ്ശീലും പെറന്ന മോളെ അച്ഛനായ ചാത്തമ്പുലയന്‍ കല്‍ത്തറയില്‍ കഴുത്തറുത്ത് ദേവിക്ക് ബലി നല്‍കണം. പുലയമൂപ്പന്‍ തമ്പുരാന്മാര്‍ക്ക് വേണ്ടി മകളെ കൊത്തിക്കീറി.

പക്ഷേ നീലിയുടെ മോഹമടങ്ങിയില്ല. അവള്‍ യക്ഷിയായി. താളിതേച്ച് മിനുക്കിയെടുത്ത ശരീര കാന്തിയായി തന്നെ ചതിച്ച പുരുഷന്മാരുടെ കാമമടക്കി ചോരകുടിച്ചു. ആര്‍ക്കും കീഴടക്കാനാകാത്ത നീലിയക്ഷിയെ എല്ലാവരും ഭയന്നു. പക്ഷേ ഏത് യക്ഷിയേയും കീഴടക്കിയ ചരിത്രമുള്ള കാളകാട്ട് തന്ത്രി നീലിയെന്ന പുലയിപ്പെണ്ണിനെ കീഴ്‌പ്പെടുത്തി. കുളക്കടവിലെത്തുന്ന പുരുഷന്മാര്‍ക്ക് തേക്കാന്‍ താളി നല്‍കി ജലക്രീഡ ചെയ്ത് അവരെ പിഴിഞ്ഞ് താളിയാക്കി ചോരകുടിക്കലാണ് നീലിയക്ഷിയുടെ ഇഷ്ട വിനോദം. പലതരത്തിലുള്ള യക്ഷിപ്പെണ്ണുങ്ങളെ കീഴ്‌പ്പെടുത്തിയ തന്ത്രി നീലി നല്‍കിയ താളി തലയില്‍ തേക്കാതെ അങ്ങിനെത്തന്നെ കുടിച്ചു. ഒരൊറ്റവ്യവസ്ഥയില്‍ നീലി വീണ്ടും തന്ത്രിക്ക് കീഴടങ്ങി. കാളകാട്ട് തന്ത്രി നീലിപ്പുലയിയെ മന്ത്രങ്ങള്‍ കൊണ്ട് ബന്ധിച്ചു. പശുവും പുലിയും സൗഖ്യത്തോടെ കഴിയുന്ന വനഹൃദന്തത്തില്‍ തന്നെ തുറന്ന് വിടണമെന്ന് കല്‍പിച്ചു. നീലിയുടെ ശക്തി മനസ്സിലാക്കിയ തന്ത്രി ആന്തൂരിലെ മാങ്ങാട്ട് പറമ്പിലെ നിബിഢ വനത്തിലെത്തി. പശുവും പുലിയും ഒരുമിച്ചുറങ്ങുന്ന പാറയില്‍ നീലിപ്പെണ്ണിനെ അഴിച്ചു വിട്ടു. ദുരന്തങ്ങളും പുരാവൃത്തങ്ങളും തന്ത്രിയുടെ ആവാഹന മന്ത്രങ്ങളേയും അതിജീവിച്ച് പച്ചക്കാട്ടിലച്ചിയായി നീലിയാര്‍കോട്ടത്തമ്മ ചരിത്രമായും പുരാവൃത്തമായും നാട്ടു മൊഴികളായും കായ്ച്ച് വിളഞ്ഞ് കിടന്നു. സവര്‍ണ്ണതയുടൈ സാംസ്‌ക്കാരികാധിപത്യങ്ങളെ പൊരുതി തോല്‍പിച്ചു കൊണ്ടിരുന്നു. മാങ്ങാട്ട്പറമ്പ നഗര മധ്യത്തിലെ തമാല വനത്തില്‍ എല്ലാ സന്ധ്യകളിലും നീലിയാര്‍ ഭഗവതി തെയ്യം പഞ്ചവര്‍ണ്ണ പതംഗമായി പാറിപ്പറന്നു.

നാല് വള്ളിത്തണ്ടും നാല് സര്‍പ്പാത്താന്മാരും മുട്ടോളം ചപ്പും

കണ്ണൂര്‍ ജില്ലയിലെ അറുപത്തിയഞ്ചോളം പ്രധാനപ്പെട്ട കാവുകളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമുള്ള നീലിയാര്‍ കോട്ടം മാങ്ങാട് ദേശത്തിന്റെ പാരിസ്ഥിതിക സംതുലനത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഉത്തര കേരളത്തിലെ കാവുകളൊക്കെ ക്ഷേത്രങ്ങളായി മതം മാറുമ്പോള്‍ കോലം തികഞ്ഞ കോലത്ത് നീലിയാര്‍കോട്ടം കാവിന്റെ ഗ്രാവിഡ സ്വത്വം കോട്ടം തട്ടാതെ അതുപോല പരിപാലിക്കുന്നുണ്ട്. നമ്പൂതിരയുടെ പൂജയുണ്ടെങ്കിലും നീലിയാര്‍കോട്ടത്ത് തന്ത്രിയെക്കണ്ട് സായൂജ്യമടയുവാന്‍ ആരും വരാറില്ല. കാട്ടിനകത്തെ തെയ്യത്തെ കാണാനും വനഭംഗി ആസ്വദിക്കുന്നതിനുമാണ് ജനങ്ങളെത്തുന്നത്. ഒരു ദൈവത്തിന് വേണ്ടുന്ന എല്ലാ ആര്‍ഭാടങ്ങളേയും തെയ്യം വര്‍ജിക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. കാവ് കാടായി വളരുന്നതിവിടെയാണ്. ഒരാവാസ വ്യവസ്ഥയെ തന്നോടൊപ്പം ചേര്‍ത്ത് നിര്‍ത്തി സഹജീവി സ്‌നേഹത്തിന്റെ പര്യായമായി തെയ്യം ആഗോള പാരിസ്ഥിതിക ദര്‍ശനങ്ങള്‍ക്ക് അത്യുദാത്ത മാതൃകയാകുന്നു.

കേരളത്തിലെ അതിവിശിഷ്ടഭൂമികയാണ് തെയ്യം കാനനപ്പടര്‍പ്പുകള്‍ വിടര്‍ത്തി തണലൊരുക്കുന്ന നീലിയാര്‍ കോട്ടം. പ്രകൃതി സ്‌നേഹികളെ, പരിസ്ഥിതി പ്രവര്‍ത്തകരെ പക്ഷി നിരീക്ഷകരെ, പ്രാചീനമായ കാവിന്റെ പശ്ചാത്തലത്തില്‍ തെയ്യത്തെ കാണാനാഗ്രഹിക്കുന്നവരെ ഈ ആരണ്യ കാണ്ഡം ഏറെ ആകര്‍ഷിക്കുന്നു. അത്യപൂര്‍വ്വങ്ങളായ സസ്യങ്ങള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍. ഉരഗങ്ങള്‍ കോട്ടത്തമ്മയുടെ ഇഷ്ട സന്താനങ്ങള്‍ കേരളത്തിലെ കാവുകളെ കുറിച്ച് സമഗ്രമായി പഠനം നടത്തീട്ടുള്ള ഇ. ഉണ്ണികൃഷ്ണന്‍. വി. സി. ബാലകൃഷ്ണന്‍ എന്നീ മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ നീലിയാര്‍ കോട്ടത്തെ ജൈവസമ്പത്തിനെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

222 ഇനം സസ്യകുലങ്ങള്‍ കോട്ടത്തമ്മയുടെ സ്തന്യം നുര്‍ന്ന് കാവിനത്ത് വളരുന്നതായി വി.സി. സാക്ഷ്യപ്പെടുത്തുന്നു. മരക്കാശാവിന്റെ മാസ്മരികത ആരുടേയും മനം മയക്കും. മുന്നൂറിലധികം മരക്കാശാവുകളാണിണിവിടെ കായാമ്പൂക്കവിതകളായി പൂവിട്ടിരിക്കുന്നത്. ഇത്രധികം കായാമ്പൂക്കുലകള്‍ കേരളത്തില്‍ വേറെവിടെയും കാണാനകില്ല. വെണ്‍ ഞാറ, ഞാവല്‍ തുടങ്ങിയ വന്‍മരങ്ങള്‍. വളര്‍മണി എന്ന കുറ്റിച്ചെടി കൊണ്ടാണ് അടിക്കാട് അലങ്കരിച്ചിരിക്കുന്നത്.

ഓരിലത്താമരെയെന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍ പതിച്ച് തെത്തിന്റെ ഉടയാടകള്‍ മോടി പിടിപ്പിച്ചിരിക്കുന്നു. കൂനന്‍പാല, കുറുംകനി, വെണ്‍ഞാറ, മരോട്ടി, നായുരുപ്പ്, ചേരല്‍, വള്ളിക്കാഞ്ഞിരം, ഏകനായകം കൂവച്ചെക്കി, കദംവള്ളി , പച്ചച്ചെക്കി എന്നിങ്ങനെയുള്ള 15 ഇനം സസ്യങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടു വരുന്നതാണ്. നൂറില്‍ അധികം വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂമ്പാറ്റകള്‍ കോട്ടത്തമ്മയുടെ മുഖകമലത്തിന് ചുറ്റും ചിറകടിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഢശലഭത്തെയും പച്ചക്കാട്ടിലച്ചി സംരക്ഷിക്കുന്നു.

നമ്മുടെ സ്വന്തം ചിത്രശലഭമായ ബുദ്ധമയൂരിക്കും തന്റെ തട്ടകത്തില്‍ തെയ്യം സ്ഥാനം നല്‍കി. വന്യജീവി നിയമ വകുപ്പ് അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന പുള്ളിവാലന്‍, ചക്കരറോസ്, വഴനപ്പൂമ്പാറ്റ തുടങ്ങിയ ശലഭ ജീവിതങ്ങളെ നീലിയാര്‍കോട്ടത്തമ്മ തന്റെ വന്യ വിസ്താരത്തില്‍ ഒന്നാം പട്ടികയില്‍പ്പെടുത്തി കാത്ത് രക്ഷിക്കുന്നുണ്ട്. നിത്യഹരിതവനങ്ങളിലെ പാട്ടുകാരന്‍ ചൂളക്കാക്ക, ദേശാടകരായ റൈനക്ക് വുഡ്‌പെക്കര്‍, ഉള്‍പ്പെടെ അഞ്ചിനം മരംകൊത്തികളുടേയും കൂടാണ് പച്ചക്കാട്. കരിങ്കിളി, ഗ്രേ വാഗ് ടെയില്‍ ബൂട്ടട് ഈഗിള്‍ കാവി, നാഗമോഹന്‍, തുടങ്ങിയ പന്ത്രണ്ടോളം വിരുന്നുകാരെയും തെയ്യം സംരക്ഷിക്കുന്നു. മലമ്പുള്ളെന്ന അപൂര്‍വ്വമായ പക്ഷിയുടെ പ്രജനനകേന്ദ്രം കൂടിയാണിവിടം. തൊണ്ണൂറോളം പക്ഷി കുലങ്ങള്‍ക്ക് കോട്ടത്തമ്മ പോറ്റമ്മയാണ്.

നീലിയാര്‍കേട്ടമെന്ന തെയ്യക്കാവ് സംരക്ഷിക്കപ്പെടണം അവിടുത്തെ സ്വാഭാവിക പ്രകൃതി അതുപോലെ നിലനില്‍ക്കണമെന്നത് കേവലം പരിസ്ഥിതി പ്രവര്‍ത്തകരുടെ മാത്രം വേവലാതിയല്ലെന്ന് തിരിഞ്ഞില്ലേ. മാങ്ങാട്ട് പറമ്പിന്റെ ശ്വാസകോശമരിയുന്നതിനുള്ള മഴു രാകിമിനുക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിന് ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള വിശാലമായ ,ചെങ്കല്‍ പരപ്പിലാണ് കാവ് കാട് കയറി വളര്‍ന്നിട്ടുള്ളത്. എല്ലാ മഴക്കാലവും കാവിന് നീരൊഴുകി മറിയുന്ന തോടിനെ സമ്മാനിക്കുന്നു. തെയ്യത്തിന്റെ ചൈതന്യവുമായി ദേവവാഹിനിയായി ഈ നീര്‍ച്ചോല നൂറു മീറ്റര്‍ സഞ്ചരിച്ച് പുന്നേക്കുളങ്ങര തോട്ടിലേക്കും തുടര്‍ന്ന് കുറ്റിക്കോല്‍ പുഴയിലേക്കും ഒഴുകിയവസാനിക്കുന്നു.

നീലിയാര്‍ കോട്ടമെന്നത് അത്രയും പാവനമായ ഒരിടമാണ്. തെയ്യം എല്ലാ സ്വാസ്ഥ്യത്തോടെയും നില നില്‍ക്കുന്നതിനായി പശുവിനേയും പുലിയേയും അപ്പുറവും ഇപ്പുറവുമായി കാവല്‍ നിര്‍ത്തി കാത്തു പരിപാലിക്കുന്ന മണ്ണ്. നാല് വള്ളിത്തണ്ടിലും നാല് സര്‍പ്പത്താന്മാരിലും മുട്ടോളം ചപ്പിലും പ്രകൃതിയുടെ പരമ്പരകളെയാണ് തെയ്യം സംരക്ഷിക്കുന്നത്. പക്ഷേ മാറിയ കാലത്ത് കാടും കാവും തേച്ചാലും മായ്ച്ചാലും മായാത്ത സത്യം വിളിച്ചു പറയുന്ന തെയ്യവും അലോസരമാകുന്നു. എന്നേ നശിപ്പിച്ചോടിച്ച ദാരികന്മാരുടെ കയ്യിലാണ് താനകപ്പെട്ടിരിക്കുന്നതെന്ന സത്യം ഇന്നത്തെ തെയ്യത്തിനറിയില്ല. തെയ്യമലിഞ്ഞ കാട്ടിലെ വിലമതിക്കാനാകാത്ത നിധിസഞ്ചയങ്ങള്‍ മാന്തിയെടുക്കുന്നതിനായി സ്വര്‍ണ്ണനാണയാഭരണങ്ങള്‍ കിലുങ്ങുന്ന മടിശ്ശീലയുമായി നവദാരികരെത്തിക്കഴിഞ്ഞു. യന്ത്രക്കൈകള്‍ നീലിയാര്‍കോട്ടത്തമ്മയെ മാന്തിയെടുക്കാന്‍ ഇന്ധനം നിറച്ച് കാത്തു നില്‍ക്കുമ്പോള്‍ കാവിലെ സൂക്ഷ്മ സ്ഥൂല ജീവജാലങ്ങളായ അന്തേവാസികളെ ഏത് അഭയാര്‍ത്ഥി ക്യാമ്പിലാണ് പാര്‍പ്പിക്കുക.

ഗ്യാസ് ചേമ്പറുകളാകുന്ന തെയ്യക്കാവുകള്‍

കാവുകള്‍ ക്ഷേത്രവല്‍ക്കരിക്കുന്നു എന്നത് എത്രയോ വട്ടം ആവര്‍ത്തിച്ച് പഴകി പദം വന്നു പോയ യാഥാര്‍ത്ഥ്യമാണ്. ഒരു കാവ് പുണ്യാഹത്തില്‍ മുങ്ങി പൂണൂല്‍ ധരിച്ച് മതം മാറി ക്ഷേത്രമായി മാറുമ്പോള്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. കാവായ കാവുകളൊക്കെ പുനപ്രതിഷ്ഠ ബ്രഹ്മ കലശത്താല്‍ ശുദ്ധീകരിക്കപ്പെടുകയാണല്ലോ. ഏറ്റവും പ്രിയപ്പെട്ടൊരാളുടെ മരണ വാര്‍ത്ത പോലെ ആ അറിയിപ്പും വന്നു. മാങ്ങാട്ട് പറമ്പ് നീലിയാര്‍ കോട്ടവും പുനപ്രതിഷ്ഠയിലൂടെ നവീകരിക്കപ്പെടുകയാണെന്ന്.

പുനപ്രതിഷ്ഠ ബ്രഹ്മകലശമെന്നാല്‍ ആര്യന്മാരുടെ ഹോളോകോസ്റ്റാണ്. തെയ്യക്കാവുകളെന്ന ദ്രാവിഡ സംസ്‌കൃതിയുടെ വംശപരമ്പരയെ ഇല്ലാതാക്കുക എന്നതാണ്. ഹിറ്റ്‌ലറുടെ ഗസ്റ്റപ്പോകളെപ്പോലെ അവശേഷിക്കുന്ന കാന്താര ദേഹങ്ങളെ ക്ഷേത്രവല്‍ക്കരണത്തിന്റെ ഗ്യാസ്‌ചേമ്പറില്‍ കയറ്റി കൊന്ന് തള്ളും. മൂലധന താല്‍പര്യങ്ങല്‍ക്കും പൗരോഹിത്യ ശാസനകള്‍ക്കും വിധേയമാകുന്ന കാവധികാരികള്‍ ഒരാവാസ വ്യവസ്ഥയെ പൂര്‍ണ്ണമായും ഇല്ലാതാക്കി മറ്റൊന്ന് സൃഷ്ടിക്കുന്നു. അത്യുഷ്ണത്തില്‍ തെയ്യത്തിനും ജനങ്ങള്‍ക്കും കുളിരു തൂവുന്ന വൃക്ഷങ്ങളുടെ ഹരിതഛത്രം അരിഞ്ഞ് കളഞ്ഞ് ലോഹത്തകിടു കൊണ്ട് മേല്‍ക്കൂര പുതയ്ക്കുന്നു. ജന്തുജാലങ്ങള്‍ നിറഞ്ഞ കാവിന്റെ കളിര്‍ത്ത മുറ്റം ഇന്റര്‍ലോക്ക് വിരിച്ച് ആജീവനാന്തം ജല രഹിതരാക്കും. നിരവധിയായ ജീവല്‍ സമൂഹങ്ങള്‍ ഗ്യാസ്‌ചേമ്പറുകളായ തെയ്യക്കാവുകളില്‍ കരിഞ്ഞു തീരുന്നു. ഉഷ്ണച്ചൂളയില്‍ വെന്ത് തിളച്ച് ദൈവമാകുന്ന തെയ്യക്കാരന്റെ ആരോഗ്യവും എല്ലാ കാലത്തേക്കും നഷ്ടമാകുന്നു.

ഇത് വടക്കന്‍ കേരളത്തിലെ കാവുകളുടെ വിധിയാണ്. ഒരു കാവിനും ഇതില്‍ നിന്നും രക്ഷയില്ല. നീലിയാര്‍കോട്ടത്തെ നവീകരണ പ്രവര്‍ത്തങ്ങള്‍ ഏതൊരു തെയ്യപ്രേമിയുടേയും പ്രകൃതി സ്‌നാഹിയുടേയും ഹൃദയം തകര്‍ക്കുന്നതാണ്. ഒരു തവണ ഒരൊറ്റത്തവണ നീലിയാര്‍ കോട്ടത്തു വന്ന് ദാസന്‍ മാങ്ങാടന്റെ കയ്യില്‍ നിന്നും മഞ്ഞള്‍ക്കുറി വാങ്ങി അനുഭവിച്ചവര്‍ പറയില്ല പച്ചക്കാട്ടിലച്ചിയെ പച്ചയ്ക്ക് കത്തിക്കണമെന്ന്. കോട്ടത്തമ്മയെന്ന അന്തീപകലീശ്വരി തന്നെ ഇനി സംസാരിക്കട്ടെ. “ആര്‍ഭാടമില്ല. ആധുനിക സമ്പ്രദായങ്ങളില്ല. നാല് വള്ളിത്തണ്ടും നാല് സര്‍പ്പത്താന്മാരും മുട്ടോളം ചപ്പും കണ്ട് കൊതിച്ചു. ചെമ്പടിച്ച ശ്രീകോവിലോ ഓടിട്ട മാടമോ ഒന്നും കാണുന്നില്ലല്ലോ എന്ന പരാതി വേണ്ട. ഞാന്‍ സര്‍വ്വ ദുരിത പ്രക്ഷാളിനി. വൈകി വന്ന വസന്തം. പൂക്കാത്ത പുഷ്പത്തെ പൂപ്പിക്കും. കായ്ക്കാത്ത വൃക്ഷത്തെ കായ്പിക്കും. ഉക്കലിലെടുത്ത് മാറോടണച്ച് ചുംബിക്കാനൊരു മഹാധനം. എടക്ക്ന്ന് പറിച്ച് കളയാതെ ദീര്‍ഘായുസ്സോടെ ഞാന്‍ തരും. നരിയും പശുവും ഒന്നായിരിക്കുന്ന എന്റെ ഈ കാട് . ഇവിടെ ബന്ധുവും ശത്രുവുമില്ല. ഈരേഴ് പതിനാല് ലോകവും എനിക്കീ പച്ചക്കാടാണ്. എന്റെ കാടിഷ്ടമായോ. ഇതാണെന്റെ വൃന്ദാവനം. പച്ചക്കാട്ടീന്ന് കിട്ടിയ അപൂര്‍വ്വ നിധിയാണ് ഞാനെന്ന ഓര്‍മ്മ വേണം നിങ്ങള്‍ക്ക്”

നീലിയാര്‍ കോട്ടത്ത് മഴുവുമായി വരുന്ന മനുഷ്യനോട് തെയ്യം പറയുന്ന മൊഴികള്‍ കേട്ടില്ലേ. പുതുകാലത്തേക്ക് തെയ്യം അനാദി കാലം മുമ്പേ കണ്ടുവെച്ച മൊഴികള്‍. പുനപ്രതിഷ്ഠ ബ്രഹ്മകലശമെന്ന വിപത്തിനെ അതിജീവിക്കാന്‍ നീലിയാര്‍ കോട്ടത്തിനും സാധിച്ചില്ല. കാവിലെ മരങ്ങള്‍ വെട്ടി മാറ്റി ഇന്റര്‍ലോക്ക് പാകിയ മുറ്റവും പുതിയ ക്ഷേത്ര നിര്‍മ്മിതിയും നോട്ടീസിലൂടെ പ്രചരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ചെമ്പടിച്ച മാടവും ഇഷ്ടിക വിരിച്ച വെന്തു പൊള്ളുന്ന കളിമുറ്റവും വേണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെയ്യത്തെ തീവെയിലില്‍ പൊള്ളിക്കുന്നത് ആരുടെ താല്‍പര്യമാണ്.

കല്ല്യാശ്ശേരിക്കടുത്തുള്ള ഒരു തെയ്യക്കാവിന്റെ പേര് കനിത്തോട്ടം എന്നാണ്. ഇതിലും മനോഹരമായ പേരുള്ള മറ്റൊരു തെയ്യക്കാവില്ല. നിറയെ പൂത്ത് കായ്ച്ച കനിപ്പഴമെന്ന ഞാവല്‍ക്കനിക്കുലകള്‍ നിറഞ്ഞ കാടായിരുന്നു അത്. ഹോളോകോസ്റ്റ് എന്താണെന്നറിയണമെങ്കില്‍ ഇന്നത്തെ കനിത്തോട്ടമെന്ന ക്ഷേത്രം ഒന്ന് സന്ദര്‍ശിച്ചാല്‍ മാത്രം മതി.

ബയോഡൈവേഴ്‌സിറ്റിയുടേയും ബയോഫീലിയയുടേയും ഉടല്‍ രൂപകങ്ങള്‍

നീലിയാര്‍ കോട്ടത്ത് നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കുണ്ടായ പ്രതിഷേധങ്ങള്‍ പൊലൊന്ന് തെയ്യവുമായി ബന്ധപ്പെട്ട് അടുത്തൊന്നുമുണ്ടായിട്ടില്ല. അമ്പത് ലക്ഷം രൂപയുടെ നിരമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതായിരുന്നു നോട്ടീസിലൂടെ അറിയിച്ചത്. നീലിയാര്‍ കോട്ടമെന്ന വിശുദ്ധവനത്തെ ജനങ്ങള്‍ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്നതിന് വേറെ തെളിവുകള്‍ തിരയേണ്ടതില്ല. തമ്പുരാന് വേണ്ടി ബലിയായ നീലിയെന്ന പെണ്ണ് ആറായോ ആരണ്യമായോ പടരുന്ന വിശുദ്ധഭൂമി അതേ പോതെ നിലനില്‍ക്കേണ്ടത് പരിസ്ഥിതിവാദികളുടെ സ്വകാര്യ ആവശ്യമല്ല. അതേ സമയം കാവ് പൊതു സ്വത്തല്ല. കുടുംബസ്വത്താണ്. തങ്ങളുടെ ഭൂമിയെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിനനുള്ള പൂര്‍ണ്ണ അധികാരം കാവുടമകള്‍ക്കാണ്. അതിവൈകാരികത കൊണ്ട് അളക്കേണ്ടുന്ന ഒരു വിഷയമല്ലിത്.

കാടിനേയും തെയ്യത്തേയും ഒരുപോലെ കാണണമെന്നാഗ്രഹമുള്ള പലരും നിജസ്ഥിതി അറിയുന്നതിനായി നീലിയാര്‍ കോട്ടത്തെത്തി. കാവായ കാവൊക്കെ താണ്ടിയ കേരളത്തിലെ തലമുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകരായ ഇ. ഉണ്ണികൃഷ്ണനും വി. സി. ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ കാവധികാരികളുമായി സംസാരിച്ചു. കാര്യത്തിന്റെ ഗൗരവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട കാവധികാരികള്‍ നോട്ടീസില്‍ പറഞ്ഞ പ്രകാരം രൂപകല്‍പന ചെയ്തിട്ടുള്ള നിര്‍മ്മിതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണെന്ന ഉറപ്പ് നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകരുടെ ആകുലതകളും നിര്‍ദ്ദേശങ്ങളും കാവധികാരികള്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായി എന്നുള്ളത് വലിയ കാര്യമാണ്. തികഞ്ഞ ധാര്‍ഷ്ട്യം നിറഞ്ഞ ശരീരഭാഷയോടെ മാത്രം ഇത്തരം വിഷയങ്ങളെ നേരിടാറുള്ള കോയ്മയും ഊരാളന്മാരും നീലിയാര്‍കോട്ടത്തെ കാവധികാരികളെ മാതൃകയാക്കണം. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ പുനപ്രതിഷ്ഠ ബ്രഹ്ണകലശമെന്ന ഹോളോകോസ്റ്റില്‍ നിന്നും കൂട്ടക്കുരുതിയില്‍ നിന്നും എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങല്‍ രക്ഷപ്പെടുമായിരുന്നില്ലേ.

നീലിയാര്‍ കോട്ടമെന്ന തെയ്യാട്ടഭൂമി അങ്ങിനെ ചരിത്രത്തിന്റെ പടവുകള്‍ കയറുകയാണ്. പാരിസ്ഥിതികമായ ഉല്‍ക്കണ്ഠകള്‍ പേറുന്ന പ്രകൃതി സ്‌നേഹികളും കാവധികാരികളും ഒരിക്കലും ശത്രുക്കളായിരിക്കേണ്ടവരല്ല. പ്രശസ്ത പരിസ്ഥിതി ശാസ്ത്രകാരനായ മാധവ് ഗാഡ്ഗില്‍ തന്റെ ഇക്കോളജിക്കല്‍ ജേര്‍ണീസ് എന്ന പുസ്തകത്തില്‍ ബയോഫീലിയയുടേയും ബയോ ഡൈവേഴ്‌സിറ്റിയുടേയും അര്‍ത്ഥങ്ങള്‍ വ്യഖ്യാനിച്ച് അവതരിപ്പിക്കുന്നുണ്ട്. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെയ്യോട്ടുകാവിലേയും തവിടിശ്ശേരിക്കാവിലേയും അന്തിത്തിരിയന്മാര്‍ മെലിഞ്ഞുണങ്ങിയ തങ്ങളുടെ വൃദ്ധശരീരങ്ങളെ തന്നെ പച്ചകുത്തിയ കാവടയാളങ്ങളാക്കി. ബയോഡൈവേഴ്‌സിറ്റിയടേയും ബയോഫീലിയയുടേയും പച്ച പെയ്യുന്ന ഉടല്‍ രൂപകങ്ങളായി കാവധികാരികളായ അന്തിത്തിരിയന്മാര്‍ നിരക്ഷരരായ കൂട്ടായ്മക്ക് പ്രകൃതി പാഠമൊരുക്കി.

തെയ്യത്തിന് കൂടുകൂട്ടേണ്ട മരച്ചില്ലയെ ലോഹദംശമില്ലാതെ സംരക്ഷിച്ചു. പുലിയേയും പുള്ളിനേയും പ്രവിനേയും കരിന്തേളിനേയും സ്വന്തം കപോലവനങ്ങളിലഴിച്ച് വിട്ട് തെയ്യം ജീവല്‍ പ്രകൃതിയായി ഉറഞ്ഞാടി. ഒരു കയ്യില്‍ കവിടി സഞ്ചിയും മറുകയ്യില്‍ കോടാലിയുമായി കാവിലേക്ക് പുറപ്പെടുന്ന ജ്യേതിഷപണ്ഡിതന് , അവരെ കാവിലേക്കാനയിക്കുന്ന നവദാരികനായ കാവധികാരിക്ക് ഇതിന്റെ അര്‍ത്ഥതലങ്ങള്‍ എന്നാണ് മനസ്സിലാവുക.

കാവിന്റെ ജീവനെ മുന്‍നിര്‍ത്തി അത്യുഷ്ണത്തില്‍ നീറുമ്പോള്‍ പുതിയ ചിന്തകള്‍ ഉണ്ടാകട്ടെ. കാവ് നടത്തിപ്പുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഒരുമരത്തിന്റെ രണ്ടിലകാളകട്ടെ. കാവില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഒരോ കാവിലേയും അത്യപൂര്‍വ്വമായ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ അവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന പുതിയ സംവിധാനങ്ങളാണ് വേണ്ടത്.

കാവിനോ ജീവജാലങ്ങള്‍ക്കോ യാതൊരു നാശവും സംഭവിക്കില്ലെന്ന ഉറപ്പ് കാവധികാരികള്‍ക്ക് എല്ലാകാലത്തും പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ട ആത്മവീര്യം പകര്‍ന്നു കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യണം. വര്‍ധിച്ചു വരുന്ന മൂലധന താല്‍പര്യങ്ങളുടെ, തീര്‍ത്ഥാടന ടൂറിസത്തിന്റെ പ്രലോഭനങ്ങളെ അല്ലാതെ അവര്‍ എങ്ങനെ അതിജീവിക്കും.

വി.കെ അനില്‍കുമാര്‍
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. നിലവില്‍ കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍.