ഇതേ കുഞ്ഞിമംഗലത്തെ മുച്ചിലോട്ട് ആദ്യത്തെ പെരുങ്കളിയാട്ടം നടന്നത് ചാണത്തലയന്‍ എന്ന മുസ്‌ലിം സഹോദരങ്ങളുടെ കാരുണ്യം കൊണ്ടാണ്. ചാണത്തലയന്‍ മാപ്പിളയുടെ തുണികൊണ്ടാണ് മുച്ചിലോട്ട് പോതി നാണം മറച്ചത് തന്നെ.
കുഞ്ഞിമംഗലത്തിന് തൊട്ടടുത്താണ് മാടായി നഗരം. മാടായി നഗരം ഒരേ സമയം ഒരു ദേശത്തെയും ഒരു ജനതയെയും കുറിക്കുന്ന വാക്കാണ്.
മഞ്ഞള്‍ക്കുറി മണക്കുന്ന വാക്കിന്റെ പൊരുളാണ്. മാടായി നഗരം എന്ന വാക്കില്‍ സ്‌നേഹത്തിന്റെ വല്ലാത്ത വളര്‍മ്മയുണ്ട്. ഒരു വാക്കില്‍ ഒരു ദേശമുണ്ട് ദേശത്തില്‍ ഒരു ജനതയുണ്ട്. ജീവിതമുണ്ട്.
സ്വന്തം മനസ്ഥാപവും പാപവും തീര്‍ക്കാന്‍ ചേരമാന്‍ പെരുമാള്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയെ ‘എന്റെ മാടായി നഗരേ ‘ എന്ന ഒരൊറ്റ വാക്കിനാല്‍, ഒരൊറ്റ വിളിയാല്‍ തെയ്യം അടയാളപ്പെടുത്തുന്നു.
മുസ്‌ലിം സാഹോദര്യത്തിന്റെ വംശ പരമ്പരയെ ഇത്രമേല്‍ ഉള്ളില്‍ ചേര്‍ത്തു പിടിച്ചുള്ള മറ്റൊരു വിളിയില്ല. തൊപ്പിയിട്ട് മാപ്പിളയായ പെരുമാള്‍ മാലിക്ക ഹബിയറെ എന്ന അറബി രാജ്യത്ത് പാര്‍ത്ത് റജിയത്തുമ്മാറെ നിക്കാഹ് കഴിച്ചു. താജുദ്ദീന്‍ എന്ന പേര് സ്വീകരിച്ചു.
സുബഹ് , സുഹറ്, അസറ് , മഗരിബ് , ഈശ അഞ്ച് നിസ്‌കാരം കഴിച്ചു. ചന്ദനക്കുറി മാഞ്ഞ നിടിലത്തില്‍ പ്രവാചക മുദ്രകള്‍ തഴമ്പിച്ചു. താജുദീന്‍ അല്ലാഹുവിനെ എഴുതിയ മക്കയിലെ കല്ലെടുത്ത് ഓരോ മക്കള്‍ക്കും കൊടുത്തു.
സഞ്ചാരികളായ മാപ്പിളമാരുടെ ഉപ്പ അറബി രാജ്യത്ത് മയ്യത്തായി. സാജുദ്ദീന്‍, മുഹമ്മദ് ഹാജി, ഹുസൈന്‍ ഹാജി ഓരോ മക്കളും ഉപ്പ തന്ന കല്ലുമായി കപ്പല്‍ കേറി. മലയാള രാജ്യത്തെ മുസിരിരിസ്സ് ബന്തറില്‍ കപ്പലിറങ്ങി. അവര്‍ മാടയിയിലുമെത്തി. അന്ന് മാടായിക്കാവുണ്ടായിരുന്നില്ല.
ഹബിദുര്‍ റഹ്മാന്‍ ഹാജി മാടായിയില്‍ പള്ളി പണിതു. കുഞ്ഞിമംഗലത്തെ മാപ്പിളമാര്‍ മാടായിപ്പള്ളിയില്‍ പോയി അഞ്ച് നേരം നിസ്‌കരിച്ചു.
അന്ന് കുഞ്ഞിമംഗലത്ത് പാലാട്ട് ദൈവം ഉണ്ടായിരുന്നില്ല. മല്ലിയോട്ട് വിഷുവിളക്കുത്സവം ഉണ്ടായിരുന്നില്ല.
തെയ്യം പറയുന്ന കേരളോല്‍പ്പത്തി പ്പട്ടോല പ്രകാരം ക്രിസ്തുവര്‍ഷം 355 ലാണ് ചേരമാന്‍ പെരുമാള്‍ മാപ്പിളയായി മതം മാറി മുഹമ്മദ് നബിയുടെ അടുത്ത് പോകുന്നത്.
ചരിത്രരേഖകള്‍ പ്രകാരം ആറാം നൂറ്റാണ്ടിലാണ് കൊടുങ്ങല്ലൂരില്‍ മുഹമ്മദ് ഹാജി പള്ളി പണിയുന്നത്. പത്താം നൂറ്റാണ്ടിന് ശേഷമാണ് മാടായി നഗരത്തില്‍ ഹബദുര്‍ റഹ്മാന്‍ പള്ളി പണിയുന്നത്.
തീയ്യന്മാര്‍ക്ക് മുന്‍പേ ഉത്തരകേരളത്തില്‍ വേരുറപ്പിച്ചവരാണ് മാപ്പിളമാര്‍. ചുരമിറങ്ങി കതിവന്നൂര്‍ വീരനും കടലിറങ്ങി ദേവിമാരും എത്തുന്നതിന് മുന്‍പെ ഇവിടെ നേരം പുലര്‍ന്നവരാണ് മാപ്പിളമാര്‍.
തെയ്യം നടത്തുന്ന തീയ്യപ്രമാണിമാരെക്കാള്‍ പാരമ്പര്യമുള്ളവരാണ് കുഞ്ഞിമംഗലത്തെ മാപ്പിളമാര്‍. മല്ലിയോട്ടുകാവിലെ മത വിവേചനം ഉളുപ്പില്ലാതെ പ്രഖ്യാപിച്ച മുന്നറിയിപ്പാണ് പ്രശ്‌നം.
അമിത മതഭക്തിയാല്‍ കണ്ണുപൊട്ടിപ്പോയ കുഞ്ഞിമംഗലത്തെ ഏതോ മതഭ്രാന്തന് ഒരു മുന്നറിയിപ്പ് ബോര്‍ഡിനാല്‍ ചരിത്രത്തെ മായ്ച്ചു കളയാനോ മറച്ചു കളയാനോ പറ്റില്ല.
ഈ ഒരൊറ്റ പ്രഖ്യാപനത്താല്‍ അത് വെച്ചവര്‍ തന്നെ സമൂഹത്തില്‍ നിന്നും (മത)ഭ്രാന്തന്‍ നായയെ പോലെ വെറുക്കുകയും ഒറ്റപ്പെടുകയും ചെയ്യും. പകരം മറ്റൊന്നില്ലാത്ത പെരുമയെ ആണ് ഒരൊറ്റ ബോര്‍ഡെഴുത്തിനാല്‍ മണ്ണും പുണ്ണാക്കും തിരിയാത്തവന്മാര്‍ റദ്ദ് ചെയ്യാന്‍ ശ്രമിച്ചത്.
കുഞ്ഞിമംഗലത്തോളം പെരുമ മറ്റേത് ഉത്തരമലബാര്‍ ഗ്രാമത്തിനുണ്ട്. പക്ഷേ മതവൈരത്തിന്റെ ലഹരി ബാധയേറ്റവര്‍, യാതൊരു വിധത്തിലുമുള്ള ചരിത്രബോധമോ മാനവിക ബോധമോ തൊട്ടു തീണ്ടീട്ടില്ലാത്തവര്‍ കുഞ്ഞിമംഗലത്തിന്റെ സ്വാസ്ത്യം കെടുത്തുകയാണ്.
മുസ്‌ലിം എന്ന ഒരൊറ്റ മതത്തെ ഇങ്ങനെ ശത്രുപക്ഷത്താക്കേണ്ടുന്നത് കൃത്യമായ ഒരജണ്ട പോലെ നടപ്പാക്കുകയാണ്. കടാങ്കോട്ട് മാക്കം, നെടുബാലിയന്‍, മുച്ചിലോട്ട് പോതി, കതിവനൂര്‍ വീരന്‍ പോലുള്ള വീര ജന്മങ്ങളുടെ ഇതിഹാസ ഭൂമികൂടിയാണിത്.
കുഞ്ഞിമംഗലത്തിന്റേത് മാത്രമായ വെങ്കല പൈതൃകം കുഞ്ഞിമംഗലത്തെ കച്ചവടക്കാരായ മാപ്പിളമാര്‍. മതാന്ധതയുടെ അക്ഷരങ്ങള്‍ കൊണ്ട് ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുന്നത് പോയ കാല ചരിത്രത്തിന്റെ തുറസ്സുകളെയാണ്.
മുസ്‌ലിം വിരോധം വന്ന് വന്ന് നമ്മുടെ വീട്ടുമുറ്റത്തുവരെയെത്തി. പതിനായിരങ്ങള്‍ തടിച്ചുകൂടുന്ന കുഞ്ഞിമംഗലത്ത് ഇങ്ങനെ ഒരു പരസ്യ പ്രഖ്യാപനം വരുന്നത് പെട്ടെന്നൊരാവേശത്തിലല്ല.ചെറുതും വലുതുമായ ഉത്തര മലബാറിലെ തെയ്യക്കാവുകള്‍ നൂറുമേനി വിളവ് തരുന്ന മതോല്പാദന കേന്ദ്രങ്ങളായി ഇതിനകം മാറിക്കഴിഞ്ഞു.
കമ്യൂണിസവും വിപ്ലവുമൊക്കെ വെന്തു തിളച്ച് ആറിത്തണുത്ത അതേ മണ്ണുരുളിയിലാണ് മതവിവേചനത്തിന്റെ നെയ്പ്പായസം തയ്യാറാക്കുന്നത്. മതം എന്നാല്‍ മുസ്‌ലിം വിരോധം എന്ന് പ്രത്യക്ഷമായി പ്രഖ്യാപിക്കാന്‍ തന്നെ അവര്‍ ധൈര്യം കാണിക്കുന്നു.
മുസ്‌ലിങ്ങളോട് ഇങ്ങോട്ട് കേറിയാല്‍ കാല് തല്ലിയൊടിക്കും എന്ന് ആക്രോശിക്കുന്ന മത ഭ്രാന്തന്മാര്‍ നിങ്ങളുടെ ആചാര്യന്മാരോട് പോയ കാല ചരിത്രത്തെ കുറിച്ച് തലക്ക് വെളിവുണ്ടാകുമ്പോ ചോദിക്കണം.
ഇന്ന് നിങ്ങള്‍ അഹങ്കരിച്ച് പുളയ്ക്കുന്ന ഈ തെയ്യവും കളിയാട്ടവുമൊക്തെ ഉണ്ടായിട്ടുള്ളത് എത്രയോ മാപ്പിളമാരുടെ ത്യാഗം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടു കൂടിയാണ്.
ഇതേ കുഞ്ഞിമംഗലത്തെ മുച്ചിലോട്ട് ആദ്യത്തെ പെരുങ്കളിയാട്ടം നടന്നത് ചാണത്തലയന്‍ എന്ന മുസ്‌ലിം സഹോദരങ്ങളുടെ കാരുണ്യം കൊണ്ടാണ്. ചാണത്തലയന്‍ മാപ്പിളയുടെ തുണികൊണ്ടാണ് മുച്ചിലോട്ട് പോതി നാണം മറച്ചത് തന്നെ.
ആദി മുച്ചിലോടായ കരിവെള്ളൂരിലെ ദൈവത്തിന്റെ ഉപ്പു തന്നെ തലയില്ലത്തെ മുസ്‌ലിം കാരണവരാണ്. ആദി പറമ്പന്‍ കുഞ്ഞാലി ഇല്ലെങ്കില്‍ തീയ്യന്മാരുടെ കുലഗുരുവായ തൊണ്ടച്ചനില്ല.
പെരുമ്പട്ടയിലെ മുനിറുല്‍ ഇസ്‌ലാം ജുമ മസ്ജിദിലെയും കോട്ടപ്പുറം പള്ളിയിലെയും ബാങ്കുവിളി കേട്ടില്ലെങ്കില്‍ വിഷ്ണു മൂര്‍ത്തിക്ക് ഉറക്കം വരില്ല.
ഇതൊന്നും ഫേസ് ബുക്കില്‍ കയ്യടി കിട്ടാന്‍ തട്ടി വിടുന്നതല്ല. നമ്മുടെ ഇന്നലകളും തെയ്യങ്ങളും പറഞ്ഞു തരുന്ന ജീവിതമാണ്. ചരിത്രമാണ്.
കുഞ്ഞിമംഗലത്തെ നിസ്വജനത ഇതൊന്നും മറക്കുമെന്ന് ആരും കരുതണ്ട. മതവൈരത്തിന്റെ വാള്‍മുന കൂര്‍പ്പിക്കുന്നവരെ താല്ക്കാലിക വിജയം നിങ്ങള്‍ക്ക് തന്നെയായിരിക്കാം.
എന്നാല്‍ ചരിത്രം നിങ്ങളെ ചവറ്റുകൊട്ടയിലെറിയുന്ന കാലം അത്ര വിദൂരമല്ല സൂക്ഷിച്ചോ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക