മൂന്ന് (നോവല്‍), പത്താം ഭാഗം
Discourse
മൂന്ന് (നോവല്‍), പത്താം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2012, 11:27 am


വി.എച്ച് നിഷാദിന്റെ നോവല്‍, പത്താം ഭാഗം

നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍


Until  the lions
have their own historians,
the tales of the hunted
will glorify the hunter.

തന്റെ കവിതകളിലാണ് ബാരിഷിനോടുള്ളഅക്കാലത്ത് വളരെ പരിമിതമായ പത്രങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. മിക്ക റേഡിയോ നിലയങ്ങളും ടിവി സ്റ്റേഷനുകളും -സര്‍ക്കാരിന്റേതൊഴിച്ച്- നിലച്ചിരുന്നു. ടിവി യില്‍ ദിവസവും രാവിലേയും ഇടവിട്ട നേരങ്ങളിലും പ്രസിഡന്റിന്റേയോ പൊലീസ് മേധാവിയുടേയോ ആര്‍മി ജനറലിന്റേയോ മുഖങ്ങള്‍ ആഭാസകരമായി തെളിഞ്ഞു വന്നു. അവര്‍ മൂന്നിനെക്കുറിച്ച് പിന്നേയും പിന്നേയും സംസാരിക്കും. അവരുടെ നാവുകളില്‍ അധികാരത്തിന്റെ ദുരയുണ്ടായിരുന്നു. നിഗൂഢവും ഭീഷണവുമായ ഒച്ചയിലുള്ള അവരുടെ ആക്രോശങ്ങള്‍ ഒരു ബോംബുവര്‍ഷം കണക്കെ ഹതാശരായ ജനങ്ങളുടെ ഹൃദയത്തിലാണ് കുഴിഞ്ഞ് വീണുകൊണ്ടിരുന്നത്. []

അപ്പോഴെല്ലാം പ്രേമരാജ്യത്തിലെ ജനങ്ങളും കൂടുതല്‍ നിരാശയുടെ സമസ്യയാക്കപ്പെട്ട തരിശ് ഭൂമിയിലേക്ക് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട് മരിച്ച് വീണുകൊണ്ടിരുന്നു.
അറസ്റ്റുകളും പ്രതിഷേധ സമരങ്ങളും അവയെപ്പറ്റിയുള്ള വാര്‍ത്തകളും ഒന്നും  പത്രങ്ങളില്‍ വന്നിരുന്നില്ല. പകരം പ്രസിഡന്റിന്റെ ഹോബികളെക്കുറിച്ചും കുടുബത്തെക്കുറിച്ചും ഭാവി സ്വപ്‌നങ്ങളെക്കുറിച്ചെല്ലാമുള്ള ഫീച്ചറുകള്‍ ഇക്കാലത്ത് പത്രത്താളുകളില്‍ ഇടം പിടിച്ചു. എഡിറ്റോറിയല്‍ എഴുതേണ്ടിടത്ത് പത്രങ്ങള്‍ രണ്ടു കോളത്തില്‍ അച്ചുകള്‍ നിരത്തി ഏറ്റവും പുതിയ നര്‍മ ബിന്ദുക്കള്‍ പ്രസിദ്ധീകരിച്ചു.

ചരമക്കോളത്തിന്റ പേജ് -അങ്ങനെയൊന്ന് കഴിഞ്ഞ രണ്ടു മാസക്കാലമായി പത്രങ്ങളില്‍ കാണാനേ ഇല്ലായിരുന്നു. പകരം അവിടെ സര്‍ക്കാരിന്റെ മൂന്നിനെക്കുറിച്ചുള്ള സ്വപ്‌ന പദ്ധതികളുടെ ഒരു പേജ് കാശില്ലാപ്പരസ്യം നിറഞ്ഞു.

 

 പെട്ടെന്നൊരു ദിവസം, തന്റെ പ്രഭാത ബുള്ളറ്റിനില്‍, പുസ്തക വായനയ്ക്ക് നിരോധനം ഏര്‍പ്പെടത്തിക്കൊണ്ടുള്ള പുതിയ നിയമം പ്രസിഡന്റ് വായിച്ചു.

റേഡിയോ സംപ്രേക്ഷണത്തില്‍ നിന്ന് വാര്‍ത്താ ബുള്ളറ്റിന്‍ എന്നോ എടുത്തു മാറ്റിയിരുന്നു. സര്‍ക്കാരിന്റെ അറിയിപ്പുകള്‍ മാത്രം ഇടയ്ക്കു വന്നു. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളായിരുന്നു റേഡിയോയില്‍ മിക്ക നേരവും സംപ്രേക്ഷണം ചെയ്തിരുന്നത്. അതും സാങ്കല്‍പികമാണെന്ന് കേള്‍ക്കുന്നവര്‍ക്ക് സാമാന്യയുക്തിയുടെ പ്രേരണയാല്‍ മാത്രം തന്നെ മനസ്സിലാക്കിയെടുക്കാമായിരുന്നു.

ഭീതിയുടേയും അനീതിയുടേയും തുറങ്കില്‍ ജീവിതം അമുക്കി വെച്ച് കഴിയുന്ന ജനത എങ്ങനെ ഈ ഗാനങ്ങള്‍ ആവശ്യപ്പെടാന്‍? എങ്കിലും ലഭ്യമായ ഒരേ ഒരു ആശ്വാസം അതായിരുന്നതിനാല്‍ ഏവരും റേഡിയോയ്ക്ക് കാതോര്‍ത്തിരുന്നു. അതിലെ ഗാനങ്ങളെ ആകാശത്ത് നിന്ന് മേഘങ്ങളിറങ്ങി വരുന്ന കിന്നരന്മാരായി അവര്‍ മനസ്സില്‍ കണ്ടു. ആ പാട്ടുകളുടെ ശുഭ്രതയും ഓജസ്സും മരുന്ന് പോലെ അവരുടെ ഹൃദയങ്ങളില്‍ പുരണ്ട് കിടന്നു.

നോവുകളെ സ്വല്‍പ നേരത്തേക്കെങ്കിലും മറവിയാക്കി പതുക്കിവെക്കുന്ന പാട്ടുകളുടെ ജാലവിദ്യയില്‍, മൂന്നിന്റെ കാലത്ത് ജനങ്ങള്‍ തികച്ചും നിസ്സംഗരായി… മരവിച്ചു കിടന്നു.

പെട്ടെന്നൊരു ദിവസം, തന്റെ പ്രഭാത ബുള്ളറ്റിനില്‍, പുസ്തക വായനയ്ക്ക് നിരോധനം ഏര്‍പ്പെടത്തിക്കൊണ്ടുള്ള പുതിയ നിയമം പ്രസിഡന്റ് വായിച്ചു. ജനങ്ങളുടെ ചിന്തയും ജീവിതവും മലിനമാകാതിരിക്കാന്‍ അങ്ങനെ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ടത്രേ. എന്നാല്‍ അത്തരമൊരു നിയമത്തിന് വായനാപ്രിയരായ പട്ടാള ഓഫീസര്‍മാരില്‍ നിന്നു തന്നെ എതിര്‍പ്പു വന്നു തുടങ്ങിയപ്പോള്‍ പ്രസിഡന്റ് തന്നെ  അതില്‍ ചില ഭേദഗതികള്‍ നടത്തി. പരിഷ്‌കരിച്ച നിബന്ധന പ്രകാരം ഒരാള്‍ക്ക് മൂന്നു പുസ്തകങ്ങള്‍ മാത്രമേ ഇക്കാലത്ത് കയ്യില്‍ വെക്കാന്‍ അനുവാദമുള്ളൂ. ബാക്കിയുളള പുസ്തകങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ലൈബ്രറിയിലേക്ക്  സംഭാവന ചെയ്യണം. എന്നാല്‍ ഇതു കൂടാതെ ഒരു അന്യഭാഷാ പുസ്തകം കൂടെ കയ്യില്‍ കരുതാനനുവദിച്ചിരുന്നു.

പിക്കറ്റ്  വാനുകളിലും മിലിറ്ററി ട്രക്കുകളിലും കയറ്റിക്കൊണ്ട് പോയിരുന്ന കെട്ടുകണക്കിന് പുസ്തകങ്ങള്‍ നഗരത്തിലെ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം കൂനപോലെ കൂട്ടിയിട്ട് കത്തിച്ച് കളയുകയായിരുന്നു.

പ്രതിഭാശാലികളായ ചില വായനക്കാര്‍ പട്ടാളം തങ്ങളുടെ വീടു കയറി വരുന്നതിന് മുമ്പ് തന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട ചില പുസ്തകങ്ങളുടെ കുത്തഴിച്ച് നാലും അഞ്ചും പുസ്തകങ്ങള്‍ ഒരൊറ്റ വോള്യമായി, ഒറ്റച്ചട്ടയില്‍ തുന്നിച്ചേര്‍ത്തു. ഇങ്ങനെ മൂന്ന് പുസ്തങ്ങളിലായി ഒമ്പതും പതിനഞ്ചും പുസ്തകങ്ങളുടെ വരെ ആത്മാവ് ചിലര്‍ കുത്തിക്കെട്ടി വച്ചു. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ കൈ വിടാന്‍ മടിയുള്ള ചിലര്‍ കോയമ്പത്തുര് നിന്നോ, മദ്രാസില്‍ നിന്നോ ബഷീറിന്റെ എന്‍ താത്താവുക്ക് ഒരു യാനൈ യിരുന്തത്, പുനത്തില്‍ കു്ഞ്ഞബ്ദള്ളയുടെ മീസാന്‍ കല്‍, സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്നുടെ വാഴ്കയും എന്നീ പുസ്തകങ്ങളുടെയെല്ലാം കോപ്പികള്‍ രായ്ക്കുരായ്മാനം വരുത്തി ഷെല്‍ഫില്‍ സൂക്ഷിച്ചു.

ഇടയ്ക്ക് ആഹാരം കിട്ടാതെ വിശപ്പു കൊണ്ട് വേദനിക്കുമ്പോഴെല്ലാം, അവര്‍ ഈ പുസ്തകങ്ങള്‍ ഏറെ ചൂടോടെ, പുതുരുചിയോടെ വായിച്ചു.

സര്‍ക്കാര്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യപ്പെട്ട പുസ്തകങ്ങളാവട്ടെ, എന്നാല്‍ ഒരിക്കലും, ലക്ഷ്യസ്ഥാനത്തെത്തിയിരുന്നുമില്ല. പിക്കറ്റ്  വാനുകളിലും മിലിറ്ററി ട്രക്കുകളിലും കയറ്റിക്കൊണ്ട് പോയിരുന്ന കെട്ടുകണക്കിന് പുസ്തകങ്ങള്‍ നഗരത്തിലെ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം കൂനപോലെ കൂട്ടിയിട്ട് കത്തിച്ച് കളയുകയായിരുന്നു യഥാര്‍ത്ഥത്തില്‍ മൂന്നിന്റ ഭരണകുടം. ഈ പുസ്തകങ്ങളിലെല്ലാം ഒളിഞ്ഞിരിക്കുന്ന വിഷം ഇനിയും പുതുതലമുറയിലേക്ക്  പകര്‍ന്ന് പോകരുതെന്ന് പ്രസിഡന്റിന്റെ ഭരണകൂടത്തിന് വല്ലാത്ത നിര്‍ബന്ധമുണ്ടായിരുന്നു.

സന്ധ്യയുടെ നഭസ്സിനെ ഒരു പറ്റം കിളികള്‍ സിന്ധുഭൈരവി രാഗത്തില്‍ മൂളിക്കൊണ്ട് തിലകം ചാര്‍ത്തിക്കൊണ്ടിരുന്ന ഒരു ദിനത്തില്‍ തന്റെ റേഡിയോയില്‍ ഒരു പാടുനാളുകള്‍ക്ക് ശേഷം സമീറയുടെ ശബ്ദം ബാരിഷിന് കേള്‍ക്കാനായി

“ഈ ഗാനം മധ്യപ്രവിശ്യയില്‍ നിന്നും ആവശ്യപ്പെടുന്നത് ഉറുളൂസ്, പാത്തു, നന്ദന്‍..എന്നിവര്‍..”

സുവ്യക്ത മധുരമായ ശബ്ദത്തില്‍ സമീറ അത് പറഞ്ഞപ്പോള്‍ ഭ്രാന്തന്‍ ഉറൂളൂസും പാട്ടു പാത്തുവും നന്ദനുമെല്ലാം ഇപ്പോള്‍  മധ്യ പ്രേമത്തിലെ ജയിലറകളിലുണ്ടെന്നും ആ വിവരം സമീറയ്ക്ക് എങ്ങനെയോ ചോര്‍ന്ന് കിട്ടിയിരിക്കുന്നുവെന്നും ബാരിഷിന് വളരെ വ്യക്തമായി മനസ്സിലായി.

 

(തുടരും)


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

മൂന്ന് (നോവല്‍), മൂന്നാം ഭാഗം

മൂന്ന് (നോവല്‍),നാലാം ഭാഗം

മൂന്ന് (നോവല്‍), അഞ്ചാം ഭാഗം

മൂന്ന് (നോവല്‍), ആറാം ഭാഗം

മൂന്ന് (നോവല്‍), ഏഴാം ഭാഗം

മൂന്ന് (നോവല്‍), എട്ടാം ഭാഗം

മൂന്ന് (നോവല്‍), ഒന്‍പതാം ഭാഗം