| Thursday, 30th August 2012, 12:04 pm

മൂന്ന് (നോവല്‍), ഏഴാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


വി.എച്ച് നിഷാദിന്റെ നോവല്‍, ഏഴാം ഭാഗം

നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍


രാജ്യത്തെ പുതിയ അരക്ഷിതാവസ്ഥ കൊണ്ടുവന്ന മറ്റൊരു കഠിന നിയമത്തെക്കുറിച്ച് ആദ്യമേ തന്നെ പറഞ്ഞിരുന്നു. പ്രേമ രാജ്യത്തെ ജനങ്ങള്‍  ഒരേ സമയം മൂന്നില്‍ കൂടുതല്‍ വാക്കുകള്‍ ഉച്ചരിക്കാന്‍ പാടില്ല എന്നതായിരുന്നു അത്. ആ നിയമത്തിന്റെ കരാള ഹസ്തത്തില്‍ അകപ്പെട്ട് പലരും ദിനവും അറസ്റ്റ് വരിച്ചു.[]

ആളുകള്‍ സംസാരിക്കുന്നതും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതും മുറുമുറുക്കുന്നതുമെല്ലാം പിടിച്ചെടുക്കാന്‍ രാജ്യമെങ്ങും ഒളിക്യാമറകളും രഹസ്യ മൈക്കുകളും  സര്‍ക്കാര്‍ ഘടിപ്പിച്ചു വച്ചിരുന്നു.

കര്‍ഫ്യൂവിന് ഇളവു നല്‍കും നേരത്ത്, ആളുകള്‍ റേഷന്‍ റൊട്ടികള്‍ക്കും കുടിവെള്ളത്തിനുമായി തെരുവില്‍ തോട്ടത്തിലെ  റബര്‍ മരങ്ങള്‍ മാതിരി ക്യൂ നില്‍ക്കും നേരത്ത് രഹസ്യപ്പോലീസുകാരും പുതുതായി റിക്രൂട്ട് ചെയ്ത ലിറ്റില്‍ ആര്‍മിക്കാരും വീടുവീടാന്തരം കയറി ഇറങ്ങി രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചായിരുന്നു ഇത് പ്രാവര്‍ത്തികമാക്കിയത്.  ഇനിയുള്ളകാലം തങ്ങളുടെ നിലനില്‍പിന്റെ ഉത്തരം തന്നെ ഒരു തുണ്ട് റൊട്ടിയോ ഒരു തുള്ളി വെള്ളമോ ആയേക്കാമെന്നറിയുന്നതുകൊണ്ട് രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാനാവുന്ന ഏതു ശരീരവും റേഷന്‍ വാങ്ങാനായി പുറത്തേക്ക് പോയിരുന്നു. ക്യൂവുകള്‍ക്കിടയില്‍ അടിപിടി കൂടിയും ബഹളം വെച്ചും അവര്‍ തങ്ങളുടെ നിസ്സഹായാവസ്ഥ സാക്ഷാല്‍ക്കരിച്ചു.

മേല്‍ക്കൂര കുനിഞ്ഞു തുടങ്ങിയ കുഞ്ഞ് ഭവനങ്ങളുടെ അടുക്കളകളിലും ബെഡ് റൂമിലും കിടക്കകള്‍ക്ക് അടിയിലുമെല്ലാം  അവര്‍ ക്യാമറകളും മൈക്കുകളും വിദഗ്ധമായി തിരുകി വെച്ചു.

സഹികെട്ട് പറയുന്ന ശാപ വാക്കുകള്‍ തന്നെ മതിയായിരുന്നു അവര്‍ക്ക് ഒരാളെ രാജ്യദ്രോഹത്തിന് അറസ്റ്റു ചെയ്യാന്‍.

രഹസ്യപ്പോലീസുകാര്‍ക്ക് ആ ഇടവേള സമയം മാത്രം മതിയായിരുന്നു.

മേല്‍ക്കൂര കുനിഞ്ഞു തുടങ്ങിയ കുഞ്ഞ് ഭവനങ്ങളുടെ അടുക്കളകളിലും ബെഡ് റൂമിലും കിടക്കകള്‍ക്ക് അടിയിലുമെല്ലാം  അവര്‍ ക്യാമറകളും മൈക്കുകളും വിദഗ്ധമായി തിരുകി വെച്ചു.

സഹികെട്ട് പറയുന്ന ശാപ വാക്കുകള്‍ തന്നെ മതിയായിരുന്നു അവര്‍ക്ക് ഒരാളെ രാജ്യദ്രോഹത്തിന് അറസ്റ്റു ചെയ്യാന്‍.

ചിലര്‍ മറ്റൊരു രക്ഷയുമില്ലാഞ്ഞ് തങ്ങളുടെ ഗതികെട്ട വിശപ്പിനെ, അത് പിരി ലൂസാക്കി വിടും അങ്കലാപ്പിനെ, കാമം കൊണ്ടും മൈഥുനം കൊണ്ടും അതിജീവിക്കുന്നത് കാണാന്‍ രഹസ്യപ്പൊലീസിലെ യുവാക്കള്‍ മോണിറ്ററുകള്‍ക്ക് മുന്നില്‍ ആ ദിവസങ്ങളില്‍ തിരക്കുകൂട്ടി.

“റൊട്ടിയുണ്ടോ, ബാക്കി റൊട്ടി” എന്ന് ഭാര്യയോട് ചോദിച്ച ഒരു ദുര്‍ബലനായ വൃദ്ധന്‍, “റൊട്ടിയുണ്ടോ, ബാക്കി റൊട്ടി, നിന്നോടാ ചോദിച്ചത്..” എന്ന് ശബ്ദമുയര്‍ത്തിയതോടെ മൂന്നിന്റെ  നിയമം ലംഘിക്കപ്പെട്ടവനായി.

“നിന്നോടാ ചോദിച്ചത്..” എന്ന് അധികമായി അയാള്‍ പറഞ്ഞ രണ്ടു വാക്കുകളായിരുന്നു വൃദ്ധന് കെണിയൊരുക്കിയത്.

ഒരു കുറി മൂന്നേ മൂന്നു വാക്കുകള്‍!

കൂടുതല്‍ സംസാരിച്ചാല്‍ ആളുകള്‍ ഉപജാപങ്ങളൊരുക്കിയാലോ അത് മറ്റൊരു അട്ടിമറിക്ക് കളമൊരുക്കിയാലോ എന്ന് ഭരണകൂടം ഭയപ്പെട്ടിരുന്നു.

ഇനി സമീറയെപ്പറ്റി പറയാം.

സമീറയെ നിങ്ങള്‍ക്ക് മുമ്പേ തന്നെ അറിയാം.

തുടക്കത്തില്‍ പാട്ടു പാത്തു, ഉറുളൂസ്, ആക്ടിവിസ്റ്റായ നന്ദന്‍ എന്നിവരെ കാണാനില്ലെന്ന വാര്‍ത്ത ഒരു എസ്.എം.എസിലൂടെ ബാരിഷിനെ അറിയിച്ചത് സമീറയാണ്. സമീറ, ബാരിഷിന്റെ ഗേള്‍ ഫ്രണ്ടായിരുന്നു, ചില നേരങ്ങളില്‍ അവന്റെ മികച്ചൊരു കാമുകി എന്നു കൂടി അക്കൂട്ടത്തില്‍ അങ്ങ് കൂട്ടിപ്പറയുന്നതില്‍ കുഴപ്പമില്ല. ചില നേരങ്ങളില്‍ ഒരു കവയത്രി, ഒരു സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷനിലെ അവതാരക എന്നീ വിശേഷങ്ങള്‍ കൂടി സമീറയെ പരിചയപ്പെടുത്താന്‍ അവസാനമായി ഉപേയാഗിക്കാം.

കര്‍ഫ്യൂ ഇളവ് ചെയ്യുമ്പോഴെല്ലാം റൊട്ടിയേക്കാള്‍ പരസ്പര സാന്നിധ്യങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് ആ യുവ ജോഡികള്‍  നഗര ചത്വരങ്ങളില്‍ കറങ്ങി നടന്നു.

ബാരിഷും സമീറയും വളരെ ഉജ്ജ്വലമായി പ്രണയിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് രാജ്യത്ത് മൂന്ന് പ്രഖ്യാപിക്കുന്നത്. മൂന്നു പ്രഖ്യാപിച്ചതു മുതല്‍ അവര്‍ തമ്മില്‍ കാണുന്നത്  വളരെ വിരളമായിട്ടായിരുന്നു.

കര്‍ഫ്യൂ ഇളവ് ചെയ്യുമ്പോഴെല്ലാം റൊട്ടിയേക്കാള്‍ പരസ്പര സാന്നിധ്യങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് ആ യുവ ജോഡികള്‍  നഗര ചത്വരങ്ങളില്‍ കറങ്ങി നടന്നു. ബാരിഷിന്റെ മീശ ഒട്ടാത്ത മുഖപ്രസരിപ്പും, സമീറയുടെ ചുവന്ന തട്ടത്തില്‍ കോര്‍ത്തിട്ട വെള്ള മാലാഖ മുഖവും ആ കാത്തിരിപ്പുകളുടെ ഇടവേളകളില്‍ മുഖാമുഖം കണ്ടു നിന്നു.ഒന്നും സംസാരിക്കാനാവില്ലായിരുന്നു അവര്‍ക്ക്.

അല്ലെങ്കില്‍ മൂന്നു വാക്കുകളുടെ ദുര്‍ഗ്ഗ പ്രതിസന്ധിയില്‍ നിന്നു കൊണ്ട് രണ്ട് പ്രണയികള്‍ ഈ ലോകത്ത് ഇനി എന്തു  സംസാരിക്കാനാണ്? ആത്മാവില്‍ മൂളിക്കൊണ്ടും  കണ്ണുകളിലേക്ക് നോക്കി നിന്ന് അതിനിശബ്ദമായി ന്യായീകരിച്ചു കൊണ്ടും അവര്‍ പരസ്പരം വിനിമയമാകുമ്പോഴേക്കും വീണ്ടും കര്‍ഫ്യൂ തുടങ്ങിക്കൊണ്ടുള്ള  സൈറന്‍ നഗരത്തില്‍ മുഴങ്ങിത്തുടങ്ങും. അങ്ങനെ അവരുടെ പ്രണയം എല്ലാ കണ്ടുമുട്ടലുകളിലും അപൂര്‍ണ്ണതയില്‍ അവസാനിച്ചു.

ആ കൊല്ലും നിശബ്ദതയെ നേരിടാന്‍, തന്റെ പ്രണയത്തെ വിജിഗീഷുവാക്കാന്‍ ഒടുവില്‍ ബാരിഷ് ആ കടുത്ത തീരുമാനമെടുത്തു. രാജ്യ ദ്രോഹം തന്നെയായിരുന്നു അത്.

തന്റെ പ്രണയത്തിനു സംസാരിക്കാന്‍ മാത്രമായി, മൂന്നിന്റെ, അഥവാ മൂന്ന് അക്ഷരങ്ങളുടേയും വാക്കുകളുടേയും ചിഹ്നങ്ങളുടേയും ഒരു നിഘണ്ടു രഹസ്യമായി നിര്‍മ്മിക്കുക!
(തുടരും)


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

മൂന്ന് (നോവല്‍), മൂന്നാം ഭാഗം

മൂന്ന് (നോവല്‍),നാലാം ഭാഗം

മൂന്ന് (നോവല്‍), അഞ്ചാം ഭാഗം

മൂന്ന് (നോവല്‍), ആറാം ഭാഗം


We use cookies to give you the best possible experience. Learn more