വി.എച്ച് നിഷാദിന്റെ നോവല്‍, ഒന്‍പതാം ഭാഗം
നോവല്‍/വി എച്ച് നിഷാദ്
വര/ മജ്‌നി തിരുവങ്ങൂര്‍
തന്റെ കവിതകളിലാണ് ബാരിഷിനോടുള്ള പ്രണയമെല്ലാം മുഴക്കങ്ങളോടെ സമീറ ഒളിച്ചു വെച്ചിരുന്നത്.[]
കവിതകളും ചില വാഗ്‌സൂചനകളുമൊഴിച്ചാല്‍ തികച്ചും അദൃശ്യമായിരുന്നു ആ ഇരുപത്തൊന്നുകാരനോട് ഈ ഇരുപതുകാരിക്കുള്ള അടുപ്പം. ഒരു കൂട്ടുകാരിയേക്കാള്‍ ഒട്ടും കവിയാതേയും ഒരു പ്രണയനിനിയേക്കാള്‍ ഒട്ടും കുറയാതേയും അവള്‍ ബാരിഷിനെ, വിഭിന്നമായി-എന്നാല്‍-ചിലപ്പോഴെല്ലാം, അതി ക്രൂരമായി തന്നെ സ്‌നേഹിച്ചു.
എന്നാല്‍ മറുപക്ഷക്കാരനായിരുന്നു ബാരിഷ്. അവന്‍ എന്നും തന്റെ പ്രണയത്തെ തുറന്ന പുസ്തകത്തിന് സമാനമാക്കി. ആത്മാവിന്റെ വിചാരങ്ങളെ വാക്കുകള്‍ കൊണ്ടും നോക്കുകള്‍ കൊണ്ടും ചില സൂചകങ്ങള്‍ കൊണ്ടും ചില സ്പര്‍ശങ്ങള്‍ കൊണ്ടുമെല്ലാം ധ്വനി സമ്പന്നമാക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അവളോട് സംസാരിക്കുമ്പോഴെല്ലാം അതുകൊണ്ട് തന്നെ മധുരത്തില്‍ കുഴഞ്ഞ ഒരു ഹൃദയസമാനമായി അവന്റെ നാവ്്. പ്രണയം കൊണ്ട് തൊങ്ങല്‍ വെച്ചു തുന്നിയ ഒരു പാവം ഹൃദയമായിരുന്നു അവന്റേത്.
“നിബന്ധനകള്‍ വേണ്ട നമ്മുടെ പ്രണയത്തിന്.” അവന്‍ എപ്പോഴും പറയുമായിരുന്നു. “മുറികളിലും വൃക്ഷത്തലപ്പുകളിലും കാറ്റുമാതിരി കയറിയിറങ്ങിയും ജല ധൂളികള്‍ മാതിരി ഭൂിയിലെ ഏത് കാത്തിരിപ്പിനേയും തൊട്ട് നനച്ചും അതങ്ങനെ എമ്പാടും നിറയട്ടെ.”
ബാരിഷിന്റെ പ്രണയ ലോകത്ത് വാതിലുകളില്ലാത്ത ഒരു വീടാണ് ഉണ്ടായിരുന്നത്.
“അല്ലെങ്കിലും എന്തിനാണ് ഒരു വീടിന് ജനലുകളും വാതിലുകളും? -അവന്‍ ചോദിക്കുമായിരുന്നു.
“തുറന്നിട്ട ജാലകപ്പഴുതുകളും വാതില്‍ക്കണ്ണുകളുമായി നമ്മുടെ വീട്ടില്‍ ഞാന്‍ നിന്നെ കാത്തിരിക്കും”
അത്തരം മുഹൂര്‍ത്തങ്ങളില്‍ വളരെ റൊമാന്റിക്കായി സമീറ പറയും.
“നമ്മുടെ വിചിത്ര ഭവനത്തിലേക്ക് ഗ്രാമത്തിലെ ഏവരും കൗതുകത്തോടെ നോക്കും. ഒരു അപരിചിതനും അതീവ ശ്രദ്ധയോടെയല്ലാതെ സാങ്കല്‍പികമായെങ്കിലും ആ ഇല്ലാ വാതിലില്‍ ഒരു മുരടനക്കം കൊണ്ട് ഒന്നു മുട്ടാതെ കയറി വരില്ല നമ്മുടെ വീട്ടിലേക്ക്. ഒരു ചുമ കൊണ്ടു പോലും നമ്മുടെ ഭവനത്തിന് താളഭംഗം വരുത്താതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും”
ബാരിഷ് വാചാലനൊവും.
“അതിന്റെ മുറ്റത്ത് നമുക്ക് ഭൂമിയിലെ എല്ലാ പൂക്കളും കൊണ്ട് നിറയ്ക്കണം സമീറാ… മുല്ല, തെച്ചി, റോസ്്, താമര, ചെമ്പരത്തി, നാലു മണിപ്പൂവ്, ശംഖു പുഷ്പം, പവിഴമല്ലി, നിശാഗന്ധി, കാക്കപ്പൂ,കോളാമ്പി, പിച്ചകം, എരിക്ക്, മൊസാണ്ട, തെച്ചി …എന്നിങ്ങനെ പല തരം ഇനങ്ങള്‍..നിറങ്ങള്‍..മണങ്ങള്‍..”
ഓര്‍മകള്‍…ഓര്‍മകള്‍..
മൂന്നു സൃഷ്ടിച്ച നിസ്സഹായതയില്‍ പഴയ ഓര്‍മകള്‍ പൊള്ളിക്കുന്ന ചില സ്പര്‍ശങ്ങള്‍ പോലെ ബാരിഷിനെ പിന്നിലേക്കു വലിച്ചു.
സഹികെട്ടപ്പോള്‍ അവന്‍ മേശ വലിപ്പു തുറന്ന് സമീറയുടെ ഓര്‍മ നല്‍കാനുതകുന്ന എന്തെങ്കിലും ഒരു വസ്തുവിനായി പരതി. പഴയ ഏതെങ്കിലും സമ്മാനത്തിന്റെ ബാക്കിയുണ്ടാകുമെന്ന് തേടി നടന്നു.
അങ്ങനെയാണ് അവള്‍ പണ്ടെപ്പോഴോ എഴുതിയ ആ കവിതാ കടലാസ് വീണ്ടും അവന്റെ കയ്യില്‍ അകപ്പെട്ടത്.
കവിത: അടപ്പ്
അടച്ചു വെക്കാനാവില്ല
രണ്ടു
ശബ്ദങ്ങളെ,
ഒരേ ഒരു വായയില്‍
ഒരേ സമയം.
തുറന്നു വിടാനാവില്ല
രണ്ടു
കിളികളെ,
ഒരേ ഒരു ആകാശത്ത്
ഒരേ നേരം.
തുടരാനാകില്ല
രണ്ടു
വിങ്ങലുകളെ,
ഒരേ ഒരു ഹൃദയത്തില്‍
ഒരു ദിനം പോലും..
സമീറയുടെ വാക്കുകള്‍ സ്്കൂള്‍ കുട്ടികളെപ്പോലെ ചുറ്റും വന്ന് തൊട്ടുനിന്നപ്പോള്‍ ബാരിഷിന്റെ ഹൃദയം കൂടുതല്‍ പ്രണയാര്‍ദ്രമായി. കുപ്പിക്കണക്കിന് സെന്റ് പൂശിയ മാതിരി അതിന്റെ തുടികൂടിയ വശങ്ങള്‍ ഏങ്കോണിച്ചു വന്നു.
കാത്തിരിക്കും..താന്‍ കാത്തിരിക്കും..ഈ നശിച്ച കാലം എരിഞ്ഞുതീരുന്നതു വരെ താന്‍ സമീറക്കായി കാത്തിരിക്കും..
ബാരിഷ് അസ്വസ്ഥതയോട പിറുപിറുത്തു.
അവന്‍ കക്കൂസില്‍ കടന്ന് അതിന്റെ വെന്റിലേറ്ററിനു സമീപത്തുനിന്ന് ശ്രദ്ധാപൂര്‍വം ഒരു കൊച്ചുപുസ്തകം താഴെയിറക്കി.
പിന്നീട് ഒരു വിശുദ്ധ ഗ്രന്ഥത്തേക്കാള്‍ ഭവ്യത നല്‍കിയും ഒരു ജപമാലയേക്കാള്‍ പവിത്രത കല്‍പിച്ചും അവന്‍ ആ പുസ്തകത്തില്‍ തൊട്ടു. പതിയെ അതിന്റെ താളുകള്‍ മറിച്ചു വിട്ടു.
ബാരിഷിന്റെ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ അതില്‍ എഴുതിയിരുന്നു.
(സമീറയുടേയും ബാരിഷിന്റേയും പ്രണയത്തിന്റെ സ്വകാര്യ വിനിമയത്തിനായി പ്രത്യേകം തയ്യാറാക്കിയ ശബ്ദകോശം)
ഒരു വെള്ള നോട്ട് പുസ്തകത്തിനകത്ത്, പുറങ്ങളില്‍ ഞാറുനട്ടത് പോലുളള അവന്റെ കറുത്ത അക്ഷരങ്ങള്‍ പുതിയ ഒരു ഭാഷയ്ക്കുള്ള വിത്തുകളായി ഒരു നവജീവന്‍ പോലെ ഒരുങ്ങി നിന്നു. പ്രണയമായിരുന്നു ആ നിഘണ്ടുവിലെ വാക്കുകള്‍ക്ക് വളം. പ്രണയം തന്നെയായിരുന്നു അവയെല്ലാം കൂട്ടിനോക്കിയാല്‍ ആകെ കിട്ടുന്ന ഉത്തരവും.
നാമങ്ങളെ സൂചിപ്പിക്കാനുളള അക്കങ്ങളുടേയും ഇംഗ്ലീഷ് അക്ഷരങ്ങളുടേയും സൂചനകളാണ് ആ നിഘണ്ടുവിന്റെ തുടക്കത്തില്‍കൊടുത്തിരുന്നത്. തികച്ചും ഒരു പ്രതിഭാഷാ പ്രയോഗമായിരുന്നു ആ പുസ്തകം നിര്‍വഹിച്ചിരുന്നത്്. എന്നാല്‍ അങ്ങേയറ്റം വിനിമയ സാധ്യതകള്‍ നിറഞ്ഞതും:
ഉദാഹരണത്തിന്
S= സമീറ
B = ബാരിഷ് എന്ന ഞാന്‍
2= അമ്മാ ജാന്‍
22 = അബ്ബാ ജാന്‍
33 = രഹസ്യപ്പോലീസ്
333= ലിറ്റില്‍ ആര്‍മി
RS = റേഡിയോ സ്‌റ്റേഷന്‍
N3 = പത്രം
3A = നഗര ചത്വരം
2a = മ്യൂസിയം
33A= മാര്‍ക്കറ്റ്
33A /2 = മാര്‍ക്കറ്റിന്റെ പിന്‍വശം
2// = സകൂള്‍ മൈതാനം
000 = കര്‍ഫ്യൂ
111 =അറസ്റ്റ്
444 =തടവ്
…എന്നിങ്ങനെ അതില്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടു.
അതേ സമയം കുറച്ചു കൂടി വാചാലമാകേണ്ട സന്ദര്‍ഭങ്ങള്‍ക്കായി ശബളമായ മറ്റൊരു പദാവലി തന്നെ ബാരിഷ് ആ പുസ്തകത്തില്‍ സൃഷ്ടിച്ചു വെച്ചിരുന്നു:
AAA
ഞാന്‍ നിന്നെ അതി കഠിനമായി പ്രേമിക്കുന്നു.
3++
എന്റെ ഹൃദയമേ, കരളേ..
13
എന്റെ പ്രണയ നക്ഷത്രമേ..
23
ഞാനിതാ വിങ്ങുകയാണ്
32
ഹൃദയം പൊട്ടിത്തകരുകയാണ്
003
നീ തീര്‍ത്ത ശൂന്യതയാല്‍..
…എന്നിങ്ങനെ അതില്‍ പുതിയ അര്‍ത്ഥങ്ങള്‍ മുളച്ചു നിന്നു.
ദിനന്തോറും ആ വിവരണ കല ബാരിഷിന്റെ അധ്വാനത്താല്‍ സമൃദ്ധമായി.
അതേ സമയം പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്കു മാത്രമായി ഒരു പേജ് തന്നെ താന്‍ നിര്‍മ്മിച്ച നിഘണ്ടുവില്‍ ബാരിഷ് മാറ്റി വെച്ചു:
y =എവിടെയാണ്
y1=എങ്ങനെയാണ്
y2=ആരൊക്കെയാണ്
yt= ഏതു നേരത്താണ്
hy= എത്ര നേരമാണ് , എത്ര നേരമായി
ww=എത്ര കാത്തിരിക്കണം
wk=എത്ര കാലം
w?= എത്ര പേര്‍
ഇങ്ങനെ അവനു സമീറയോട് സംസാരിക്കാനുണ്ടായിരുന്ന മുഴുവന്‍ കാര്യങ്ങളും ആ നിഘണ്ടുവിന്റെ ഭാഷതന്നെയായി മാറിയിരുന്നു.
അക്കങ്ങളും അക്ഷരങ്ങളുമായി അവിടെ അവന്റെ ശബ്ദം.
അതു തന്നെയായി അവന്റെ കരച്ചിലും പ്രണയവും കാമനയും എല്ലാം.
മൂന്നിന്റെ നിഘണ്ടുവില്‍ ബാരിഷ് തനിക്കും സമീറയ്ക്കുമായി പുത്തന്‍ വിനിമയങ്ങളുടെ ഒരു ഒളിത്താവളം തന്നെ സൃഷ്ടിച്ചു. മുറിക്കും തോറും അക്ഷരങ്ങള്‍ അവന്റെ നിഘണ്ടുവില്‍ അമീബകളെപ്പോലെ പെരുകി.
എല്ലാ ദിവസവും കൂടുതല്‍ സമയം ബാരിഷ് കക്കൂസില്‍ ചിലവഴിച്ചു.
അപ്പോഴെല്ലാം, അതി രഹസ്യമായി തന്റെ നിഘണ്ടുവിനെ അവന്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളാല്‍ പുഷ്ടിപ്പെടുത്തി.
വാക്കുകള്‍ക്ക് വേഷമാറ്റത്തിനായി പുതിയ ചിറകും കുപ്പായവും നല്‍കി.
കക്കൂസില്‍ ഒളിച്ചു കഴിയുന്ന എന്റെ പ്രണയമേ, എന്നു ചിലപ്പോഴെല്ലാം സ്വകാര്യമായി അവന്‍ സങ്കടപ്പെട്ടു.
വീണ്ടും ഒരു കാര്യം ഇവിടെ പറയാന്‍ വിട്ടു. മൂന്നിന്റെ ധിക്കാരങ്ങളിലൊന്ന് അടിക്കടി നവീകരിക്കുന്ന പട്ടാളത്തിന്റെ കര്‍ഫ്യൂ നിയമങ്ങളായിരുന്നു. യുവാക്കളേയും വളര്‍ന്നു വരുന്ന കൗമാരക്കാരേയുമാണ് ഭരണകൂടം അക്കാലങ്ങളില്‍ വല്ലാതെ ഭയപ്പെട്ടിരുന്നത്. അവരുടെ ഹസ്തങ്ങളില്‍ അദൃശ്യമായ വിലങ്ങുകള്‍ വെക്കാനും നാവുകളെ തളര്‍ത്തിയിടാനും തയ്യാര്‍ ചെയ്ത ചില ഗൂഢതന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇത്തരം കര്‍ഫ്യൂകളും. മൂന്ന് നിലവിലുള്ള മൂന്ന് മാസവും സ്്കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കില്ലെന്ന്് ആദ്യമേ തന്നെ ഒരു പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ തങ്ങളുടെ ജനതയെ അറിയിച്ചിരുന്നു. സ്‌കൂള്‍ കര്‍ഫ്യൂവിന്റേയും കോളേജ് കര്‍ഫ്യൂവിന്റേയും ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവ തുറന്ന് പ്രവര്‍ത്തിക്കില്ല എന്നും.
ലിറ്റററി കര്‍ഫ്യൂ പ്രകാരം മൂന്ന് പിന്‍വലിക്കുന്നത് വരെ എഴുത്തുകാരും സാഹിത്യകാരന്മാരും സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നു. സാഹിത്യം-അതും വിഷം വളര്‍ന്ന് വന്നേക്കാവുന്ന ഒരു കൃഷിഭൂമിയാണെന്ന് സര്‍ക്കാര്‍ വിശ്വസിച്ചു. കഥകളിലും കവിതകളിലും നോവലുകളിലും ലേഖനങ്ങളിലുമെല്ലാം തിരിമൂടി വെച്ചൊരു ഏറ് പടക്കമുണ്ടാകാമെന്നും എപ്പോള്‍ വേണമെങ്കിലും അതു പൊട്ടിയേക്കാമെന്നും സര്‍ക്കാര്‍ ഭയപ്പെട്ടു. അതിനാല്‍ മൂന്നു കഴിയുന്നവരെ രാജ്യത്തിന് സാഹിത്യ രചനകള്‍ വേണ്ട.
എന്നാല്‍ യുവാക്കളെ ഏറ്റവും നിരാശപ്പെടുത്തിയ ഒരു നിയമം പ്രേമത്തില്‍ നടപ്പിലാക്കിയ റൊമാന്റിക് കര്‍ഫ്യൂവായിരുന്നു. അതു പ്രകാരം കാമൂകീ-കാമുകന്മാര്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ, എന്തിന് പ്രണയപരവശരായി ഒന്നു നോക്കുക പോലുമോ ചെയ്യാന്‍ പാടില്ലായിരുന്നു.
ഈ ചത്തകാലത്തെ അതിജീവിക്കാനാണ് ബാരിഷ് തന്റെ നിഘണ്ടു നിര്‍മ്മാണം തുടങ്ങിയത്.
(തുടരും)